വെള്ളായണി കായലില്‍ മത്സ്യസമ്പത്ത് കുറയുന്നു
കോവളം: ജില്ലയിലെ ശുദ്ധജല തടാകങ്ങളിലൊന്നായ വെള്ളയണി കായലില്‍ മത്സ്യസമ്പത്ത് കുറഞ്ഞുവരന്നു. കായലില്‍ കണ്ടുവന്നിരുന്ന 12ഓളം മത്സ്യ ഇനങ്ങള്‍ പൂര്‍ണമായും അപ്രത്യക്ഷമായ നിലയിലാണ്. നിലവില്‍ കാണപ്പെടുന്നതില്‍ നാലു മത്സ്യഇനങ്ങള്‍ കൂടി വംശനാശ ഭീഷണി നേരിടുന്നുണ്ടെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.
പലകാരണങ്ങള്‍ കൊണ്ടുണ്ടായ പാരിസ്ഥിതിക മാറ്റവും കായലിലെ മത്സ്യസമ്പത്തിന്റെ ആവാസ വ്യവസ്ഥയില്‍ വന്ന വ്യതിയാനങ്ങളും വംശനാശത്തിന് കാരണമായെന്നാണ് കരുതുന്നത്. കുറുവാകൈലി, ഒറ്റചുണ്ടന്‍കോരാളന്‍, പ്രച്ചി, ചെമ്പല്ലി, മാലാവ്, ചാങ്കണ്ണി, പൂമീന്‍, ആറ്റുവാള, കണ്ണന്‍പൗള, ചാവറ്ര, വരിച്ചല്‍, ഉടതല തുടങ്ങിയ മത്സ്യങ്ങളാണ് കായലില്‍നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നത്. കല്ലുമുട്ടി, ആരല്‍, പൂന്തി, പാര എന്നീ മത്സ്യങ്ങളാണ് വംശനാശ ഭീഷണി നേരിടുന്ന മത്സ്യയിനങ്ങള്‍.
കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളിലാണ് കായല്‍ മീനുകളില്‍ പല ഇനങ്ങളെയും കാണാതായതെന്നാണ് തൊഴിലാളികള്‍ പറയുന്നത്. എന്നാല്‍ മത്സ്യ സമ്പത്ത് വര്‍ധിപ്പിക്കാനും മത്സ്യത്തൊഴിലാളികളുടെ ഉപജീവന മാര്‍ഗങ്ങള്‍ മെച്ചപ്പെടുത്താനുമെന്ന പേരിലും കോടിക്കണക്കിന് രൂപ ചെലവഴിക്കുമ്പോഴാണ് വെള്ളായണി കായലില്‍ മത്സ്യസമ്പത്ത് അപകടകരമാംവിധം കുറഞ്ഞിരിക്കുന്നത്. ഇതിനെക്കുറിച്ച് പഠനം നടത്താനോ പരിഹാരം കണ്ടെത്താനോ സര്‍ക്കാര്‍ തലത്തിലുള്ള ഒരു ഏജന്‍സികളും ഇതുവരെ തയാറായിട്ടില്ല.
എന്നാല്‍ കായലിലേക്ക് മാലിന്യങ്ങള്‍ വലിച്ചെറിയുന്നതും ഒലിച്ചിറങ്ങുന്നതുമാണ് ഒരു പ്രധാന കാരണമെന്ന് പറയപ്പെടുന്നു.
കയല്‍ പരിസരത്തെ പല ഹോട്ടലുകളിലെയും റിസോര്‍ട്ടുകളിലെയും മാലിന്യം ഒഴികിയെത്തുന്നത് കായലിലേക്കാണ്. സമീപത്തെ പാടശേഖരങ്ങളിലും കൃഷിയിടങ്ങളിലും ഉപയോഗിക്കുന്ന ഫ്യൂറിഡന്‍, എന്‍ഡോസല്‍ഫാന്‍ തുടങ്ങിയ രാസമാലിന്യങ്ങള്‍ കായലില്‍ എത്തുന്നുണ്ട്.
അശാസ്ത്രീയമായ രീതിയിലുള്ള മത്സ്യബന്ധനവും വന്‍തോതില്‍ താമരച്ചെടി പടര്‍ന്നു കയറുന്നതും മത്സ്യസമ്പത്തിന് ഭീക്ഷണിയാണ്. കായലുകള്‍ക്ക് ചുറ്റിം കണ്ടല്‍ക്കാടുകളുടെ അഭാവവും മത്സ്യങ്ങളുടെ പ്രജനനത്തെ കാര്യമായി ബാധിക്കുന്നുണ്ട്. കായലില്‍ പ്രത്യേക കൂടുകള്‍ തയാറാക്കി വളര്‍ത്തുന്ന മത്സ്യയിനങ്ങളായ രോഹു, കട്‌ല, മൃഗാള്‍, സൈഫ്രന്‍സ്, ലേവ്യ, ഗ്രാസ് കാര്‍പ്പ് തുടങ്ങിയവ ഇവിടെ പ്രജനനം ഇല്ലാത്തവയാണ്. മറ്റു ഹാച്ചറികളില്‍നിന്ന് മത്സ്യക്കുഞ്ഞുങ്ങളെ വാങ്ങി കൂട്ടില്‍ നിക്ഷേപിച്ച് വളര്‍ത്തുക മാത്രമാണ് ചെയ്യുന്നത്. ശുദ്ധജലത്തില്‍ മാത്രം വളരുന്ന ഇത്തരം മത്സ്യങ്ങള്‍ക്കും അടുത്തിടയായി നിലനില്‍പ് ഭീഷണി ഉയരുന്നുണ്ട്.
വള്ളയണിക്കായലിലെ ശുദ്ധജലത്തിന്റ പി.എച്ച് മൂല്യത്തിന് കാര്യമായ വ്യാത്യാനം ഉണ്ടായിട്ടുള്ളതായാണ് വിവരം. സമീപകാലത്തായി പി.എച്ച് മൂല്യം 7.5 ല്‍നിന്ന് 6 പി.എച്ച് ആയി കുറഞ്ഞതായാണ് അറിയുന്നത്. അടിയന്തരമായി ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളോ പരിസ്ഥിതി ഏജന്‍സികളോ മുന്നോട്ടുവന്ന് കയലിന്റ മത്സ്യസമ്പത്തിനേയും ആവസവ്യവസ്ഥകളെയും സംരക്ഷിക്കാനുള്ള നടപടികള്‍ യുദ്ധകാലടിസ്ഥാനത്തില്‍ നടപ്പിലാക്കണമെന്നാണ് മത്സ്യത്തൊഴിലാളികളും നാട്ടുകാരും ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."