ആരോഗ്യപ്രവര്‍ത്തകരിലെ കൊവിഡ്: ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാതെ 28 ശതമാനം പേര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ മാസം കൊവിഡ് സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകരില്‍ 28 ശതമാനം പേര്‍ രോഗലക്ഷണങ്ങളൊന്നും പ്രകടിപ്പിച്ചിരുന്നില്ലെന്ന് ആരോഗ്യവകുപ്പ് റിപ്പോര്‍ട്ട്. ജൂലൈ 11 മുതല്‍ 31 വരെയുള്ള കണക്കാണ് പുറത്തുവിട്ടത്. ആകെ 441 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ഈ കാലയളവില്‍ രോഗം ബാധിച്ചത്. ഇവരില്‍ 127 പേര്‍ പ്രത്യേകം രോഗലക്ഷണങ്ങളൊന്നും പ്രകടിപ്പിച്ചിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. കൊവിഡ് രോഗികളുമായി സമ്പര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൂടുതല്‍ പേരിലും രോഗം സ്ഥിരീകരിച്ചത്. സെന്റിനല്‍ സര്‍വയലന്‍സിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ 24 പേരില്‍ രോഗം കണ്ടെത്തി. 13 പേരുടെ ഉറവിടം വ്യക്തമല്ല.
രോഗ ബാധിതരായ 441 ആരോഗ്യ പ്രവര്‍ത്തകരില്‍ 148 പേര്‍ നഴ്‌സുമാരാണ്. ഇതില്‍ 82പേര്‍ സര്‍ക്കാര്‍ മേഖലയിലുള്ളവരാണ്. 98 ഡോക്ടര്‍മാര്‍ക്കും രോഗബാധയുണ്ടായി. ഇവരില്‍ 74പേരും ഗവ. ഡോക്ടര്‍മാരാണ്. ആശുപത്രി ജീവനക്കാര്‍ 85 , ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ 20 , ആശാ പ്രവര്‍ത്തകര്‍ 17, പാരാമെഡിക്കല്‍ ജീവനക്കാര്‍ 46, മറ്റ് ഓഫിസ് ജീവനക്കാര്‍ 28 എന്നിങ്ങനെയാണ് രോഗം ബാധിച്ച മറ്റ് വിഭാഗങ്ങളിലെ ജീവനക്കാരുടെ എണ്ണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."