മങ്കര വിദേശമദ്യവില്‍പനശാല പ്രക്ഷോഭം ശക്തമാകുന്നു
വടക്കാഞ്ചേരി: മങ്കര എച്ച്.എം.സി നഗറിന് സമീപം വനമേഖലയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന കണ്‍സ്യൂമര്‍ ഫെഡ് വിദേശമദ്യ വില്‍പ്പനശാല അടച്ച് പൂട്ടണമെന്ന് ആവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന പ്രക്ഷോഭങ്ങള്‍ കൂടുതല്‍ തീവ്രമാമാക്കന്നു. മദ്യഷാപ്പിന് വടക്കാഞ്ചേരി നഗരസഭ പച്ചകൊടി കാട്ടുകയാണെന്ന് ആരോപിച്ച് നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍ എം.ആര്‍ സോമനാരായണന്റെ നേതൃത്വത്തില്‍ മെയ് 9 ന് രാവിലെ നഗരസഭ ഓഫീസ് ഉപരോധിക്കും. മദ്യഷാപ്പ് ഏതെങ്കിലും സ്ഥലത്ത് പ്രവര്‍ത്തിക്കണമെങ്കില്‍ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ അനുമതിയും, ലൈസന്‍സും വേണമെന്നിരിക്കെ ഒരു അനുമതിയുമില്ലാതെയാണ് നഗരസഭ പ്രദേശത്ത് മദ്യവില്‍പ്പനശാല പ്രവര്‍ത്തിക്കുന്നത്.
കാടിനും, നാടിനും, വീടിനും ശാപമാണ് മദ്യ വില്‍പനശാല. അതുകൊണ്ടുതന്നെ ഇതിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ നഗരസഭ ഭരണ സമിതി ഇടപെടണം. ജനങ്ങളുടെ പരാതിയെ തുടര്‍ന്ന് നഗരസഭ സെക്രട്ടറിയുടെ നേതൃത്വത്തില്‍ പ്രദേശം സന്ദര്‍ശിക്കുകയും പ്രശ്‌നങ്ങള്‍ ബോധ്യപ്പെടുകയും ചെയ്തതാണ്.
സ്റ്റോപ്പ് മെമ്മോ നല്‍കാന്‍ സെക്രട്ടറി തീരുമാനമെടുക്കുകയും ചെയ്തതാണ്. എന്നാല്‍ ചില ഭരണകക്ഷി അംഗങ്ങള്‍ ഇടപെട്ട് ഇത് തടസപ്പെടുത്തുകയായിരുന്നു. നഗരസഭ ഭരണ സമിതി ജനങ്ങള്‍ക്കൊപ്പമല്ല നിലകൊള്ളുന്നത്. ഇത് അംഗീകരിക്കാനാകില്ലെന്നും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു. വടക്കാഞ്ചേരി പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍ എം.ആര്‍ സോമനാരായണന്‍, കരുമത്രപള്ളി വികാരി ഫാ: ജോബി പുത്തൂര്‍, മോളി ബാബു, റസില്‍ കുരിയാക്കോസ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."