പായോട്ടെ കള്ളുഷാപ്പ്; സമരം മൂന്നുദിവസം പിന്നിട്ടു
മാനന്തവാടി: മാനന്തവാടി നാലാംമൈല്‍ റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന കള്ളുഷാപ്പ് പായോട് കണ്ഠകര്‍ണന്‍ റോഡിലെ ജനവാസ കേന്ദ്രത്തില്‍ പ്രവര്‍ത്തനം തുടങ്ങുന്നതിനെതിരേയുള്ള പ്രദേശവാസികളുടെ സമരം മുന്ന് ദിവസം പിന്നിട്ടു.
പ്രതിഷേധത്തെ തുടര്‍ന്ന് ഇന്നും കള്ള് അളക്കുന്നത് തടസ്സപ്പെട്ടു. ഞായറാഴ്ച രാവിലെ കള്ളുഷാപ്പ് തുറന്നപ്പോഴാണ് പ്രതിഷേധവുമായി നാട്ടുകാര്‍ എത്തിയത്.
ഇതുമായി ബന്ധപ്പെട്ട് കള്ള് അളക്കുന്നവരും നാട്ടുകാരും തമ്മില്‍ നേരിയ സംഘര്‍ഷമുണ്ടായിരുന്നു.യാതൊരു മാനദണ്ഡവും പാലിക്കാതെയാണ് കള്ളുഷാപ്പ് തുടങ്ങുന്നതെന്നും കള്ള് ഷാപ്പ് അടച്ച് പൂട്ടുന്നത് വരെ സമരം തുടരുമെന്നും പ്രദേശവാസികള്‍ പറഞ്ഞു. വയലുണ്ടായിരുന്ന സ്ഥലം മണ്ണിട്ടു നികത്തിയാണ് കള്ളുഷാപ്പ് തുടങ്ങുന്നതിനായി താല്‍കാലിക കെട്ടിടം നിര്‍മിച്ചത്. പ്രദേശത്തെ പുഴക്കു സമീപത്താണ് കള്ളുഷാപ്പ് തുടങ്ങാന്‍ ശ്രമിക്കുന്നത്. ഇത് ഭാവിയില്‍ വലിയ ദുരന്തങ്ങളും സ്‌കൂള്‍, കോളജ് കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ വഴി തെറ്റുന്നതിനു കാരണവുമാകുമെന്ന് പ്രദേശവാസികള്‍ ആരോപിച്ചു. എന്നാല്‍ തങ്ങള്‍ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് കള്ളുഷാപ്പ് തുടങ്ങിയതെന്ന് ഷാപ്പ് അധികൃതര്‍ അറിയിച്ചു. കെട്ടിടത്തിനു എടവക പഞ്ചായത്തില്‍ നിന്നും നമ്പര്‍ ലഭിച്ചിട്ടുണ്ടെന്നും ഇവര്‍ വ്യക്തമാക്കി. കള്ള് ഷാപ്പ് വിരുദ്ധസമിതിയുടെ നേതൃത്വത്തില്‍ ആരംഭിച്ചിരിക്കുന്ന സമരത്തിന് കെ.വി ഷാജു, വി.കെ ബാലചാന്ദ്രന്‍, എല്‍സി മാത്യു, കെ.പി ബേബി, എലിയാമ്മ ജോണ്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."