പൊലിസ് സ്റ്റേഷനില്‍ യുവാക്കള്‍ക്കു മര്‍ദനം: മനുഷ്യാവകാശ കമ്മിഷന് ചെയര്‍മാനു പരാതി നല്കി
തൊടുപുഴ: സ്വകാര്യ ബസ് ജീവനക്കാരുമായി തര്‍ക്കമുണ്ടാക്കിയ യുവാക്കളെ പൊലിസ് പിടികൂടി ക്രൂരമായി മര്‍ദിച്ചെന്ന ആരോപണത്തില്‍ ലോ സ്റ്റുഡന്റ് അസോസിയേഷന് സംസ്ഥാന വൈസ് പ്രസിഡന്റ് അരുണ്‍ ചെറിയാന് പൂച്ചക്കുഴി മനുഷ്യാവകാശ കമ്മിഷന് ചെയര്മാന് ജസ്റ്റീസ് ജെ.ബി കോശിക്കു നേരിട്ടു പരാതി നല്കി.
കുറ്റക്കാരനായ പൊലിസ് ഉദ്യോഗസ്ഥരെ മാറ്റി നിര്‍ത്തി അന്വേഷണം നടത്തണമെന്നും ഉദ്യോഗസ്ഥ ഭാഗത്തു നിന്നു കടുത്ത മനുഷ്യവകാശലംഘനം നടന്നിട്ടുണ്ടെന്നും ശക്തമായ നടപടി ഉണ്ടാകണമെന്നും അദ്ദേഹം പരാതിയില്‍ അവശ്യപ്പെടുന്നു. ഇതു സംബന്ധിച്ചു സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ജില്ലാ പൊലിസ് മേധാവിക്കു ലഭിച്ചിട്ടുണ്ട്.
തൊടുപുഴ പൊലിസ് സ്റ്റേഷനില്‍ ശനിയാഴ്ച വൈകുന്നേരം ആരംഭിച്ച മര്‍ദ്ദനം അര്‍ദ്ധരാത്രി പിന്നിടും വരെ തുടര്‍ന്നുവെന്നാണ് യുവാക്കളുടെ പരാതി. ഇതിനിടയില്‍ യുവാക്കളെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും പരാതി പിന്‍വലിപ്പിക്കാനുള്ള നീക്കവും നടക്കുന്നതായി ആരോപണമുണ്ട്. കരിമണ്ണൂര്‍ സ്വദേശികളായ വെട്ടിപ്ലാക്കല്‍ ഷാനു നാസര്‍ (19), വേളൂപറമ്പില്‍ ആഷിക് ഹമീദ് (20), അമ്പലക്കാട്ട് ദീപു അഭിലാഷ് (20) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഗുരുതരമായി പരിക്കേറ്റ മൂവരും തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവത്തെകുറിച്ച് ഇവര്‍ പറയുന്നത് ഇങ്ങനെയാണ്. ബസ് സ്റ്റാന്റില്‍ വച്ച് സ്വകാര്യ ബസ് ജീവനക്കാരുമായി ചെറിയ തര്‍ക്കമുണ്ടായി. ഇതേതുടര്‍ന്ന് ബസ് ജീവനക്കാരുടെ സമ്മര്‍ദത്തിന് വഴങ്ങി മൂവരെയും പൊലിസ് പിടികൂടി സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. ഇവരില്‍ ആഷിക് മര്‍ദ്ദനത്തെത്തുടര്‍ന്ന് തലകറങ്ങി സ്റ്റേഷനില്‍ വീഴുകയായിരുന്നു. വീടുകളിലേക്ക് ഫോണ്‍ വിളിക്കുന്നതിനോ മറ്റാരെയെങ്കിലും വിവരം അറിയിക്കുന്നതിനോ പൊലിസ് അനുവദിച്ചില്ല. മര്‍ദനം ആരംഭിച്ചപ്പോള്‍ ആഷിഖിന്റെ നട്ടെല്ലിന് ഓപ്പറേഷന് നടത്തിയതാണെന്ന് പറഞ്ഞ് ഇവര്‍ കരഞ്ഞെങ്കിലും പൊലിസ് കരുണ കാട്ടിയില്ല. മൂവരും അവശരായി തറയില്‍ വീഴുന്ന അവസ്ഥയായപ്പോള്‍ പൊലിസ് അര്‍ദ്ധരാത്രിയോടെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പരിശോധന നടത്തി. തിരിച്ച് സ്റ്റേഷനില്‍ എത്തിച്ചശേഷം ഇവരെ മദ്യപാനികളാക്കുവാനുള്ള നീക്കം നടന്നുവെന്നും പറയുന്നു. രക്ഷകര്‍ത്താക്കള്‍ സ്റ്റേഷനില്‍ എത്തിയപ്പോള്‍ അവശനിലയില്‍ കിടക്കുന്ന മക്കളെയാണ് കണ്ടത്. തുടര്‍ന്ന് മൂവരെയും തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."