മതേതരത്വം സംരക്ഷിക്കപ്പെടാന്‍ ഇടതു പ്രാതിനിധ്യം വര്‍ധിക്കണം: പ്രകാശ് കാരാട്ട്
കോട്ടയം: രാജ്യത്ത് ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കപ്പെടാന്‍ പാര്‍ലമെന്റില്‍ ഇടതുപ്രാതിനിധ്യം വര്‍ധിക്കണമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. ബി.ജെ.പിയെ അധികാരത്തില്‍ നിന്നും മാറ്റി നിര്‍ത്താന്‍ കോണ്‍ഗ്രസിന് ശക്തിയില്ലെന്നും ഇതിനായി ഇടതുപക്ഷ പ്രാതിനിധ്യം പാര്‍ലമെന്റില്‍ ശക്തമാകണമെന്നും കാരാട്ട് പറഞ്ഞു. കോട്ടയത്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി.എന്‍ വാസവന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം കോട്ടയം തിരുനക്കര പഴയ പൊലിസ് സ്‌റ്റേഷന്‍ മൈതാനത്ത് നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പിയുടെ വര്‍ഗീയതയ്ക്ക് ചൂട്ടുപിടിച്ച കോണ്‍ഗ്രസ് സ്വയം ദുര്‍ബലപ്പെട്ടുവെന്നും കാരാട്ട് പറഞ്ഞു. കോണ്‍ഗ്രസിന്റെ പല പ്രമുഖ നേതാക്കളും ഇന്ന് ബി.ജെ.പിയുടെ സ്ഥാനാര്‍ഥികളാണ്. ഇതോടെ കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലുള്ള അകലം കുറഞ്ഞതായും കാരാട്ട് ആരോപിച്ചു.
കേരളത്തിലെ ഇടതു സര്‍ക്കാര്‍ വിവിധ മേഖലകളില്‍ നടപ്പാക്കിയ മികച്ച പ്രവര്‍ത്തനം ദേശീയ തലത്തില്‍ ഇടതുപക്ഷ ബദലിന്റെ മാതൃകയായി ഉയര്‍ത്തിക്കാട്ടാവുന്നതെന്നും കാരാട്ട് കോട്ടയത്ത് പറഞ്ഞു. അഡ്വ. പി.കെ ചിത്രഭാനു അധ്യക്ഷയായി. വൈക്കം വിശ്വന്‍, സി.കെ ശശിധരന്‍, മാണി സി. കാപ്പന്‍, സുരേഷ് കുറുപ്പ് എം.എല്‍.എ, എ .വി റസ്സല്‍, പി.കെ ആനന്ദക്കുട്ടന്‍, വി.ബി ബിനു, എം.കെ പ്രഭാകരന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."