ആംബുലന്‍സ് ലഭിച്ചില്ല; കൊവിഡ് ലക്ഷണങ്ങളുള്ളയാളെ ബൈക്കില്‍ ആശുപത്രിയിലെത്തിച്ച് ടി.എം.സി നേതാവ്
കൊല്‍ക്കത്ത: കൊവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചയാളെ ആശുപത്രിയിലെത്തിക്കാന്‍ ആരും തയാറാകാതായപ്പോള്‍ അയാളെ ബൈക്കില്‍ ആശുപത്രിയിലെത്തിച്ചു തൃണമുല്‍ കോണ്‍ഗ്രസ് ടി.എം.സി) പ്രാദേശിക നേതാവ്. സുക്ഷയ്ക്കായി പി.പി.ഇ കിറ്റ് ധരിച്ച് തൃണമുല്‍ കോണ്‍ഗ്രസ് യൂത്ത് വിങ് നേതാവ് സത്യകം പട്‌നായിക്ക് രോഗിയെ ബൈക്കിന് പിന്നിലിരുത്തി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
തൃണമുല്‍ കോണ്‍ഗ്രസ് യുവജനവിഭാഗത്തിന്റെ ഗോപീബല്ലവ്പുരിലെ പ്രസിഡന്റാണ് സത്യകം പട്‌നായ്ക്ക്.
അമല്‍ ബാരിക് എന്ന നാല്‍പത്തിമൂന്നുകാരനെയാണ് ആംബുലന്‍സോ മറ്റു വാഹനമോ ലഭിക്കാതായതോടെ ബൈക്കിലിരുത്തി ആശുപത്രിയിലെത്തിച്ചത്. ഇതരസംസ്ഥാന തൊഴിലാളിയായിരുന്ന അമല്‍ അടുത്തിടെയാണ് നാട്ടില്‍ മടങ്ങിയെത്തിയത്. അഞ്ചാറ് ദിവസമായി കടുത്ത പനി അനുഭവപ്പെട്ട അമലിനെ ആശുപത്രിയിലെത്തിക്കാന്‍ വീട്ടുകാര്‍ക്ക് ആംബുലന്‍സും മറ്റു വാഹനങ്ങളും ആവശ്യപ്പെട്ടെങ്കിലും ആരും സഹായിക്കാന്‍ തയാറായില്ല. പാര്‍ട്ടി പ്രവര്‍ത്തകരില്‍ വിവരമറിഞ്ഞ സത്യകം ഇയാളെ ആശുപത്രിയിലെത്തിക്കാന്‍ സന്നദ്ധനാവുകയായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകരോട് ബൈക്കും പി.പി.ഇ കിറ്റും ഏര്‍പ്പാടാക്കാന്‍ പറഞ്ഞു. തുടര്‍ന്ന് തിങ്കളാഴ്ച സിജുവ ഗ്രാമത്തിലെ അമലിന്റെ വീട്ടിലെത്തി. കുടുംബാംഗങ്ങളെ സമാധാനിപ്പിച്ച ശേഷം അമലിനെ ഗോപിബല്ലവപുരിലെ സൂപ്പര്‍സ്‌പെഷ്യാലിറ്റി ആശുപത്രിയിലെത്തിക്കുകയായിരുന്നു. വിദഗ്ധപരിശോധന നടത്തിയ ഡോക്ടര്‍മാര്‍ അമലിന് മരുന്നുകള്‍ നല്‍കിയ ശേഷം വീട്ടില്‍ തന്നെ കഴിയാന്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് സത്യകം അമലിനെ തിരികെ വീട്ടിലെത്തിച്ചു.
സത്യകം പി.പി.ഇ കിറ്റ് ധരിച്ച് അമലുമായി ബൈക്കില്‍ പോകുന്നതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."