കാണാതായ യുവാവിന്റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയ സംഭവം; അന്വേഷണം തൃപ്തികരമല്ലെന്ന് ബന്ധുക്കള്‍
കൂറ്റനാട്: കാണാതായ യുവാവിന്റെ മൃതദേഹം കിണറ്റില്‍നിന്ന് കണ്ടെത്തിയ സംഭവത്തില്‍ ഒരു വര്‍ഷമായിട്ടും പൊലിസ് അന്വേഷണം തൃപ്തികരമെല്ലന്ന് യുവാവിന്റെ ബന്ധുക്കള്‍. കുമരനെല്ലൂര്‍ കോലത്തുപറമ്പില്‍ ശ്രീനിവാസന്റെ മകന്‍ ശ്രീനാഥി (24)ന്റെ മൃതദേഹമാണ് കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 22ന് പെരുമ്പിലാവിലെ കിണറ്റില്‍നിന്ന് കണ്ടെത്തിയത്. ഏപ്രില്‍ 18ന് ഉറ്റ സുഹൃത്തും അയല്‍വാസിയുമായ കോലത്തുപറമ്പില്‍ വിഷ്ണുവിന്റെകൂടെ വീട്ടില്‍നിന്ന് പുറത്ത് പോയ ശ്രീനാഥ് അന്ന് രാത്രി വീട്ടില്‍ തിരിച്ചെത്തിയില്ല.
സുഹൃത്തായ വിഷ്ണു വീട്ടില്‍ തിരിച്ചെത്തുകയും ചെയ്തു. ശ്രീനാഥിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ കഴിഞ്ഞ ദിവസങ്ങളിലെ സംഭവങ്ങള്‍ ഒന്നും ഓര്‍ക്കാന്‍ കഴിയുന്നില്ല എന്ന മറുപടിയാണ് ലഭിച്ചത്. തുടര്‍ന്ന് പല സ്ഥലങ്ങളിലായ് ബന്ധുക്കള്‍ അന്വേഷണം നടത്തിയെങ്കിലും ശ്രീനാഥിനെ കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. തുടര്‍ന്ന് ബന്ധുക്കള്‍ പൊലിസില്‍ പരാതിയും നല്‍കി.
പൊലിസ് അന്വേഷണം നടക്കുന്നതിന്ന് ഇടയിലാണ് തൃശ്ശൂര്‍-കുറ്റിപ്പുറം സംസ്ഥാന പാതയിലെ പെരുമ്പിലാവിലെ ഒരു കിണറ്റില്‍നിന്ന് ശ്രീനാഥിന്റെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് 22ന് ശ്രീനാഥിന്റെ പിതാവ് ശ്രീനിവാസന്‍ കുന്നംകുളം പൊലിസില്‍ പരാതിയും നല്‍കിയിരുന്നു. എന്നാല്‍ മകന്റെ മരണത്തില്‍ പൊലിസ് വേണ്ടത്ര അന്വേഷണം നടത്തുന്നില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. ഏപ്രില്‍ പതിനെട്ടിന് രാത്രി പെരുമ്പിലാവിലെ ബാറില്‍, മരണപ്പെട്ട ശ്രീനാഥും സുഹൃത്തും എത്തിയിരുന്നതായ് ബഡുക്കള്‍ നടത്തിയ അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞതായി പറയപ്പെടുന്നു. തുടര്‍ന്ന് ബാറില്‍ മറ്റു ചിലരുമായി ഇവര്‍ വാക്ക് തര്‍ക്കം നടന്നതായും പറയുന്നു. ശ്രീനാഥിന് നീന്തല്‍ അറിയാമെന്നും മൃതദേഹം കണ്ടെത്തിയ കിണറിന് ആഴം കുറവായിരുന്നെന്നും ബന്ധുക്കള്‍ പറയുന്നു. മൃതദേഹം കണ്ടെത്തിയ കിണര്‍ വറ്റിക്കുന്നതും പരിശോധന നടത്തിയതും പൊലിസ് ബന്ധുക്കളെ അറിയിച്ചില്ലെന്നും പരാതിയുണ്ട്. ശ്രീനാഥ് ധരിച്ചിരുന്ന സ്വര്‍ണ മോതിരം, കടുക്കല്‍, വാച്ച് എന്നിവ നഷ്ടപ്പെട്ടതിലും അസ്വാഭാവികതയുണ്ടെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."