വാര്‍ത്തകള്‍ക്കു മേല്‍ സര്‍ക്കാരിന്റെ വ്യാജമുദ്ര
സ്വപ്നാ സുരേഷിന്റെ ഡിപ്ലോമാറ്റിക്ക് ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസ് കത്തിപ്പടര്‍ന്ന് ലൈഫ് ഭവന പദ്ധതിയില്‍ എത്തിനില്‍ക്കുമ്പോള്‍ സര്‍ക്കാര്‍ തീര്‍ക്കുന്ന പ്രതിരോധങ്ങളെല്ലാം തകര്‍ന്നുവീണുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവരുന്ന ഇത്തരം വസ്തുതകളെ നിഷേധിക്കേണ്ട ഭാരം ഇടതു മുന്നണിക്ക് നേതൃത്വം നല്‍കുന്ന സി.പി.എമ്മിന്റെ ചുമലിലാണ്. മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ച് കോണ്‍സുലേറ്റ് വഴി സ്വര്‍ണക്കടത്ത് നടത്തിയത് ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമാണ്. അതുവഴി ലോക രാഷ്ട്രങ്ങളുടെ ഇടയില്‍ രാജ്യത്തിന്റെ യശസിനു മങ്ങലേല്‍ക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണക്കടത്തും മുഖ്യമന്ത്രിയുടെ ചുമതലയില്‍ തന്നെയുള്ള ഐ.ടി വകുപ്പിന് കീഴിലുള്ള സ്വപ്നയുടെ നിയമനവും സംബന്ധിച്ച് മുഖ്യമന്ത്രിക്ക് അറിവുണ്ടായിരുന്നില്ലെന്ന് അദ്ദേഹം സമര്‍ഥിക്കുമ്പോള്‍ തന്നെ, ദിനേന മാധ്യമങ്ങളില്‍ സ്വര്‍ണക്കടത്ത് സംബന്ധിച്ചും ലൈഫ് മിഷന്‍ ഭവന പദ്ധതിയിലെ അഴിമതിയും സ്വപ്ന കമ്മിഷന്‍ പറ്റിയതുമായ വാര്‍ത്തകളും വന്നുകൊണ്ടിരിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫിസിനെ കേന്ദ്ര ബിന്ദുവാക്കി തന്നെയാണ്. അതുകൊണ്ടായിരിക്കണം സി.പി.ഐ അടക്കമുള്ള ഘടകകക്ഷികള്‍ മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫിസിനും കവചം തീര്‍ക്കാന്‍ രംഗത്തിറങ്ങാത്തതും. തനിക്കൊന്നുമറിയുമായിരുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞാലും തന്റെ കീഴിലുള്ള വകുപ്പിന്റെ പ്രധാന ചുമതലക്കാരനായിരുന്ന എം. ശിവശങ്കര്‍ വഴിവിട്ട് നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്വത്തില്‍നിന്ന് മുഖ്യമന്ത്രിക്ക് ഒഴിഞ്ഞുമാറാനാവില്ല. അതിനാല്‍ തന്നെയാണ് മന്ത്രിമാരായ ജി. സുധാകരനും കടകംപള്ളി സുരേന്ദ്രനും എം. ശിവശങ്കറെ വഞ്ചകനെന്നും ചതിയനെന്നും വിളിച്ചിട്ടും പൊതുസമൂഹത്തില്‍ ഒരു ചലനവും ഉണ്ടാക്കാന്‍ കഴിയാത്തതും.
