സ്രാമ്പ്യ ബസാറില്‍ വോള്‍ട്ടേജ് ക്ഷാമം രൂക്ഷം; അറുപതോളം കുടുംബങ്ങള്‍ ദുരിതത്തില്‍
പള്ളിക്കല്‍: കടുത്ത വോള്‍ട്ടേജ് ക്ഷാമം മൂലം ഒരു പ്രദേശത്തെ അറുപതോളം കുടുംബങ്ങള്‍ ദുരിതമനുഭവിക്കുന്നു. പള്ളിക്കല്‍ ബസാര്‍-കൂനൂള്‍മാട് റോഡില്‍ സ്രാമ്പ്യ ബസാര്‍ മെയിന്‍ റോഡിനോട് ചേര്‍ന്നുള്ള പ്രദേശവാസികളാണ് വോള്ട്ടേജില്ലാത്തത് കാരണം ദുരിതമനുഭവിക്കുന്നത്. ഇവിടെ ഉള്‍പ്രദേശങ്ങളില്‍ പോലും ത്രീഫെയ്സ് വൈദ്യതി ലൈന്‍ കടന്ന് പോകുമ്പോള്‍ ഈ ഭാഗത്ത് സിംഗിള്‍ ഫെയ്സ് വൈദ്യുതി ലൈനാണുള്ളതെന്നും ഇതുകാരണമാണ് ഈ ഭാഗങ്ങളില്‍ വോള്ട്ടേജില്ലാത്തതെന്നുമാണ് നാട്ടുകാര്‍ പരാതിപ്പെടുന്നു.
കിണറില്‍ നിന്നും വെള്ളം ശേഖരിക്കുന്നതിനായി രാത്രി പത്തിന് ശേഷം പോലും മോട്ടോര്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും കടുത്ത ഉഷ്ണം അനുഭവിക്കുന്ന സമയത്ത് ഫാന്‍ പ്രവര്‍ത്തിക്കാത്തത് കാരണം ഏറെ ദുരിതമാണ് അനുഭവിക്കുന്നതെന്നും നാട്ടുകാര്‍ പറയുന്നു. ഇതുമായി 2015 ല്‍ പുളിക്കല്‍ കെ.എസ്.ഇ.ബി സെക്ഷനുള്പ്പെടെ ബന്ധപ്പെട്ട അധികാരികള്‍ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. ഒരു വര്‍ഷത്തിലേറെയായി നിരന്തരം ബന്ധപ്പെട്ടിട്ടും പരാതിയില്‍ അന്വാഷണം നടത്തി യോതൊരു നടപടിയും സ്വീകരിക്കാന്‍ കെ.എസ്.ഇ.ബി അധികൃതര്‍ തയാറായില്ലായെന്നാണ് ദുരിതമനുഭവിക്കുന്നവര്‍ ആരോപിക്കുന്നത്.
അടിയന്തിര പരിഹാരം ആവശ്യപ്പെട്ട് കൊണ്ട് പുളിക്കല്‍ സെക്ഷന്‍ വൈദ്യുതി ഉപഭോക്തൃ സമിതിയുടെ പേരില്‍ പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എം.എല്‍.എ, കെ.എസ്.ഇ.ബി അസി. എക്സിക്യുട്ടീവ് എന്‍ജിനീയര്‍ തുടങ്ങി ബന്ധപ്പെട്ട അധികാരികള്‍ക്ക് ഇപ്പോള്‍ വീണ്ടും പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."