'ഇരുവഴിഞ്ഞി സംഗമം 2017'
ജുബൈല്‍: ഇരുവഴിഞ്ഞി പുഴയുടെ പരിസരങ്ങളിലെ പഞ്ചായത്തുകളിലെ സഊദി പ്രവാസികള്‍ക്കായി 'ഇരുവഴിഞ്ഞി സംഗമം 2017' സംഘടിപ്പിക്കുന്നു. സഊദി ഈസ്റ്റേണ്‍ പ്രൊവിന്‍സ് ചേന്ദമംഗല്ലൂര്‍ അസോസിയേഷന്‍ (സെപ്ക)യുടെ നേതൃത്വത്തില്‍ മെയ് അഞ്ചിന് വെള്ളിയാഴ്ച്ച വൈകിട്ട് മൂന്നു മുതല്‍ 'ഇരുവഴിഞ്ഞിക്കരയില്‍ ഇത്തിരി നേരം' എന്ന സന്ദേശത്തില്‍ സംഘടിപ്പിക്കുന്ന സംഗമം പ്രദേശത്തിന്റെ പേരും പെരുമയും വിളിച്ചറിയിക്കുന്ന വിവിധ പരിപാടികള്‍ കൊണ്ട് ആകര്‍ഷണീയവും വിത്യസ്ഥവുമായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
ഇരുവഴിഞ്ഞി പുഴയുടെ തീരത്ത് വസിക്കുന്ന കിഴക്കന്‍ പ്രവിശ്യയിലെ 400 ഓളം കുടുംബങ്ങള്‍ സംഗമിക്കുന്ന പരിപാടിയില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ മത്സര പരിപാടികള്‍,സ്‌കൂള്‍ വിദ്യാര്‍ഥികളും പ്രമുഖ കലാകാരന്മാരും അവതരിപ്പിക്കുന്ന കലാപരിപാടികള്‍, 25 വര്‍ഷം പൂര്‍ത്തിയാക്കിയവരെയും വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരേയും ആദരിക്കല്‍, ഡോക്ടര്‍മാരുടെ പഠനാര്‍ഹമായ ക്ലാസുകള്‍, മെഡിക്കല്‍ പരിശോധനകള്‍ തുടങ്ങിയവയും നടക്കും.
ചരിത്രം വിളിച്ചോതുന്ന പഴയകാല ഓര്‍മ്മകള്‍ അയവിറക്കുന്ന വില്‍പാട്ട് പരിപാടിയുടെ മുഖ്യ ആകര്‍ഷണമായിരിക്കും. മുക്കം, കൊടിയത്തൂര്‍, തിരുവമ്പാടി, കാരശ്ശേരി, ചാത്തമംഗലം, തുടങ്ങിയ പഞ്ചായത്തുകളിലെ പ്രദേശത്തുകാര്‍ക്ക് പരിപാടിയില്‍ പങ്കെടുക്കാം. വാര്‍ത്താസമ്മേളനത്തില്‍ ജനറല്‍ കണ്‍വീനര്‍ കെ.വി. ശിഹാബ്, പ്രസിഡന്റ് ജസീല്‍ ടി.കെ, രക്ഷാധികാരി സൈഫുദ്ധീന്‍ പൊറ്റശ്ശേരി, റഹ്മത്ത് എന്‍.കെ, അബ്ദുല്‍ ബഷീര്‍ , മുഹമ്മദ് അനസ് പങ്കെടുത്തു. സംഗമത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 0508857753, 0503338276, 0553358294 എന്ന നമ്പറുകളില്‍ ബന്ധപ്പെടാമെന്ന് സംഘാടകര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."