കൊല്ലം ഏരൂരിലെ ദലിത് ബാലന്റെ മരണം ആത്മഹത്യയെന്ന് പുതിയ അന്വേഷണ സംഘവും
കൊച്ചി: കൊല്ലം ഏരൂരിലെ ദലിത് ബാലന്റെ മരണം ആത്മഹത്യയെന്ന് റിപ്പോര്‍ട്ട്. പുതിയ അന്വേഷണ സംഘം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത.് പുനലൂര്‍ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. അതേസമയം അന്വേഷണ സംഘം സംഭവ സ്ഥലം പരിശോധിക്കുകയോ സാക്ഷി മൊഴി രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന് ആരോപണമുയരുന്നുണ്ട്.
ഇക്കഴിഞ്ഞ ഡിസംബര്‍ 19 നാണ് കൊല്ലം ജില്ലയിലെ ഏരൂരില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിജീഷ് ബാബു എന്ന 14 കാരനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഉണങ്ങിയ വാഴ ഇലയില്‍ കഴുത്ത് കുരുങ്ങിയ നിലയിലായിരുന്നു മൃതശരീരം. കുട്ടിയുടെ ദേഹത്ത് അടിയേറ്റ പാടുകള്‍ ഉണ്ടെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു. ഇതെങ്ങനെ വന്നെന്ന് കേസ് ആദ്യം അന്വേഷിച്ച ഏരൂര്‍ പൊലിസ് പറഞ്ഞിരുന്നില്ല. പകരം തൂങ്ങിമരണം ആണെന്ന് കാണിച്ച് കേസ് അവസാനിപ്പിക്കുകയായിരുന്നു. കുട്ടി വാഴത്തണ്ടില്‍ തൂങ്ങി മരിക്കുകയായിരുന്നു എന്നായിരുന്നു റിപ്പോര്‍ട്ട്.
അതേസമയം, കേസ് സിബിഐയോ ക്രൈംബ്രാഞ്ചോ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കേസ് അന്വേഷിക്കാന്‍ ഡിജിപി പുതിയ സംഘത്തെ നിയോഗിക്കുകയായിരുന്നു.
ഫോറം ഫോര്‍ റൈറ്റ്സ് ആന്‍ഡ് ജസ്റ്റിസ് കൂട്ടായ്മയിലെ അഭിഭാഷകരാണ് കുട്ടിയുടെ മാതാവ് ബിന്ദുവിന് വേണ്ടി വക്കാലത്ത് ഏറ്റെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."