തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന്: തീരുമാനം പിന്‍വലിക്കണമെന്ന് സര്‍വകക്ഷി യോഗം
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പിന് അദാനി ഗ്രൂപ്പിനെ ഏല്‍പ്പിച്ച കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനം പിന്‍വലിക്കണമെന്ന് സര്‍വകക്ഷി യോഗം ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച സര്‍വ്വകക്ഷിയോഗത്തിലാണ് ബി.ജെ.പി ഒഴികെ മറ്റെല്ലാ കക്ഷികളും സ്വകാര്യവല്‍ക്കരണത്തെ എതിര്‍ത്തത്. നിയമ നടപടികള്‍ തുടരുന്നതിനൊപ്പം ഒറ്റക്കെട്ടായി ഈ വിഷയത്തില്‍ മുന്നോട്ടുപോകാനും യോഗം തീരുമാനിച്ചു.
എയര്‍പോര്‍ട്ടിന്റെ മേല്‍നോട്ടവും നടത്തിപ്പും സംസ്ഥാന സര്‍ക്കാരിന് മുഖ്യപങ്കാളിത്തമുള്ള സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളില്‍ നിക്ഷിപ്തമാക്കണം എന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത് എന്ന് മുഖ്യമന്ത്രി യോഗത്തില്‍ വ്യക്തമാക്കി.
വിമാനത്താവളം വിട്ടുകൊടുക്കാനാകില്ല. എല്ലാവരും ഒറ്റക്കെട്ടാണ്. ബി.ജെ.പിയുടേത് സാങ്കേതിക പ്രതിഷേധം മാത്രമാണ്. കാര്യങ്ങള്‍ മനസ്സിലാക്കിയാല്‍ അവരും പിന്‍മാറും. ഒന്നിച്ചുനിന്നാല്‍ നമുക്ക് ഈ തീരുമാനത്തെ മാറ്റിയെടുക്കാം. നിയമസഭയില്‍ ഒന്നിച്ച് നിലപാടെടുക്കാം. തലസ്ഥാന നഗരിയുടെ പ്രൗഢിക്കനുസരിച്ചുള്ള വിമാനത്താവളമാക്കി മാറ്റാം. നിയമസഭയില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ സ്പീക്കര്‍, പ്രതിപക്ഷ നേതാവ് എന്നിവരുമായി ആലോചിച്ച് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ എടുക്കുന്ന എല്ലാ നടപടികള്‍ക്കും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പിന്തുണ പ്രഖ്യാപിച്ചു. ഒട്ടക്കെട്ടായി നിന്ന് നിയമസഭയില്‍ പ്രമേയം കൊണ്ടുവരുന്ന കാര്യത്തിലും അദ്ദേഹം പിന്തുണ നല്‍കി.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ (സി.പി.എം), തമ്പാനൂര്‍ രവി (കോണ്‍ഗ്രസ് ഐ), മന്ത്രി ഇ. ചന്ദ്രശേഖരന്‍, സി. ദിവാകരന്‍ (സി.പി.ഐ), പി.കെ. കുഞ്ഞാലിക്കുട്ടി (മുസ്ലിം ലീഗ്), മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി (കോണ്‍ഗ്രസ് എസ്), സി.കെ. നാണു (ജനതാദള്‍ എസ്), പി.ജെ. ജോസഫ് (കേരള കോണ്‍ഗ്രസ്), ടി.പി. പീതാംബരന്‍ മാസ്റ്റര്‍ (എന്‍.സി.പി), ഷെയ്ക് പി ഹാരിസ് (ലോക് താന്ത്രിക് ജനതാദള്‍), എ.എ. അസീസ് (ആര്‍.എസ്.പി), ജോര്‍ജ് കുര്യന്‍ (ബിജെപി), മനോജ്കുമാര്‍ (കേരള കോണ്‍ഗ്രസ് ജെ), പി.സി. ജോര്‍ജ് എം.എല്‍.എ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."