കോട്ടയം തെരഞ്ഞടുപ്പ്: സി.പി.എമ്മിനെതിരെ ജനയുഗം, മാണിക്കെതിരെ വീക്ഷണം
തിരുവനന്തപുരം: കോട്ടയം ജില്ലാ പഞ്ചായത്തില്‍ സി.പി.എമ്മിന്റെ പിന്തുണയില്‍ കേരള കോണ്‍ഗ്രസ് അധികാരം പിടിച്ചതോടെ കെ.എം മാണിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി കോണ്‍ഗ്രസും സി.പി.എമ്മിനെതിരെ സി.പി.ഐയും രംഗത്തെത്തി. വിമര്‍ശനങ്ങളുടെ പെരുമഴയുമാണ് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണവും സി.പി.ഐ മുഖപത്രമായ ജനയുഗവും ഇന്ന് പുറത്തിറങ്ങിയിരിക്കുന്നത്.
മാണിയുടെ യാത്ര കനാനിലേക്കോ നരകത്തിലേക്കോ എന്ന വീക്ഷണം മുഖപ്രസംഗം മാണി ഗ്രൂപ്പിന്റെ നടപടി രാഷ്ട്രീയ സദാചാരത്തിന് നിരക്കാത്തതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ആരംഭിക്കുന്നത്. മാണി എല്‍.ഡി.എഫിലേക്ക് പോകുന്നത് അടുക്കള വാതില്‍ വഴി ജാരനെ പോലെയാണ്. ദേവദാസികളെ പോലെ ആരുടെ മുന്നിലും ആടാനും പാടാനുമുളള രാഷ്ട്രീയ അശ്ലീലത ലജ്ജാകരമാണ്. യു.ഡി.എഫ്, എല്‍.ഡി.എഫ് അതുമല്ലെങ്കില്‍ ബി.ജെ.പി എന്ന നിലപാടാണ് കെ.എം മാണിക്ക്. രാത്രികളും ശയ്യയും മാറി മാറി പങ്കിടുന്ന തൊഴിലിന്റെ പേര് പറയാതെ തന്നെ എല്ലാവര്‍ക്കും അറിയാമെന്നും മുഖപ്രസംഗത്തില്‍ പരിഹസിക്കുന്നു.
സി.പി.എം അംഗങ്ങള്‍ കേരള കോണ്‍ഗ്രസിനെ വിജയിപ്പിക്കാനായി വോട്ട് ചെയ്തത് സാമാന്യ ജനങ്ങള്‍ക്ക് ഉള്‍ക്കൊളളാന്‍ കഴിയാത്ത രാഷ്ട്രീയ അധാര്‍മ്മികതയും അവസരവാദവുമായെ വിലയിരുത്താനാവൂ എന്നാണ് ജനയുഗം മുഖപ്രസംഗത്തിന്റെ വിലയിരുത്തല്‍. മാണി ബജറ്റ് അവതരിപ്പിക്കുന്നതിനെതിരെ കേരള നിയമസഭയിലുണ്ടായ പ്രതിഷേധം കേരള ജനതയുടെ മനസില്‍ മായാത്ത ചിത്രമായി ഇന്നും നിലനില്‍ക്കുന്നുണ്ട്. അത്തരമൊരു രാഷ്ട്രീയ പാര്‍ട്ടിയെ അധികാരത്തിലെത്തിക്കാന്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് നേതൃത്വം നല്‍കുന്ന പ്രമുഖ ഘടകകക്ഷി തയ്യാറാവുമെന്ന് ജനാധിപത്യത്തിലും രാഷ്ട്രീയ ധാര്‍മ്മികതയിലും വിശ്വസിക്കുന്ന കേരള ജനത സ്വപ്‌നത്തില്‍ പോലും കരുതിയിട്ടുണ്ടാവില്ല.
അത് എല്‍ ഡി എഫില്‍ വിശ്വാസമര്‍പ്പിച്ച ജനങ്ങള്‍ക്ക് വിശ്വസിക്കാനാവാത്ത ഇരുട്ടടിയും തികഞ്ഞ അവസരവാദപരവുമായെ കാണാനാവൂയെന്നും ജനയുഗം കുറ്റപ്പെടുത്തുന്നു. പ്രാദേശികമായ നേട്ടങ്ങളാണ് അതിന് പിന്നിലെന്ന ന്യായീകരണം ജനങ്ങള്‍ക്ക് ഉള്‍ക്കൊളളാനാവില്ല. എല്‍ ഡി എഫ് ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയ മൂല്യങ്ങള്‍ക്ക് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് വിജയം എന്ത് സംഭാവനയാണ് നല്‍കുക എന്നത് വിശദീകരിക്കാന്‍ അട്ടിമറിക്ക് ഒത്താശ ചെയ്ത സിപിഎം നേതാക്കള്‍ ബാധ്യസ്ഥരാണെന്നും ജനയുഗം പറയുന്നു.
അഴിമതിക്കെതിരായ കേരളജനതയുടെ പോരാട്ട വീര്യത്തിനുമേല്‍ വെളളമൊഴിച്ച് കെടുത്തുന്ന നടപടിയാണിതെന്നുമുളള വിമര്‍ശനത്തോടെയാണ് ജനയുഗത്തിന്റെ എഡിറ്റോറിയല്‍ അവസാനിക്കുന്നത്.
ഇന്നലെ നടന്ന കോട്ടയം ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിനെ സിപിഎം പിന്തുണച്ചിരുന്നു. കേരള കോണ്‍ഗ്രസിലെ സഖറിയാസ് കുതിരവേലി ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കുക എന്ന സമീപനമാണ് സിപിഐ കൈക്കൊണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."