ഉന്നത ഉദ്യോഗസ്ഥരുടെ പിടിപ്പുകേട് റീസര്‍വേ അവതാളത്തില്‍
വെള്ളമുണ്ട, പാടിച്ചിറ വില്ലേജിലെ റീസര്‍വെ പരാതികള്‍ പരിഹരിക്കുന്നതിനു മുന്‍പ് നെന്മേനി വില്ലേജില്‍ റീസര്‍വേക്ക് നീക്കം
വെള്ളമുണ്ട: ഉന്നതാധികാരികളുടെ പിടിപ്പുകേട് ജില്ലയിലെ റീ സര്‍വെ നടപടികള്‍ അവതാളത്തിലാക്കുമെന്ന് ആശങ്ക.
കാര്യമായ മുന്നൊരുക്കങ്ങളില്ലാതെ അധികൃതര്‍ ചെയ്യുന്ന കാര്യങ്ങള്‍ സര്‍വെയര്‍മാര്‍ക്കും സര്‍വെ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്കും ഒരുപോലെ തലവേദനയാവുകയാണ്. ജില്ലയിലെ വിവിധയിടങ്ങളില്‍ നടക്കുന്ന റീസര്‍വെ സംബന്ധമായ കാര്യങ്ങള്‍ക്ക് റീസര്‍വെ എസ്റ്റാബ്ലിഷ്‌മെന്റില്‍ നിന്നുള്ള സര്‍വെയര്‍മാരുടെ സേവനമാണ് പ്രയോജനപ്പെടുത്തുന്നത്.
റീ സര്‍വെ എസ്റ്റാബ്ലിഷ്‌മെന്റിനു കീഴിലായി ജില്ലയില്‍ മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി എന്നിങ്ങനെ രണ്ടു സൂപ്രണ്ട് ഓഫിസുകളാണുള്ളത്. ഇവിടെ ആകെ 30 പേരാണ് സര്‍വെയര്‍മാരായി ഉണ്ടായിരുന്നത്. ഇതില്‍ രണ്ടുപേര്‍ അവധിയിലാണ്. പത്തുപേരെ കാസര്‍കോഡ് നടക്കുന്ന റീസര്‍വെ പ്രവര്‍ത്തനങ്ങള്‍ക്കായി കഴിഞ്ഞ ദിവസം ചുമതലപ്പെടുത്തുകയും ചെയ്തു. നാലു പേരാണ് ഇപ്പോള്‍ റീസര്‍വെ എസ്റ്റാബ്ലിഷ്‌മെന്റില്‍ സര്‍വേയരായിട്ടുള്ളത്.
മറ്റുള്ളവര്‍ ജില്ലയിലെ വിവിധ വില്ലേജുകളില്‍ റീസര്‍വെയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിര്‍വഹിക്കുകയാണ്. ബത്തേരി താലൂക്കിലെ പാടിച്ചിറ വില്ലേജ് റീസര്‍വെയുമായി ബന്ധപ്പെട്ട് ആറായിരത്തോളം പരാതികളാണ് ലഭിച്ചത്. ഇതില്‍ 2500ഓളം പരാതികള്‍ മാത്രമാണ് ആകെ തീര്‍പ്പ് കല്‍പ്പിക്കാനായത്. വെള്ളമുണ്ട വില്ലേജ് റീസര്‍വെയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ തീരുന്നതിനു മുന്‍പെയാണ് പാടിച്ചിറ വില്ലേജ് റീസര്‍വെ നടത്തിയത്.
ഇതിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു മുന്‍പ് തന്നെ നെന്മേനി വില്ലേജ് റീസര്‍വെ നടത്താന്‍ ശ്രമിക്കുകയാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. സര്‍വെയറുമായി ബന്ധപ്പെട്ട ജില്ലയിലെ കാര്യങ്ങള്‍ നോക്കി നടത്തുന്നത് സര്‍വെ ഡെപ്യൂട്ടി ഡയറക്ടറാണ്. ഈ ഉദ്യോഗസ്ഥന്റെ കസേര ജില്ലയില്‍ മൂന്നു വര്‍ഷക്കാലമായി ഒഴിഞ്ഞു കിടക്കുകയാണ്.
ജില്ലാ സര്‍വെ സൂപ്രണ്ട് ഓഫിസിനു സര്‍വെ ഡെപ്യൂട്ടി ഡയറക്ടറുടെ അധിക ചുമതല നല്‍കിയാണ് ഇപ്പോള്‍ കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നത്.
കഴിഞ്ഞ ദിവസം സര്‍വെ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസിലേക്ക് തിരുവനന്തപുരത്തെ സര്‍വെ ഡയറക്ടറുടെ ഓഫിസില്‍ നിന്നും ഒരു സന്ദേശം ലഭിച്ചു. റീസര്‍വെ എസ്റ്റാബ്ലിഷ്‌മെന്റിലെ വിവിധയിടങ്ങളില്‍ ജോലി ചെയ്യുന്ന സര്‍വെയര്‍മാരെ തിരിച്ചു വിളിക്കാനാണ് നിര്‍ദേശം. ഇത് നെന്മേനി വില്ലേജ് റീസര്‍വെ നടത്തുന്നതിനാണെന്ന ആരോപണമാണുള്ളത്.
നിലവില്‍ റീസര്‍വെ നടത്തിയ വില്ലേജുകളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ ആവശ്യത്തിനു സര്‍വെയര്‍മാരെ നിയമിക്കാതെ വീണ്ടും വിവിധയിടങ്ങളില്‍ റീസര്‍വെ നടത്തുന്നത് സര്‍വെ നടപടികള്‍ താളം തെറ്റുമെന്ന ആശങ്കയിലാണ് ജനങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."