അപ്രതീക്ഷിത വേലിയേറ്റത്തില്‍ വെള്ളക്കെട്ട്
ചാവക്കാട്: അപ്രതീക്ഷിത വേലിയേറ്റത്തില്‍ വിവിധിയിടം വെള്ളക്കെട്ടിലായി. ചാവക്കാട് നഗരസഭയിലെ ബ്ലാങ്ങാട് ബീച്ച്, കടപ്പുറം പഞ്ചായത്തിലെ തൊട്ടാപ്പ്, വെളിച്ചെണ്ണപ്പടി, മുനക്കക്കടവ് തീരങ്ങളിലുമാണ് വേലിയേറ്റം ശക്തമായി തിരയടിച്ച് കയറി വെള്ളക്കെട്ടുയര്‍ന്നത്. തിങ്കളാഴ്ച രാവിലെ രണ്ടു മുതലാണ് മേഖലയില്‍ വേലിയേറ്റം ആരംഭിച്ചത്. ബ്ലാങ്ങാട് കടപ്പുറത്ത് ബീച്ച് പാര്‍ക്കിനു സമീപത്തെ കാര്‍ പാര്‍ക്കിങ് മേഖല പൂര്‍ണമായും വെള്ളകെട്ടിലായി.
തിരകയറി വെള്ളം പാര്‍ക്കും കടന്ന് കടകള്വരേയെത്തി. ബ്ലാങ്ങാട് കടപ്പുറത്ത് സലാം, ഷാജി, എന്നിവരുടെ കടകളിലും വെള്ളം കയറി. കടപ്പുറത്ത് കയറ്റി വെച്ച വള്ളങ്ങള്‍ കടന്നാണ് കടല്‍ കരയിലേക്കെത്തിയത്. തൊട്ടാപ്പ് ലൈറ്റ് ഹൗസ് പരിസരത്തെ കുട്ടികളുടെ പാര്‍ക്ക് ഭൂരിഭാഗവും കടലെടുത്തു. ഈ മേഖലയില്‍ അഹമ്മദ് കുരിക്കള്‍ റോഡ് വരെ കടലെത്തി. മുനക്കക്കടവ് അഴിമുഖത്ത് കടല്‍ ഭിത്തി തകര്‍ത്താണ് കടല്‍ കരയിലേക്കെത്തിയത്. വേലിയേറ്റത്തിന്റെ ശക്തി പുഴയിലെത്തി തീരദേശ പൊലിസ് സ്റ്റേഷന് പരിസരത്ത് നിന്ന് മണ്ണൊലിച്ചു പോയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് പി.എം മുജീബ് കടല്‍ കയറി പ്രദേശം സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."