വെട്ടത്തൂര്‍ ആരോഗ്യ ഉപകേന്ദ്രത്തില്‍ ഹെല്‍ത്ത് നഴ്‌സ് ഇല്ലാതായിട്ട് നാലുമാസം
വെട്ടത്തൂര്‍: വെട്ടത്തൂര്‍ ആരോഗ്യ ഉപകേന്ദ്രത്തില്‍ ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്‌സിന്റെ (ജെ.പി.എച്ച്.എന്‍) സേവനം ഇല്ലാതായിട്ട് നാലുമാസമാകുന്നു. ഫീല്‍ഡ്തല ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലെന്ന് ആക്ഷേപമുയര്‍ന്നു.
രണ്ടുവര്‍ഷം മുമ്പാണ് വെട്ടത്തൂരില്‍ ഡിഫ്തീരിയയും ഡെങ്കിപ്പനിയും സ്ഥിരീകരിച്ചത്. ഇതില്‍ മൂന്നുപേര്‍ മരിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ ആരോഗ്യ പ്രവര്‍ത്തനങ്ങളില്‍ ഗൗരവമായ ഇടപെടല്‍ നടത്തേണ്ട മേഖലയായിട്ടും പരിധിയിലെ ആരോഗ്യ ഉപകേന്ദ്രത്തില്‍ മാസങ്ങളായിട്ടും ജെ.പി.എച്ച്.എന്‍ നിയമിക്കാത്തത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
വര്‍ഷങ്ങളോളം വെട്ടത്തൂരില്‍ താമസിച്ച് ജോലി ചെയ്തിരുന്ന ജെ.പി.എച്ച്.എന്‍ മറ്റൊരു പഞ്ചായത്തിലേക്ക് മാറിയതോടെയാണ് ജെ.പി.എച്ച്.എന്‍ തസ്തികയില്‍ ഇടയ്ക്കിടെ ഒഴിവുവരുന്നത്. പിന്നീട് മാസങ്ങളോളം കഴിഞ്ഞ് പുതിയ ജെ.പി.എച്ച്.എന്‍ ചുമതലയേറ്റു.
ഏറെ താമസിയാതെ അവര്‍ മറ്റൊരു കേന്ദ്രത്തിലേക്ക് സ്ഥലം മാറി. പിന്നെയും മാസങ്ങള്‍ കഴിഞ്ഞിട്ടാണ് താല്‍ക്കാലിക അടിസ്ഥാനത്തിലുള്ള നിയമനം നടന്നത്. അവരുടെ സേവനം പൂര്‍ത്തിയായിട്ട് നാലുമാസം പിന്നിട്ടു. എന്നാല്‍ പകരം നിയമനം നടത്താന്‍ ഇതുവരേയും നടപടികളുണ്ടായിട്ടില്ല. ഇതോടെ കുടുംബാരോഗ്യ സര്‍വേ, കുട്ടികളുടെയും ഗര്‍ഭിണികളുടേയും സര്‍വേ, ജീവിത ശൈലി നിയന്ത്രണം തുടങ്ങിയ കാര്യങ്ങള്‍ നിലച്ച മട്ടാണ്. കുട്ടികള്‍ക്കുള്ള കുത്തിവെപ്പുകള്‍ പി.എച്ച്.സിയിലെ മറ്റു ആരോഗ്യപ്രവര്‍ത്തകരും ആശാപ്രതിനിധികളും ഏറെ പ്രയത്‌നിച്ച് നടപ്പാക്കുന്നുണ്ട്. എന്നാല്‍ ജെ.പി.എച്ച്.എന്‍ ഉണ്ടായിരുന്നപ്പോഴത്തെ അത്ര കാര്യക്ഷമമല്ലെന്ന ആക്ഷേപവുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."