അപകട മറവില്‍ കരിപ്പൂരിനെ തകര്‍ക്കാന്‍ നീക്കം
കോഴിക്കോട്: വിമാനാപകടം മറയാക്കി കരിപ്പൂര്‍ വിമാനത്താവളത്തിനെതിരേ നീക്കം. വിമാനത്താവളം അടയ്ക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹരജി ഈ നീക്കത്തിന്റെ ഭാഗമാണ്. അപകടമുണ്ടായതിന് പിന്നാലെ വിമാനത്താവളത്തിലെ സൗകര്യങ്ങളെ പഴിച്ച് ചിലര്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹരജി ഫയല്‍ ചെയ്തിരിക്കുന്നത്. യശ്വന്ത് ഷേണായിയെന്ന അഭിഭാഷകന്‍ നല്‍കിയ ഹരജി അടുത്ത ആഴ്ച സിംഗിള്‍ ബഞ്ച് പരിഗണിക്കും. ഈ സാഹചര്യത്തില്‍ വിമാനത്താവള ഉപദേശകസമിതി വിളിച്ചുചേര്‍ക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
കരിപ്പൂര്‍ വിമാനത്താവളത്തിനെതിരായി വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന ലോബി തന്നെയാണ് ഇപ്പോഴത്തെ നീക്കങ്ങള്‍ക്ക് പിന്നിലും. ഓഗസ്റ്റ് ഏഴിന് അപകടത്തില്‍പ്പെട്ടത് ചെറിയ വിമാനം ആണെന്നിരിക്കെ വലിയ വിമാന സര്‍വിസ് താല്‍ക്കാലികമായി നിര്‍ത്തിയതും വിമാനത്താവളത്തെ തകര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ്. പൊതുമേഖലയില്‍ ഏറെ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന വിമാനത്താവളങ്ങളിലൊന്നായിട്ടും കരിപ്പൂരിന്റെ അന്താരാഷ്ട്ര നിലവാരമെടുത്തുകളയാനുള്ള നീക്കം സജീവമാണ്. ഗള്‍ഫ് രാജ്യങ്ങളിലേക്ക് പച്ചക്കറിയുള്‍പ്പെടെ കയറ്റുമതിയിലും കരിപ്പൂര്‍ കേരളത്തില്‍ ഒന്നാം സ്ഥാനത്താണ്. ആഭ്യന്തരസര്‍വിസുകളും കാര്‍ഗോ സേവനവും മാത്രമായി വിമാനത്താവളത്തെ ഒതുക്കാനാണ് നീക്കം.
എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ അന്തിമ റിപ്പോര്‍ട്ട് വരുന്നതിന് മുന്‍പ് തന്നെ റണ്‍വെ തകരാറും ടേബില്‍ ടോപ്പുമാണ് അപകട കാരണമെന്ന രീതിയില്‍ പ്രചാരണം നടന്നിരുന്നു. എന്നാല്‍ അപകട കാരണം ഇതല്ലെന്നാണ് ഡി.ജി.സി.എ നടത്തിയ പ്രാഥമിക അന്വേഷണത്തിലെ വിലയിരുത്തല്‍. പ്രതികൂല കാലാവസ്ഥ, വിമാനത്തിന്റെ സാങ്കേതിക തകരാര്‍, പൈലറ്റിന്റെ പിഴവ് ഇവയില്‍ ഏതെങ്കിലുമാവാം അപകട കാരണമെന്ന രീതിലേക്കാണ് മുഴുവന്‍ അന്വേഷണങ്ങളും ചെന്നെത്തുന്നത്.കഴിഞ്ഞ വര്‍ഷമാണ് റണ്‍വേയുടെ അറ്റകുറ്റപണി പൂര്‍ത്തിയാക്കി വലിയ വിമാനങ്ങളുടെ സര്‍വിസ് പുനരാരംഭിച്ചത്. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയും ഡി.ജി.സി.എയും വിവിധ വിമാന കമ്പനികളുടെ സാങ്കേതിക വിദഗ്ധരും ആവര്‍ത്തിച്ച് കര്‍ശനമായി പരിശോധിച്ച് സുരക്ഷ ഉറപ്പു വരുത്തിയതിനു ശേഷമാണ് കോഡ് ഇ വിമാനങ്ങള്‍ക്ക് അനുമതി നല്‍കിയതും ഘട്ടംഘട്ടമായി സര്‍വിസ് പുനരാരംഭിച്ചതും. ഹൈക്കോടതിയിലെ ഹരജിയില്‍ കക്ഷി ചേരാന്‍ മലബാര്‍ ഡവലപ്‌മെന്റ് കൗണ്‍സില്‍ തീരുമാനിച്ചിട്ടുണ്ട്. വിമാനത്താവളം നിലനിര്‍ത്തുന്നതിന് ആവശ്യമായ വാദങ്ങള്‍ എം.ഡി.സി ഉന്നയിക്കും. 2010ല്‍ മംഗലാപുരത്ത് വന്‍ദുരന്തം സംഭവിച്ചിട്ടും വിമാനത്താവളം അടയ്ക്കണമെന്ന വിചിത്രമായ ആവശ്യം ആരും ഉന്നയിച്ചിട്ടില്ലെന്ന് എം.ഡി.സി ചൂണ്ടിക്കാട്ടി. അന്വേഷണം പൂര്‍ത്തിയാകുന്നതിനു മുന്‍പ് ധൃതിപിടിച്ച് ഹൈക്കോടതിയെ സമീപിച്ചതില്‍ ദുരൂഹതയുണ്ട്.
എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ യുടെയും ഡി.ജി.സി.എയുടെയും എല്ലാ മാനദണ്ഡങ്ങളും കൃത്യമായി പാലിച്ചാണ് കോഴിക്കോട് വിമാനത്താവളം പ്രവര്‍ത്തിക്കുന്നതെന്ന് വിദഗ്ധര്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ വസ്തുതക്കു നിരക്കാത്ത കാര്യങ്ങളാണ് ഹരജിയിലുള്ളതെന്ന് എം.ഡി.സി പ്രസിഡന്റ് സി.ഇ ചാക്കുണ്ണി പറഞ്ഞു. വിമാനത്താവളത്തിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ശക്തമായ നിലപാടെടുക്കണം. ഇതിനായി അഡ്വക്കേറ്റ് ജനറലിനെ ചുമതലപ്പെടുത്തണം. വിമാനത്താവള ഉപദേശകസമിതി അടിയന്തരമായി വിളിച്ചുചേര്‍ക്കാന്‍ ചെയര്‍മാനായ പി.കെ കുഞ്ഞാലിക്കുട്ടി എം.പിയോട് ആവശ്യപ്പെട്ടതായും സി.ഇ ചാക്കുണ്ണി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."