സര്‍ക്കാര്‍ ഖജനാവില്‍നിന്നു ലക്ഷങ്ങള്‍ ചോരുന്നു; ചിറകറ്റുവീണ ജലവിമാന പദ്ധതി
ആലപ്പുഴ: ഖജനാവില്‍ പണമില്ലെന്നു പറയുമ്പോഴും സംസ്ഥാനത്ത് പ്രാരംഭത്തില്‍ത്തന്നെ ചിറകറ്റുപോയ ജലവിമാന പദ്ധതിയ്ക്കായി ഓരോമാസവും സര്‍ക്കാര്‍ ധൂര്‍ത്തടിക്കുന്നത് ലക്ഷങ്ങള്‍. ജലവിമാന പദ്ധതിയുടെ അടിസ്ഥാന സൗകര്യങ്ങള്‍ നിലനിര്‍ത്താനാണ് പ്രതിമാസം സര്‍ക്കാര്‍ ലക്ഷക്കണക്കിനു രൂപ ചെലവിടുന്നത്. പദ്ധതിയ്ക്കായി രണ്ടു സ്പീഡ് ബോട്ടുകളും രണ്ടു വഞ്ചിവീടുകളും വാടകയ്ക്ക് എടുത്തിരുന്നു. എന്നാല്‍, പദ്ധതി എങ്ങുമെത്താതെ അവസാനിച്ചിട്ടും ഇവയ്ക്ക് ഇപ്പോഴും പ്രതിമാസം ലക്ഷങ്ങള്‍ വാടക നല്‍കുകയാണ്.
ആലപ്പുഴ ജില്ലയിലെ പുന്നമട, കൊല്ലം ജില്ലയിലെ അഷ്ടമുടി കായല്‍, കാസര്‍കോട് ബേക്കല്‍ കടപ്പുറത്തുമാണ് ജലവിമാന പദ്ധതി നടപ്പാക്കാന്‍ ലക്ഷ്യമിട്ടത്. എന്നാല്‍, പരീക്ഷണ പറക്കല്‍ സമയത്തുതന്നെ ശക്തമായ എതിര്‍പ്പുയര്‍ന്നതോടെ പദ്ധതി ഉപേക്ഷിക്കപ്പെട്ട നിലയിലായി. ജലവിമാന പദ്ധതിയുടെ നടത്തിപ്പ് ചുമതല സംസ്ഥാന വിനോദസഞ്ചാര വകുപ്പിന് കീഴിലുള്ള കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിനാണ്. പറക്കാനായി കൊണ്ടുവന്ന ജലവിമാനം നെടുമ്പാശ്ശേരിയിലായിരുന്നു സൂക്ഷിച്ചിരുന്നത്. പരീക്ഷണ പറക്കല്‍ നടത്തിയശേഷം ഇവിടെ സൂക്ഷിച്ചിരുന്ന വിമാനം പദ്ധതി നടക്കില്ലെന്ന് ഉറപ്പായതോടെ തിരികെക്കൊണ്ടു പോയി. എന്നാല്‍ മറ്റു സംവിധാനങ്ങളെല്ലാം വേമ്പനാട്, അഷ്ടമുടി കായലുകളിലും ബേക്കല്‍ ബീച്ചിലും അതേപടി തുടരുകയാണ്.
ഹൗസ് ബോട്ടുകള്‍ വാടകയ്ക്ക് എടുത്തത് വിനോദസഞ്ചാരികള്‍ വിമാനത്തില്‍ കയറുന്നതിന് മുന്‍പ് സുരക്ഷാ പരിശോധനകള്‍ നടത്താനായിരുന്നു. സുരക്ഷ പരിശോധനയ്ക്കുള്ള സംവിധാനങ്ങളെല്ലാം വഞ്ചിവീടുകളില്‍ ഒരുക്കിയിട്ടുണ്ട്. വെയിലും മഴയുമേറ്റ് ചലിക്കാതെ കിടക്കുന്ന വഞ്ചിവീടുകളെല്ലാം തന്നെ നാശത്തിന്റെ വക്കിലായിട്ടുണ്ട്. വിലയേറിയ സുരക്ഷാ ഉപകരണങ്ങളും നശിച്ചു തുടങ്ങി. ജലവിമാന പദ്ധതി ഇനി പൊടിതട്ടിയെടുത്താലും ഈ വഞ്ചിവീടുകള്‍ ഉപയോഗിക്കുക അസാധ്യമാണ്.
കാര്യങ്ങള്‍ കൃത്യമായി തിരിച്ചറിഞ്ഞെങ്കിലും വന്‍തുക കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് വാടകയായി നല്‍കുകയാണ്. ഇതിന് പുറമേ കേന്ദ്ര വ്യവസായ സംരക്ഷണ സേനയില്‍ നിന്നു സുരക്ഷയ്ക്കായി ഡപ്യൂട്ടേഷനില്‍ നിയോഗിക്കപ്പെട്ട 23 പൊലിസുകാരും വെറുതെ ഇരിക്കുകയാണ്.
വാടകയ്ക്ക് എടുത്ത സംവിധാനങ്ങളുടെ സുരക്ഷയാണ് ഇവരുടെ പ്രധാന ജോലി. സുരക്ഷാസേനയുടെ വേതനം നല്‍കാന്‍ മാത്രം സംസ്ഥാന ഖജനാവില്‍ നിന്നു 70 ലക്ഷമാണ് ഓരോവര്‍ഷവും ചെലഴിക്കുന്നത്. താമസസൗകര്യം ഒരുക്കുന്നതിന്റെ തുക ഇതിന് പുറമേയാണ്. ജലവിമാന പദ്ധതി നടപ്പാകുമെന്ന കാര്യത്തില്‍ യാതൊരുറപ്പുമില്ല. പദ്ധതിയോട് നിലവില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ മുഖംതിരിച്ചു നില്‍പ്പാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."