റഷ്യ ഉല്‍പാദനം തുടങ്ങി
രണ്ടു വര്‍ഷത്തേക്ക് വൈറസിനെ ചെറുക്കാനുള്ള ശേഷി ലഭിക്കും
മോസ്‌കോ: പടിഞ്ഞാറന്‍ രാജ്യങ്ങളെ ഞെട്ടിച്ച് ലോകത്തെ ആദ്യ കൊവിഡ് വാക്‌സിന്‍ സ്പുട്‌നിക്-വി പുറത്തിറക്കിയ റഷ്യ വാക്‌സിന്റെ വന്‍തോതിലുള്ള ഉല്‍പാദനം തുടങ്ങി. ആദ്യ ശ്രേണിയിലെ വാക്‌സിന്‍ രണ്ടാഴ്ചയ്ക്കകം പുറത്തിറക്കുമെന്ന് റഷ്യന്‍ ആരോഗ്യമന്ത്രി മിഖായേല്‍ മിറാഷ്‌കോ പറഞ്ഞു.
അതിനിടെ വാക്‌സിന്റെ ഗുണമേന്മ സംബന്ധിച്ച് റഷ്യന്‍ ആരോഗ്യമന്ത്രാലയവുമായി സംസാരിച്ചുവരുകയാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.രണ്ടാഴ്ചയ്ക്കകം വാക്‌സിന്‍ രാജ്യത്തെ ആശുപത്രികളില്‍ ഗുരുതരാവസ്ഥയിലുള്ളവരെ ചികില്‍സിക്കുന്നതിനായി വിതരണം ചെയ്യുമെന്ന് സ്പുട്‌നിക് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
റഷ്യന്‍ മരുന്നു കമ്പനി എ.എഫ്.കെ സിസ്റ്റെമാസ് ബിനോഫാമിലാണ് വാക്‌സിന്റെ വന്‍തോതിലുള്ള നിര്‍മാണം തുടങ്ങിയത്. 12 മാസംകൊണ്ട് 50 കോടി ഡോസാണ് ഇവിടെ ഉല്‍പാദിപ്പിക്കുക.
അതേസമയം ഡിസംബര്‍-ജനുവരിയോടെ ഒരു മാസം 50 ലക്ഷം ഡോസ് നിര്‍മിക്കാനാണ് പദ്ധതിയെന്ന് ഗമാലേയ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയരക്ടര്‍ അലക്‌സാണ്ടര്‍ ഗിന്റ്‌സ്ബര്‍ഗ് പറഞ്ഞു.
ബിനോഫാമുള്‍പ്പെടെ മൂന്ന് റഷ്യന്‍ കമ്പനികളുടെ സഹായത്തോടെയാണ് വാക്‌സിന്‍ നിര്‍മിക്കുന്നത്.
റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ സഹായത്തോടെയാണ് ഗമാലേയ ഇന്‍സ്റ്റിറ്റ്യൂട്ട് വാക്‌സിന്‍ വികസിപ്പിച്ചെടുത്തത്. രണ്ടു ഡോസാണ് ഒരു രോഗിക്ക് നല്‍കുക. രണ്ടു വര്‍ഷത്തേക്ക് വൈറസിനെ ചെറുക്കാനുള്ള ശേഷി ഇത് നല്‍കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. നിലവില്‍ രാജ്യത്തെ ആവശ്യത്തിനുള്ള വാക്‌സിനാണ് നിര്‍മിക്കുന്നത്.
മരുന്ന് കയറ്റുമതി ചെയ്യുന്നതിനെ കുറിച്ച് ആരോഗ്യമന്ത്രി വ്യക്തമാക്കിയില്ലെങ്കിലും നിലവില്‍ 100 കോടി ഡോസിന് മറ്റു രാജ്യങ്ങളില്‍ നിന്ന് അപേക്ഷ ലഭിച്ചതായി അദ്ദേഹം വെളിപ്പെടുത്തി.
റഷ്യന്‍ വാക്‌സിന്‍ രാജ്യത്ത്
പരീക്ഷിക്കുമെന്ന് ഇസ്‌റാഈല്‍
ജറൂസലം: റഷ്യന്‍ വാക്‌സിന്‍ രാജ്യത്ത് രോഗികളില്‍ പരീക്ഷിക്കുമെന്നും വാക്‌സിന്‍ ലഭ്യമാക്കുന്നതിനായി ചര്‍ച്ചയാരംഭിച്ചതായും ഇസ്‌റാഈല്‍ ആരോഗ്യമന്ത്രി യൂലി എഡല്‍സ്‌റ്റൈന്‍.
രാജ്യത്ത് കൊവിഡ് വാക്‌സിന്‍ വികസിപ്പിച്ചുവരുന്നതിനിടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഒക്ടോബറോടെ ഇസ്‌റാഈലിന്റെ വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിച്ചു തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. അതോടൊപ്പം യു.എസ് കമ്പനിയായ മോഡേണയുമായും ഇസ്‌റാഈല്‍ വാക്‌സിന് കരാറിലൊപ്പിട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."