സൂപ്പര്‍ കൊള്ള: ബസുകള്‍ക്കെതിരേ ജില്ലയില്‍ നടപടി തുടങ്ങി
മലപ്പുറം: അനധികൃത സര്‍വീസ് നടത്തുന്ന സ്വകാര്യ സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍ക്കെതിരേ ജില്ലയില്‍ നടപടി തുടങ്ങി. ആര്‍.ടി.ഒ കെ.എം ഷാജിയുടെ നേതൃത്വത്തില്‍ ഇന്നലെയും പരിശോധന നടന്നു. തൃശൂര്‍-കോഴിക്കോട്, പാലക്കാട്- കോഴിക്കോട് റൂട്ടുകളിലാണ് ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ് പെര്‍മിറ്റില്‍ (എല്‍.എസ്) സൂപ്പര്‍ ഫാസ്റ്റെന്ന പേരില്‍ സ്വകാര്യ ബസുകള്‍ കുതിച്ചുപായുന്നത്. ഈ റൂട്ടുകളിലെ കെ.എസ്.ആര്‍.ടി.സിയുടെ ആധിപത്യം ഇല്ലാതാക്കുകയും വിദ്യാര്‍ഥികള്‍ ബസില്‍ കയറുന്നതു തടയുകയുമാണ് പ്രധാന ലക്ഷ്യം. സാധാരണ ബസുകള്‍ ബോര്‍ഡ് മാത്രം വെച്ച് സര്‍വീസ് നടത്തുമ്പോള്‍ യാത്രക്കാരില്‍ നിന്ന് അധിക ചാര്‍ജും ഈടാക്കുന്നുണ്ട്. യാത്രക്കാരെ കബളിപ്പിക്കാന്‍ പോയിന്റ് ടു പോയിന്റ എന്ന സ്റ്റിക്കര്‍ പതിച്ച് സൂപ്പര്‍ ഫാസ്റ്റിന്റെ ചാര്‍ജ് ഈടാക്കുന്ന ബസുകളുമുണ്ട്. അതേസമയം ഒരു പെര്‍മിറ്റില്‍ തന്നെ ഒന്നില്‍ കൂടുതല്‍ ബസുകള്‍ ഓടിച്ച് ഗുരുതരമായ നിയമ ലംഘനവും ഇവര്‍ നടത്തുന്നതായി പരാതിയുണ്ട്. ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ ഫാസ്റ്റ്, ഡീലക്‌സ് തുടങ്ങിയ സര്‍വീസുകള്‍ നടത്താന്‍ കെ.എസ്.ആര്‍.ടി.സിക്ക് മാത്രമേ അനുവാദമുള്ളൂ. എന്നാല്‍ ഇതിന്റെ മറവിലാണ് അനധികൃതമായി ബോര്‍ഡ് വെച്ച് സര്‍വീസ് നടത്തുന്നത്. സ്വകാര്യ ബസുകളിലെ അനധികൃത നടപടിക്കെതിരേ നിരവധി പരാതികള്‍ മലപ്പുറം റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസില്‍ ലഭിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് പരിശോധന. ഒരാഴ്ച നീളുന്ന പരിശോധന ശനിയാഴ്ച വരേ തുടരും. ഇന്നലെ ചങ്കുവെട്ടിയിലാണു പരിശോധന നടന്നത്. കഴിഞ്ഞ ദിവസം തേഞ്ഞിപ്പലം മുതല്‍ ചങ്കുവെട്ടിവരേയുള്ള വിവിധ സ്ഥലങ്ങളിലായിരുന്നു പരിശോധന. നാലു ബസുകളാണ് കഴിഞ്ഞ ദിവസം പിടികൂടിയത്.
കഴിഞ്ഞ മാസം നടത്തിയ പരിശോധനയില്‍ അനധികൃത സര്‍വീസ് നടത്തുന്ന എട്ടു ബസുകള്‍ പിടികൂടുകയും പതിനായിരം രൂപ വീതം പിഴ ഈടാക്കുകയും ചെയ്തിരുന്നു. ഇന്നലെ നടന്ന പരിശോധനയില്‍ മൂന്നു ബസുകള്‍ പിടികൂടി പിഴയിട്ടു. ഇത്തരം പ്രവണത ഒരു കാരണവശാലു അംഗീകരിക്കില്ലെന്നും ശക്തമായ നടപടിയെടുക്കുമെന്നും ആര്‍.ടി ഒ കെ.എം ഷാജി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."