ഇത്രയും വസ്തുതകള്‍ പൊതുസമൂഹ ശ്രദ്ധയില്‍ കൊണ്ടുവന്നത് മാധ്യമങ്ങളാണ്. എന്നാല്‍, ഒരിടത്തും മാധ്യമങ്ങള്‍ മുഖ്യമന്ത്രിക്ക് ഈ ഇടപാടുകളില്‍ നേരിട്ട് പങ്കുള്ളതായി ആരോപിച്ചിട്ടില്ല. എന്നിട്ടുമദ്ദേഹം തന്റെ വൈകുന്നേരത്തെ പതിവ് വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കടുത്ത വിമര്‍ശനങ്ങളാണ് നടത്തിയത്. തന്റെ ഓഫിസ് ആരോപണങ്ങളുടെ കേന്ദ്രബിന്ദുവായി മാറുന്നതിലെ അസഹിഷ്ണുതയായിരുന്നു അതിനു പിന്നില്‍. പിന്നാലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേയും അവരുടെ കുടുംബാംഗങ്ങള്‍ക്ക് നേരെയും രൂക്ഷമായ സൈബര്‍ ആക്രമണമാണുണ്ടായത്. ഒരു ദൃശ്യമാധ്യമത്തെ സി.പി.എം ബഹിഷ്‌കരിക്കുകയും ചെയ്തു. ഇതേ ദൃശ്യമാധ്യമം തന്നെയാണ് ഒരു മാസം മുന്‍പ് ഇടതു മുന്നണിക്ക് തുടര്‍ഭരണം പ്രവചിച്ചതും. അന്ന് അത് ആസ്വദിച്ച ഭരണകൂടം ഇപ്പോള്‍ അരുചികരമായ വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുമ്പോള്‍ മാധ്യമങ്ങളുടെ നാവരിയാനുള്ള ശ്രമത്തിലാണ്. അടിയന്തരാവസ്ഥയില്‍ മാധ്യമങ്ങള്‍ക്കുണ്ടായ വിലക്കില്‍ ഇന്ത്യയില്‍ ഏറ്റവുമധികം പ്രതിഷേധ ജ്വാലകള്‍ തീര്‍ത്തത് സി.പി.എം നേതൃത്വം നല്‍കിയിരുന്ന ഇടതു മുന്നണിയായിരുന്നു. അതേ മുന്നണി ഇന്ന് കേരളം ഭരിക്കുമ്പോള്‍ ഭരണകൂടത്തിന് അലോസരമുണ്ടാക്കുന്ന അപ്രിയ സത്യങ്ങള്‍ മാധ്യമങ്ങള്‍ വിളിച്ചുപറയുന്നത് സഹിക്കാനാവുന്നില്ല. അത് സഹിഷ്ണുതയോടെ കേള്‍ക്കേണ്ടതിന് പകരം മാധ്യമങ്ങളുടെ നാവരിയാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത് വിരോധാഭാസമാണ്.
അത്തരം വാര്‍ത്തകളെ ഉന്മൂലനം ചെയ്യാന്‍ ഉദ്ദേശിച്ചു കൊണ്ടുള്ളതാണ് സര്‍ക്കാര്‍ നടപ്പിലാക്കിയ ഫാക്ട് ചെക്ക് ഡിവിഷന്‍. പി.ആര്‍.ഡി വകുപ്പിന് കീഴിലാണ് ഈ സംവിധാനം. ഇത് ഉപയോഗിച്ച് സര്‍ക്കാരിന്റെ അഴിമതികളെക്കുറിച്ചും സ്വജനപക്ഷപാതത്തെക്കുറിച്ചും വരുന്ന വാര്‍ത്തകള്‍ വ്യാജമെന്ന് മുദ്രകുത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കാനാണ് ഫാക്ട് ചെക്ക് ഡിവിഷനിലൂടെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. മോദി സര്‍ക്കാര്‍ മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിക്കൊണ്ടിരിക്കുന്ന സെന്‍സര്‍ഷിപ്പിന്റെ മറ്റൊരു മാതൃക. എന്നാല്‍, ഇതുകൊണ്ടൊന്നും വസ്തുതകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമങ്ങളെ അതില്‍നിന്ന് തടയാനാവില്ലെന്ന് മാത്രമല്ല ഇത്തരം വാര്‍ത്തകള്‍ക്കെതിരേ വരുന്ന സര്‍ക്കാര്‍ നിഷേധങ്ങള്‍ സമൂഹമാധ്യങ്ങളില്‍ വരുന്നത് ജനം വിശ്വാസത്തിലെടുക്കുകയുമില്ല. ഇത്തരം വ്യാജ വാര്‍ത്താ ചാപ്പകുത്തലിലൂടെ സര്‍ക്കാരിനെന്തോ ഒളിക്കാനുണ്ടെന്ന സന്ദേശമായിരിക്കും പൊതുസമൂഹത്തിന് കിട്ടുക. നിജസ്ഥിതി ബോധ്യപ്പെട്ടതിന് ശേഷം മാത്രമാണ് ഓരോ മാധ്യമങ്ങളും വാര്‍ത്ത പ്രസിദ്ധീകരിക്കുന്നത്. അതിനവര്‍ക്ക് വിശ്വാസയോഗ്യമായ സോഴ്‌സുകളും ഉണ്ട്. ഇനി അഥവാ ഏതെങ്കിലും വാര്‍ത്ത തെറ്റായി വന്നാല്‍ അതിന്റെ പേരില്‍ ഖേദം പ്രകടിപ്പിക്കാനും മാധ്യമങ്ങള്‍ മടിക്കാറില്ല.
