തിരിച്ചടിച്ച് ഇന്ത്യ; പാക് സൈനിക പോസ്റ്റുകള്‍ തകര്‍ത്തു
ജമ്മു: സൈനികരുടെ മൃതദേഹങ്ങള്‍ വികൃതമാക്കിയ പാകിസ്താന്‍ സൈന്യത്തിന്റെ ക്രൂരതക്കെതിരെ തിരിച്ചടിച്ച് ഇന്ത്യ. ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ രണ്ട് പാക് സൈനിക പോസ്റ്റുകള്‍ തകര്‍ത്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തിങ്കളാഴ്ച രാത്രിയായിരുന്നു ഇന്ത്യയുെട പ്രത്യാക്രമണം.
ജമ്മുവിലെ കൃഷ്ണഗാട്ടി ഏരിയക്ക് എതിര്‍വശത്തുള്ള പാകിസ്താന്റെ കിര്‍പണ്‍, പിംബിള്‍ സൈനിക പോസ്റ്റുകളാണ് ഇന്ത്യന്‍ സൈന്യം തകര്‍ത്തത്.
നേരത്തെ നിയന്ത്രണരേഖ ലംഘിച്ച് ഇന്ത്യന്‍ മേഖലയിലേക്ക് 250 മീറ്ററിലധികം കടന്നുകയറിയ പാകിസ്താന്‍ ബോര്‍ഡര്‍ ആക്ഷന്‍ ടീം വെടിവെപ്പ് നടത്തിയിരുന്നു. ഈ വെടിവെപ്പില്‍ കൊല്ലപ്പെട്ട രണ്ട് ഇന്ത്യന്‍ സുരക്ഷാ സൈനികരുടെ തലയറുത്ത് പാക് സൈന്യം വികൃതമാക്കിയിരുന്നു.
അതിര്‍ത്തിരക്ഷാസേനയിലെ നായിബ് സുബേദാര്‍ പരംജീത് സിങ്, ഹെഡ് കോണ്‍സ്റ്റബിള്‍ പ്രേം സാഗര്‍ എന്നിവരാണ് പാക് ക്രൂരതക്ക് ഇരയായത്. ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കു നേരെ ശക്തമായ വെടിവെപ്പ് നടത്തിക്കൊണ്ടാണ് പാകിസ്താന്‍ നിയന്ത്രണരേഖ ലംഘിച്ചത്.
സൈനികരുടെ തലയറുത്ത സംഭവത്തിന് പിന്നാലെ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇന്നലെ തന്നെ ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."