HOME
DETAILS
MAL
കരിപ്പൂര്‍ വിമാനാപകടം പ്രാഥമിക റിപ്പോര്‍ട്ട് വൈകുന്നു; പ്രത്യേക അന്വേഷണ സംഘം നാളെ എത്തും
backup
August 18 2020 | 02:08 AM
സ്വന്തം ലേഖകന്‍
കൊണ്ടോട്ടി: കരിപ്പൂരിലെ വിമാനാപകടത്തിന് ഇടയാക്കിയ സാഹചര്യം അന്വേഷിക്കുന്നതിന് പ്രത്യേകസംഘം നാളെ ദില്ലിയില്‍ നിന്നെത്തും. എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എ.എ.ഐ.ബി) നിയമിച്ച ക്യാപ്റ്റന്‍ എസ്.എസ് ചാഹറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ പ്രത്യേകസംഘമാണ് കരിപ്പൂരിലെത്തുന്നത്. കരിപ്പൂര്‍ അപകടത്തില്‍ വൈമാനികരുടെ സംഘടന അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തിയതോടെയാണ് പ്രത്യേകസംഘത്തെ നിയമിച്ചത്. അഞ്ച് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സംഘത്തോട് നിര്‍ദേശിച്ചിരിക്കുന്നത്.
അതിനിടെ, അപകടം നടന്ന് 12 ദിവസം പിന്നിട്ടിട്ടും പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് തയാറായിട്ടില്ല. വ്യോമയാന മന്ത്രാലയത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയും (എ.എ.ഐ.ബി) ഡി.ജി.സി.എയും സംയുക്തമായി അപകടത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. ഈ സംഘം പരിശോധനയും ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കലും പൂര്‍ത്തിയാക്കി മടങ്ങി. വിമാനത്തിന്റെ ഡിജിറ്റല്‍ ഫ്‌ളൈറ്റ് ഡാറ്റാ റെക്കോര്‍ഡര്‍ (ഡി.എഫ്.ഡി.ആര്‍), കോക്പിറ്റ് വോയ്‌സ് റെക്കോര്‍ഡര്‍ (സി.വി.ആര്‍) എന്നിവയുടെ പരിശോധന ഡല്‍ഹിയില്‍ നടന്നുവരികയാണ്.
ഒരാള്‍ കൂടി മരിച്ചു
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാന അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍കൂടി മരിച്ചു. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന റിട്ട. പോസ്റ്റല്‍ സൂപ്രണ്ട് കുറ്റിപ്പുറത്ത് കക്കടത്ത് ശ്രീവിഹാറില്‍ കെ.കെ അരവിന്ദാക്ഷന്‍ (67) ആണ് മരിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 19 ആയി.
വിമാന അപകടത്തില്‍ അരവിന്ദാക്ഷന്റെ ഭാര്യ സതിക്കും പരുക്കേറ്റിരുന്നു. ഇവരും പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരുവരും ലോക്ക്ഡൗണിന് മുന്‍പ് ദുബൈയിലുള്ള മക്കളുടെ അടുത്തേക്ക് പോയതായിരുന്നു. മക്കള്‍: ജിതിന്‍, അര്‍ജുന്‍ (ഇരുവരും ദുബൈ). മരുമക്കള്‍: ശ്രീലക്ഷ്മി, ലിംഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."