സെന്‍ട്രല്‍ പ്രസില്‍ നിന്നും പി.എസ്.സി പരീക്ഷയുടെ ഒ.എം.ആര്‍ ഷീറ്റിലെ രഹസ്യരേഖകള്‍ നഷ്ടപ്പെട്ടത് സംബന്ധിച്ച് ഒരു പത്രം റിപ്പോര്‍ട്ട് ചെയ്തത് വ്യാജവാര്‍ത്തയാണെന്നാരോപിച്ച് ഫാക്ട് ചെക്ക് ഡിവിഷന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇത് വിവാദമായതോടെ ഫേസ്ബുക്കില്‍നിന്ന് പോസ്റ്റ് അപ്രത്യക്ഷമായി.
കൊവിഡ് സംബന്ധിച്ച വ്യാജവാര്‍ത്തകളും സന്ദേശങ്ങളും കണ്ടെത്തുന്നതിന് സര്‍ക്കാര്‍ താല്‍ക്കാലികമായി ഉണ്ടാക്കിയ സംവിധാനമാണ് ഫാക്ട് ചെക്ക് ഡിവിഷന്‍. സ്വര്‍ണക്കടത്ത് കേസും സ്പ്രിംഗ്‌ളര്‍ വിവാദവും ഇപ്പോഴത്തെ ലൈഫ് ഭവന അഴിമതിയും പുറത്തുവന്നതോടെ താല്‍ക്കാലിക സംവിധാനം സര്‍ക്കാര്‍ സ്ഥിരം സംവിധാനമാക്കി. കഴിഞ്ഞ ജൂണില്‍ കേന്ദ്രസര്‍ക്കാര്‍ അഹിതകരമായ വാര്‍ത്തകള്‍ക്കെതിരേ കൊണ്ടുവന്ന ഫാക്ട് ചെക്കിന്റെ മറ്റൊരു മാതൃകയാണിത്. വ്യാജ വാര്‍ത്തകള്‍ കണ്ടെത്തുക എന്നതിനപ്പുറം സര്‍ക്കാരിനെതിരേ വരുന്ന വാര്‍ത്തകളെ വ്യാജനെന്ന് മുദ്രകുത്തി മുഖം രക്ഷിക്കുക എന്നതാണ് ഇതിനു പിന്നില്‍. ഈ ശ്രമവും പരാജയപ്പെടുകയേയുള്ളൂ. അണികളെ നിരത്തിയും സൈബര്‍ ആക്രമണം നടത്തിയും സത്യസന്ധമായി ജോലി ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരെ നിര്‍വീര്യമാക്കാനുള്ള ശ്രമം പരാജയപ്പെട്ടപ്പോള്‍ സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച് വസ്തുതാപരമായ വാര്‍ത്തകള്‍ക്കെതിരേ നടത്തുന്ന ഈ ഒളിയുദ്ധവും അവസാനിപ്പിക്കേണ്ടി വരും. ഇതിലൂടെയെല്ലാം പൊതുസമൂഹം കാണുന്നതും അറിയുന്നതും സര്‍ക്കാരിന്റെ ജീര്‍ണമുഖവും സര്‍ക്കാരിന് എന്തൊക്കെയോ മറച്ചുവയ്ക്കാനുണ്ടെന്നുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."