പാകിസ്താന്‍ സമാധാനം ആഗ്രഹിക്കുന്നില്ല
യുദ്ധവേളകളില്‍ പോലും ശത്രുരാജ്യത്തിന്റെ പട്ടാളക്കാരുടെ മൃതദേഹങ്ങളോട് അനാദരവ് കാണിക്കരുതെന്നാണ് നിയമം. എന്നാല്‍ എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തി ഇന്ത്യയെ പ്രകോപിപ്പിക്കുന്ന നിലപാടുകളാണ് പാകിസ്താന്‍ കാലങ്ങളായി അനുവര്‍ത്തിച്ചു പോരുന്നത്. കഴിഞ്ഞ ദിവസം അതിര്‍ത്തിയില്‍ പാകിസ്താന്‍ പട്ടാളത്തിന്റെ വെടിയേറ്റ് മരിച്ച രണ്ട് ഇന്ത്യന്‍ ജവാന്മാരുടെ മൃതദേഹങ്ങളോട് പാക് പട്ടാളം കാണിച്ച ക്രൂരത മനുഷ്യത്വം മരവിച്ചവര്‍ക്ക് മാത്രം ചെയ്യാനാകുന്നതാണ്. കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ ഇത് മൂന്നാം തവണയാണ് ഇന്ത്യന്‍ സൈനികരുടെ മൃതദേഹങ്ങള്‍ പാകിസ്താന്‍ വൃകൃതമാക്കുന്നത്. തിരിച്ചടി നല്‍കുമെന്ന് ലഫ്റ്റ്‌നന്റ് ജനറല്‍ എ.കെ ഭട്ട ് പാകിസ്താന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. തിരിച്ചടിക്കാന്‍ സര്‍ക്കാര്‍ ഇന്ത്യന്‍ സൈന്യത്തിന് അനുമതി നല്‍കിയിട്ടുമുണ്ട്. പാക് സൈനികര്‍ വിതറിയ മൈനുകള്‍ പരിശോധിക്കാന്‍ അതിര്‍ത്തിയിലേക്കു പോയ 22 സിഖ് ഇന്‍ഫന്‍ട്രിയിലെ നായിബ് സുബേദാര്‍ പരംജിത് സിംഗ്, ബി.എസ്.എഫ് 200 ബറ്റാലിയനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ പ്രേം സാഗര്‍ എന്നിവരാണ് പാകിസ്താന്‍ പട്ടാളത്തിന്റെ പൊടുന്നനെയുള്ള ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട പട്ടാളക്കാരുടെ ശിരസ്സ് അറുത്ത് മാറ്റിയും ശരീരം വികൃതമാക്കിയും പാക് പട്ടാളം അവരുടെ ക്രൗര്യം പുറത്തെടുക്കുകയും ചെയ്തു. ലോകരാഷ്ട്രങ്ങളുടെ പിന്തുണയാര്‍ജ്ജിച്ചുകൊണ്ടുള്ള ഒരു മറുപടിയായിരിക്കണം സര്‍ക്കാര്‍ പാകിസ്താന് നല്‍കേണ്ടത്.
കഴിഞ്ഞ വര്‍ഷം ഉറിയില്‍ ഇന്ത്യന്‍ പട്ടാള ക്യാംപിന് നേരെ പാക് ഭീകരസംഘടന നടത്തിയ ഭീകരാക്രമണത്തില്‍ പതിനെട്ട ് പട്ടാളക്കാരാണ് കൊല്ലപ്പെട്ടത്. ഈ ഭീകരാക്രമണത്തില്‍ പങ്കില്ലെന്ന് പറഞ്ഞു പാകിസ്താന്‍ ഒഴിഞ്ഞു മാറിയിരുന്നു. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ഇന്ത്യന്‍ പട്ടാളക്കാരുടെ മൃതദേഹങ്ങള്‍ വികൃതമാക്കിയതിലും പങ്കില്ലെന്നാണ് പാകിസ്താന്‍ പറയുന്നത്. ഉറിയില്‍ നടന്നതിന് ഇന്ത്യന്‍ സേന പകരം ചോദിച്ചത് അതിര്‍ത്തിയില്‍ നിന്ന് രണ്ട് കിലോമീറ്ററോളം ഉള്ളിലേക്ക് ചെന്ന് ഭീകരാക്രമണ കേന്ദ്രങ്ങള്‍ തകര്‍ത്തുകൊണ്ടാണ്. എന്നാല്‍ ഇതില്‍ നിന്ന് പാകിസ്താന്‍ പാഠം പഠിച്ചിട്ടില്ലെന്ന് വേണം തുടരെത്തുടരെ അവര്‍ കശ്മിരില്‍ നടത്തികൊണ്ടിരിക്കുന്ന പ്രകോപനങ്ങളില്‍ നിന്നും മനസിലാക്കാന്‍. കഴിഞ്ഞ ദിവസവും കശ്മിരില്‍ ഹിസ്ബുല്‍ മുജാഹിദീന്റെ അക്രമണത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടിരിക്കുകയാണ്. അനന്ത നഗരിയില്‍ 25 ന് നടക്കേണ്ടിയിരുന്ന ഉപതെരഞ്ഞെടുപ്പു വരെ മാറ്റിവച്ച സ്ഥിതിവിശേഷമാണ് ഇപ്പോള്‍ കശ്മീരില്‍. മുന്‍ ഇന്ത്യന്‍ നാവികോദ്യോഗസ്ഥനായ കുല്‍ഭൂഷനെ ചാരനെന്ന് ആരോപിച്ച് തൂക്കികൊല്ലാന്‍ പാകിസ്താന്‍ സൈനിക കോടതി വിധിച്ചതും ഇന്ത്യാ-പാക് ബന്ധത്തില്‍ സംഘര്‍ഷം സൃഷ്ടിക്കാനുള്ള പാക് പട്ടാളത്തിന്റെ ബോധപൂര്‍വമായ ശ്രമമായിട്ടു വേണം കാണാന്‍. കുല്‍ഭൂഷന് എതിരായി തെളിവുകളൊന്നും ഹാജരാക്കാന്‍ പാക് പട്ടാളക്കോടതിക്ക് കഴിഞ്ഞിട്ടുമില്ല. അദേഹത്തെ കാണാന്‍ പോലും ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികളെ അനുവദിക്കാതിരുന്നതില്‍ നിന്ന് തന്നെ പാകിസ്താന്‍ സമാധാനം ആഗ്രഹിക്കുന്നില്ലെന്ന് വേണം കരുതാന്‍.
ഉറി ഭീകരാക്രമണത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യമായി പങ്കെടുത്ത പൊതുപരിപാടി കോഴിക്കോട്ടായിരുന്നു. ബി.ജെ.പി ദേശീയ കൗണ്‍സിലിന് ശേഷം ചേര്‍ന്ന പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് അദേഹം നടത്തിയ പ്രസംഗം ഒരേ സമയം സംയമനത്തിന്റെയും താക്കീതിന്റേതുമായിരുന്നു. ഉറിയിലെ 18 ധീരജവാന്മാരുടെ രക്തസാക്ഷിത്വം വ്യര്‍ത്ഥമാകില്ലെന്നും ഇന്ത്യ ഇത് മറക്കാന്‍ പോകുന്നില്ലെന്നുമായിരുന്നു അദേഹം പറഞ്ഞത്. ശേഷമാണ് സര്‍ജ്ജിക്കല്‍ സ്‌ട്രൈക്ക് എന്ന പേരില്‍ ഭീകരാക്രമണ കേന്ദ്രങ്ങളെ ഇന്ത്യന്‍ സൈന്യം നശിപ്പിച്ചത്. അടുത്ത കാലത്ത് അതേ സ്ഥലത്ത് അതേ കേന്ദ്രങ്ങള്‍ പാക് സൈന്യത്തിന്റെ സഹായത്തോടെ ഭീകരര്‍ പുനസ്ഥാപിച്ചിട്ടുണ്ട്. ഇത്തരം പ്രകോപനങ്ങളുടെ തുടര്‍ച്ചയായിട്ടു വേണം കഴിഞ്ഞ ദിവസം രണ്ട് ജവാന്മാരെ നിഷ്ഠൂരമായി വധിച്ച് മൃതദേഹങ്ങള്‍ വികൃതമാക്കിയതില്‍ നിന്നും മനസിലാക്കാന്‍. പാകിസ്താനോട് പകരം ചോദിക്കുന്നതോടൊപ്പം തന്നെ കശ്മീരിലെ ജനതയോട് നീതിപൂര്‍വം പ്രവര്‍ത്തിക്കാനും ഇന്ത്യക്ക് കഴിയണം. എന്നാല്‍ മാത്രമേ പാക് പ്രകോപനത്തെ ശാശ്വതമായി ഇല്ലാതാക്കാന്‍ കഴിയൂ. ശാന്തിയാണ് കശ്മീര്‍ ജനത ആഗ്രഹിക്കുന്നത്. അവര്‍ക്ക് അതിനുള്ള സാഹചര്യം ഒരുക്കികൊടുക്കേണ്ടത് കേന്ദ്രസര്‍ക്കാരിന്റെ ബാധ്യതയാണ്. കശ്മീര്‍ ജനതയുടെ വിശ്വാസം ആര്‍ജ്ജിക്കുന്നതിലൂടെ പാക് കുതന്ത്രങ്ങളെ പരാജയപ്പെടുത്താന്‍ കഴിയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."