കേരളത്തില്‍നിന്ന് 1632 പേര്‍ക്ക് അവസരം
കൊണ്ടോട്ടി: ഇന്ത്യക്ക് പുതുതായി സഊദി ഹജ്ജ് മന്ത്രാലയം അനുവദിച്ച ഹജ്ജ് ക്വാട്ട സംസ്ഥാനങ്ങള്‍ക്ക് വീതം വച്ചപ്പോള്‍ കേരളത്തിന് 1632 സീറ്റുകള്‍. ഈ വര്‍ഷം 14,975 ഹജ്ജ് സീറ്റുകളാണ് ഇന്ത്യക്ക് സഊദി ഹജ്ജ് മന്ത്രാലയം അധികം നല്‍കിയത്. ഇവ 14 സംസ്ഥാനങ്ങള്‍ക്കാണ് മുസ്‌ലിം ജനസംഖ്യാനുപാതത്തില്‍ കേന്ദ്ര ഹജ്ജ് കമ്മറ്റി വീതിച്ചു നല്‍കിയത്. ഇതിലാണ് കേരളത്തില്‍ നിന്ന് 1632 പേര്‍ക്ക് അവസരം ലഭിച്ചത്. ഹജ്ജ് വെയ്റ്റിങ് ലിസ്റ്റില്‍ ഉള്‍പ്പെട്ട 765 മുതല്‍ 2402 വരെയുള്ളവര്‍ക്ക് ഇതോടെ ഹജ്ജിന് അവസരം ലഭിക്കും.
പുതുതായി അവസരം ലഭിച്ചവര്‍ ഹജ്ജിന്റെ ഒന്നും, രണ്ടും ഗഡുക്കളായ 2,01,000 രൂപ നിശ്ചിത ബാങ്കില്‍ പണമടച്ച് പേ ഇന്‍ സ്ലിപ്പും പാസ്‌പോര്‍ട്ടും മെഡിക്കല്‍ രേഖകളും അടക്കം ഹജ്ജ് കമ്മറ്റി ഓഫിസില്‍ മെയ് 2നകം ഹാജരാക്കണം.
ഹജ്ജ് അധിക ക്വാട്ടയില്‍ കൂടുതല്‍ സീറ്റുകള്‍ ലഭിച്ച സംസ്ഥാനങ്ങളില്‍ കേരളം മൂന്നാം സ്ഥാനത്താണ്. 2387 സീറ്റുമായി മഹാരാഷ്ട്രയാണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്തുള്ള ഉത്തര്‍ പ്രദേശിന് 2154 സീറ്റുകളാണ് ലഭിച്ചത്.
നാലാം സ്ഥാനത്തുള്ള ജമ്മുകശ്മിരിന് 1576 സീറ്റുകള്‍ ലഭിച്ചു. കര്‍ണാടക (1452), രാജസ്ഥാന്‍ (1143), ഗുജറാത്ത് (1075) സീറ്റുകളും ലഭിച്ചിട്ടുണ്ട്. മധ്യപ്രദേശ് (878), തെലങ്കാന (821), തമിഴ്‌നാട്(778), ഡല്‍ഹി (397), ഹരിയാന (328), ഉത്തരാഖണ്ഡ് (259), ഛത്തിസ്ഗഡ് (95)എന്നിങ്ങനെയാണ് മറ്റുള്ളവര്‍ക്ക് ലഭിച്ച സീറ്റുകള്‍.
യാത്ര റദ്ദാക്കിയവരുടെ ഒഴിവില്‍ 117 പേര്‍ക്കും അവസരം
കൊണ്ടോട്ടി: ഈ വര്‍ഷം യാത്ര റദ്ദാക്കിയവരുടെ ഒഴിവില്‍ കേരളത്തില്‍നിന്ന് 117 പേര്‍ക്ക് ഹജ്ജിന് അവസരം. വെയ്റ്റിങ് ലിസ്റ്റില്‍ 648 മുതല്‍ 764 വരെയുള്ളവര്‍ക്കാണ് ഇതുവഴി അവസരം ലഭിക്കുക. ഇവര്‍ ഹജ്ജിന്റെ ഒന്നും രണ്ടും ഗഡുക്കളായ 2,01,000 രൂപ നിശ്ചിത ബാങ്കില്‍ പണമടച്ച് പേ ഇന്‍ സ്ലിപ്പും പാസ്‌പോര്‍ട്ടും മെഡിക്കല്‍ രേഖകളും അടക്കം ഹജ്ജ് കമ്മിറ്റിയില്‍ മെയ് 2നകം ഹാജരാക്കണം.
ക്വാട്ട വീതം വച്ചതിന് ശേഷം ഇത് രണ്ടാംതവണയാണ് യാത്ര റദ്ദാക്കിയവരുടെ ഒഴിവുകള്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി നികത്തുന്നത്. ഒന്നാം ഘട്ടത്തില്‍ ഇന്ത്യയില്‍ 5006 പേര്‍ യാത്ര റദ്ദാക്കിയിരുന്നു. രണ്ടാം ഘട്ടത്തില്‍ രാജ്യത്ത് 14 സംസ്ഥാനങ്ങളില്‍ 1194 പേരാണ് യാത്ര റദ്ദാക്കിയത്. ഈ സീറ്റുകള്‍ അതത് സംസ്ഥാനങ്ങള്‍ക്ക് തന്നെ നല്‍കുകയായിരുന്നു.
ഉത്തര്‍ പ്രദേശില്‍ 379 പേരാണ് യാത്ര റദ്ദാക്കിയത്. കശ്മിരില്‍ 148 പേരും മഹാരാഷ്ട്രയില്‍ 126 പേരും യാത്ര റദ്ദാക്കിയിട്ടുണ്ട്. കേരളത്തില്‍ നിന്ന് യാത്ര റദ്ദാക്കിയവരുടെ 117 സീറ്റുകളാണ് സംസ്ഥാനത്ത് തന്നെ വീതം വച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."