ഇസ്‌റാഈലിനോടുള്ള നിലപാടില്‍ മാറ്റമില്ലെന്ന് കുവൈത്ത്
കുവൈത്ത് സിറ്റി: ഇസ്‌റാഈലുമായി യു.എ.ഇ നയതന്ത്രബന്ധമുണ്ടാക്കിയതോടെ കൂടുതല്‍ ഗള്‍ഫ് രാജ്യങ്ങള്‍ ആ വഴിക്ക് നീങ്ങുമെന്ന അഭ്യൂഹത്തിനിടെ നിലപാട് വ്യക്തമാക്കി കുവൈത്ത്. ഇസ്‌റാഈലിനോടുള്ള നിലപാടില്‍ മാറ്റമില്ലെന്ന് കുവൈത്ത് ഭരണകൂടം വ്യക്തമാക്കിയതായി അല്‍ ഖബസ് പത്രം റിപ്പോര്‍ട്ട് ചെയ്തു.
ഫലസ്തീനികളെ പിന്തുണച്ചുകൊണ്ടുള്ള കുവൈത്തിന്റെ പതിറ്റാണ്ടുകള്‍ പഴക്കമുള്ള വിദേശനയത്തില്‍ മാറ്റമില്ല. ഫലസ്തീനികള്‍ക്ക് സ്വീകാര്യമായ പരിഹാരം മാത്രമേ അറബ് ലോകത്തെ പ്രധാന പ്രശ്‌നമായ ഫലസ്തീന്‍ വിഷയത്തില്‍ കുവൈത്തിനുള്ളൂവെന്നും പത്രം വ്യക്തമാക്കി. കുവൈത്ത് നിലപാട് വ്യക്തമാക്കിയതോടെ വരുംദിവസങ്ങളില്‍ ഖത്തര്‍-സഊദി തുടങ്ങിയവയും ഫലസ്തീനികള്‍ക്ക് പിന്തുണ പ്രഖ്യാപിക്കാനാണ് സാധ്യത. അതേസമയം യു.എ.ഇയെ പിന്തുടര്‍ന്ന് ബഹ്‌റൈന്‍ ഇസ്‌റാഈലുമായി ബന്ധം സ്ഥാപിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.
അറബ് ലീഗ് അധ്യക്ഷന്‍ രാജിവയ്ക്കണമെന്ന് പി.എല്‍.ഒ
റമല്ല: യു.എ.ഇ ഇസ്‌റാഈലുമായി നയതന്ത്രബന്ധം സ്ഥാപിച്ചതിനെ അപലപിക്കാന്‍ തയാറാകുന്നില്ലെങ്കില്‍ അറബ് ലീഗ് അധ്യക്ഷന്‍ അഹ്മദ് അബുല്‍ ഗൈഥ് പദവി രാജിവയ്ക്കണമെന്ന് ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ (പി.എല്‍.ഒ) എക്‌സിക്യൂട്ടീവ് കമ്മിറ്റി സെക്രട്ടറി സാഇബ് എറകാത് ആവശ്യപ്പെട്ടു.
ഫലസ്തീന്‍ ഭൂമിയുടെ ഭാവി എന്താവണമെന്ന് ഫലസ്തീനികള്‍ തീരുമാനിക്കും. ഈ കരാര്‍ ഫലസ്തീനികള്‍ക്ക് പിന്നില്‍ നിന്നുള്ള കുത്താണ്. യു.എ.ഇ 2014ലേ ഫലസ്തീനുമായുള്ള ബന്ധം മുറിച്ചതാണ്. എങ്കിലും ഇസ്‌റാഈലുമായി കരാറുണ്ടാക്കിയത് അദ്ഭുതപ്പെടുത്തി- അദ്ദേഹം പറഞ്ഞു. ജൂതരാജ്യവുമായി കരാറിലൊപ്പിട്ടത് സയണിസ്റ്റ് പ്രസ്ഥാനത്തെ അംഗീകരിക്കലാണെന്നും സാഇബ് കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."