സി.ബി.എസ്.ഇ: അഞ്ചാംക്ലാസ് വരെ ശനിയാഴ്ചകളില്‍ അധ്യയനം പാടില്ലെന്ന് ബാലാവകാശ കമ്മിഷന്
തിരുവനന്തപുരം: സംസ്ഥാനത്ത് സി.ബി.എസ്.ഇയുമായി അഫിലിയേറ്റ് ചെയ്തിട്ടുളള വിദ്യാലയങ്ങളില്‍ ഒന്നുമുതല്‍ അഞ്ചുവരെയുളള ക്ലാസുകളിലെ കുട്ടികള്‍ക്ക് ശനിയാഴ്ചകളില്‍ ക്ലാസ് നടത്തരുതെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന് നിര്‍ദേശിച്ചു.
ഇക്കാര്യം വ്യക്തമാക്കി തിരുവനന്തപുരത്തെ സി.ബി.എസ്.ഇ റീജ്യണല്‍ ഓഫിസര്‍ കര്‍ശനനിര്‍ദേശം പുറപ്പെടുവിക്കണമെന്നും കമ്മിഷന് അധ്യക്ഷ ശോഭാ കോശി, അംഗം ജെ. സന്ധ്യ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചു. പത്തനംതിട്ട ജില്ലയിലെ ഒരു സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ശനിയാഴ്ചകളിലും ക്ലാസ് നടത്തുന്നതായി ആരോപിച്ച് കമ്മിഷന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
വിദ്യാഭ്യാസ അവകാശ നിയമപ്രകാരം ഒന്നുമുതല്‍ അഞ്ചുവരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് 200 പ്രവൃത്തിദിവസവും ആറുമുതല്‍ എട്ടുവരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് 220 പ്രവൃത്തിദിവസവുമാണ് ഉണ്ടാകേണ്ടത്.
ഇതനുസരിച്ച് സംസ്ഥാനത്തെ കേന്ദ്രീയവിദ്യാലയങ്ങളും സര്‍ക്കാര്‍ സ്കൂളുകളും ഒന്നുമുതല്‍ അഞ്ചുവരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് ശനിയാഴ്ച ക്ലാസ് ഒഴിവാക്കി പ്രവൃത്തിസമയം പുനഃക്രമീകരിച്ചിട്ടുണ്ട്.
വിവിധ പ്രായത്തിലുള്ള കുട്ടികളുടെ ശാരീരികവും മാനസികവുമായ ആവശ്യകതകള്‍ കണക്കിലെടുത്താണ് വിദ്യാഭ്യാസ അവകാശ നിയമത്തില്‍ സ്കൂള്‍ പ്രവൃത്തിദിവസം നിശ്ചയിച്ചിട്ടുള്ളതെന്ന് കമ്മിഷന് വിലയിരുത്തി.
ഇത്തരം മാര്‍ഗനിര്‍ദേശങ്ങള്‍ സ്കൂളുകള്‍ക്ക് അവഗണിക്കാനാവില്ലെന്ന് കമ്മിഷന് നിരീക്ഷിച്ചു. ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടി ഓഗസ്റ്റ് 30നകം അറിയിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."