എ.എ.പിയിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് താല്‍ക്കാലിക അയവ്
ന്യൂഡല്‍ഹി: ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനുകളിലേക്കു നടന്ന തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്കു പിന്നാലെ ആം ആദ്മി പാര്‍ട്ടിയിലുണ്ടായ രാഷ്ട്രീയ പ്രതിസന്ധിക്കു തല്‍ക്കാലിക വിരാമം. തര്‍ക്കത്തിനു തുടക്കമിട്ട മുതിര്‍ന്ന നേതാവ് കുമാര്‍ ബിശ്വാസ് പാര്‍ട്ടിയില്‍ തുടരും. ബിശ്വാസിനെതിരേ പരസ്യവിമര്‍ശനമുന്നയിച്ച അമാനത്തുല്ല ഖാന്‍ എം.എല്‍.എയെ സസ്‌പെന്‍ഡ് ചെയ്തതോടെയാണ് എ.എ.പിയിലെ പ്രതിസന്ധി അയഞ്ഞത്. ദിവസങ്ങളായി നടന്ന തുടര്‍ച്ചയായ ചര്‍ച്ചകള്‍ക്കൊടുവിലാണ് അമാനത്തുല്ലയെ സസ്‌പെന്‍ഡ് ചെയ്ത് സ്ഥാപക നേതാക്കളിലൊരാളായ കുമാര്‍ ബിശ്വാസിനെ പാര്‍ട്ടിയില്‍ നിലനിര്‍ത്താന്‍ ധാരണയായത്. പാര്‍ട്ടിയുടെ രാഷ്ട്രീയകാര്യ സമിതിയുടെതാണ് തീരുമാനം. ബിശ്വാസിന് രാജസ്ഥാന്റെ ചുമതലയും നല്‍കി. അടുത്ത വര്‍ഷമാദ്യം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനമാണ് രാജസ്ഥാന്‍.
തനിക്കെതിരേ ആരോപണമുന്നയിച്ച അമാനത്തുല്ലയ്‌ക്കെതിരേ കടുത്ത നടപടി വേണമെന്ന് ബിശ്വാസ് ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചാണ് ഓഖ്‌ലയില്‍ നിന്നുള്ള നിയമസഭാംഗമായ അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തത്. കുമാര്‍ ബിശ്വാസിനെ അനുനയിപ്പിക്കാനായി എ.എ.പി നേതാവും ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയും രംഗത്തുണ്ടായിരുന്നു.
ഒരുവിഭാഗം എം.എല്‍.എമാരുമായി ബിശ്വാസ് ബി.ജെ.പിയില്‍ ചേരാന്‍ ശ്രമിക്കുകയാണെന്ന അമാനത്തുല്ലാ ഖാന്റെ ആരോപണമാണ് പാര്‍ട്ടിയില്‍ പ്രശ്‌നം സങ്കീര്‍ണമാക്കിയത്. ബിശ്വാസിനു ബി.ജെ.പി കോടികള്‍ വാഗ്ദാനംചെയ്തിട്ടുണ്ടെന്നും അദ്ദേഹം ആര്‍.എസ്.എസ്- ബി.ജെ.പി ഏജന്റാണെന്നും അമാനത്തുല്ലാ ഖാന്‍ ആരോപിച്ചിരുന്നു. ഇതിനോട് പരസ്യപ്രതികരണവുമായി ബിശ്വാസ് വന്നതോടെയാണ് പാര്‍ട്ടി പൊട്ടിത്തെറിയുടെ വക്കിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."