സ്വകാര്യ ധനകാര്യ സ്ഥാപനം ജപ്തി നോട്ടീസുകള്‍ പതിക്കുന്നത് വിവാദത്തില്‍ വായ്പ തിരിച്ചടച്ചവര്‍ക്കും ഭീഷണി
അമ്പലപ്പുഴ: സ്വകാര്യ ധനകാര്യ സ്ഥാപനം തീരദേശ മേഖലയില്‍ വ്യാപകമായി ജപ്തി നോട്ടീസുകള്‍ പതിക്കുന്നത് വിവാദമാകുന്നു. മഹീന്ദ്ര എന്ന ധനകാര്യ സ്ഥാപനമാണ് മത്സ്യത്തൊഴിലാളികളുടെ വീട്ടിനു മുന്നില്‍ ജപ്തി നോട്ടീസുകള്‍ പതിച്ചിരിക്കുന്നത്.
മഹീന്ദ്ര റൂറല്‍ ഹൗസിങ് ഫൈനാന്‍സ് എന്ന സ്ഥാപനത്തില്‍ നിന്ന് ഭവനിര്‍മാണത്തിനായാണ് മത്സ്യത്തൊഴിലാളികള്‍ വായ്പ എടുത്തത്.വസ്തുവിന്റെ ഈടിന്മേലാണ് സ്ഥാപനം തുക വായ്പ നല്‍കിയത്.ആധാരം പണയപ്പെടുത്തി എടുത്ത വായ്പ മുടങ്ങിയതിനാല്‍ ജപ്തി ചെയ്യുമെന്നു കാട്ടിയാണ് സ്ഥാപനം കഴിഞ്ഞ ദിവസം നിരവധി വീടുകള്‍ക്കു മുന്നില്‍ ജപ്തി നോട്ടീസ് പതിച്ചത്.എന്നാല്‍ വായ്പ എടുത്തമിക്ക തൊഴിലാളികളും ഗഡുക്കളായി തുക തിരിച്ചടച്ചിരുന്നു.
പുറക്കാട് പുതിയ പറമ്പില്‍ മോഹന്‍ദാസ് ഒന്നര ലക്ഷം രൂപ ഭവന നിര്‍മാണത്തിനായി എടുത്ത വായ്പ തുക മുഴുവന്‍ തിരികെ അടച്ചിരുന്നു. എന്നാല്‍ വായ്പാ തുകയിലെ കുടിശിഖ 53 ,000 രൂപ അടച്ചില്ലെങ്കില്‍ ഇദ്ദേഹത്തിന്റെ വസ്തു ക്കള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നാണ് സ്ഥാപനം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.ഈ രീതിയില്‍ വായ്പാ തുക മുഴുവന്‍ തിരികെ അടച്ച നിരവധി മത്സ്യതൊഴിലാളികള്‍ക്ക് സ്ഥാപനം ചട്ട വിരുദ്ധമായി നോട്ടീസ് അയച്ചിരിക്കുകയാണ്. മിക്ക മത്സ്യതൊഴിലാളികളും വായ്പ എടുക്കുന്നതിനായി ആധാരം ഈ സ്ഥാപനത്തില്‍ പണയപ്പെടുത്തിയിരിക്കുകയാണ്. സ്ഥാപനം ആധാരം നല്‍കാതെ ജപ്തി നോട്ടീസ് പതിച്ചിരിക്കുകയാണ്.
സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ മറികടന്നാണ് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ മത്സ്യത്തൊഴിലാളികളെ ആശങ്കയിലാക്കി ജപ്തി നോട്ടീസ് അയച്ചിരിക്കുന്നത്.മത്സ്യത്തൊഴിലാളികളെടുത്ത വായ്പാ തിരിച്ചടവു സംബന്ധിച്ച് തീരുമാനം മത്സ്യതൊഴിലാളി കടാശ്വാസ കമ്മീഷന്റെ പരിഗണനയിലിരിക്കുകയാണ്.ഇതിനിടയിലാണ് സര്‍ക്കാരിന്റെയും കോടതിയുടെയും നിര്‍ദ്ദേശം മറികടന്ന് ഈ സ്ഥാപനം നോട്ടിസ് നല്‍കിയിരിക്കുന്നത്.ഇതിനെതിരെ മത്സ്യത്തൊഴിലാളികള്‍ കലക്ടര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."