അമിത്ഷായ്ക്ക് ഊണ് നല്കി സല്‍ക്കരിച്ച ദമ്പതികള്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു
കൊല്‍ക്കത്ത: ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ പ.ബംഗാള്‍ പര്യടനത്തിനിടയില്‍ ഉച്ചഭക്ഷണം നല്കി സല്‍ക്കരിച്ച ബി.ജെ.പി അംഗങ്ങളായ ദമ്പതികള്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു.
നക്സല്‍ബാരിയിലെ മഹാലി ഗോത്രത്തില്‍പെട്ട രാജു മഹാലിയും ഇയാളുടെ ഭാര്യ ഗീതയുമാണ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഇന്നലെ നടന്ന ചടങ്ങില്‍ ഇരുവരെയും സംസ്ഥാന ടൂറിസം മന്ത്രി ഗൗതം ദേബ് പാര്‍ട്ടി അംഗത്വം നല്കി സ്വീകരിച്ചു.
കഴിഞ്ഞ ആഴ്ചയാണ് അമിത് ഷായുടെ നേതൃത്വത്തില്‍ 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് ബംഗാള്‍ പര്യടനം തുടങ്ങിയത്. പര്യടനത്തിനിടയില്‍ കഡിയാജോദ് ഗ്രാമത്തിലെത്തിയ അമിത്ഷാക്ക് ഉച്ചഭക്ഷണം നല്‍കിയത് രാജുമഹാലിയും ഭാര്യ ഗീതയുമായിരുന്നു.
വാഴയിലയില്‍ വിളമ്പിയ വെജിറ്റേറിയന്‍ ഭക്ഷണം നല്‍കിയാണ് ഇവര്‍ അമിത്ഷായെ സ്വീകരിച്ചത്. നിലത്തിരുന്ന് ഭക്ഷണം കഴിക്കുന്ന ചിത്രങ്ങള്‍ മാധ്യമങ്ങളിലും മറ്റ് സോഷ്യല്‍ മീഡിയകളിലും വരികയും ചെയ്തു.
അതേസമയം സല്‍ക്കാരത്തിനുശേഷം രാജുവിനെയും കുടുംബത്തെയും കാണാനില്ലെന്ന് വാര്‍ത്ത വന്നിരുന്നു. നക്സല്‍ബാരി പൊലിസ് സ്റ്റേഷനില്‍ ഇതുസംബന്ധിച്ച് പരാതിയും ലഭിച്ചു. ഇവരെ തൃണമൂല്‍ നേതാക്കള്‍ തട്ടിക്കൊണ്ടുപോയതാണെന്ന് ബി.ജെ.പി ആരോപിച്ചിരുന്നു.
എന്നാല്‍ ഇവരെ ഭീഷണിപ്പെടുത്തി പാര്‍ട്ടിയില്‍ ചേര്‍ത്തിട്ടില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പറഞ്ഞു. പണമോ പദവിയോ നല്കി ഇവരെ പ്രകോപിപ്പിച്ചിട്ടില്ലെന്ന് മന്ത്രി ഗൗതം ദേബ് പറഞ്ഞു. ഇവരെ കാണാനില്ലെന്ന പരാതി വ്യാജമാണെന്ന് പറഞ്ഞ മന്ത്രി പെയിന്റിങ് തൊഴിലാളിയായ രാജുവും കൂലിപ്പണിക്കാരിയായ ഗീത ജോലിക്കും പോയതായിരുന്നുവെന്ന് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."