തേര്‍ക്കയത്തെ മരണക്കയമാക്കിയത് അനധികൃത മണലൂറ്റ്
തിരൂരങ്ങാടി: അനിയന്ത്രിതവും അനധികൃതവുമായ മണലൂറ്റ് തേര്‍ക്കയത്തെ മരണക്കയമാക്കി മാറ്റി. താഴേ കോഴിച്ചെനയിലെ പിലാക്കോട്ട് ഇബ്രാഹീമിന്റെ മക്കളായ മുഹമ്മദ് ശിഹാബ് (22), ഫാത്വിമ നസ്‌റി (14) എന്നിവരാണ് കഴിഞ്ഞ ദിവസം മണലൂറ്റിന്റെ ഇരകളായി മരണപ്പെട്ടത്.
തിരൂരങ്ങാടി ഗ്രാമപഞ്ചായത്തായിരുന്ന സമയത്തു പഞ്ചായത്തിന്റെ അംഗീകൃത മണല്‍കടവായിരുന്നു തേര്‍ക്കയം. ഇതിന്റെ മറവില്‍ ഇവിടെനിന്നു വന്‍തോതിലാണ് മണല്‍ കയറ്റിയിരുന്നത്. അധികൃതരുടെ ശ്രദ്ധ പെട്ടെന്നു പതിയാത്തതിനാല്‍തന്നെ രാപ്പകല്‍ ഭേദമന്യേ മണല്‍ കൊള്ളയായിരുന്നു. പഞ്ചായത്ത് ഇ-പാസിലൂടെ നിത്യേന പത്ത് ലോഡിന് അനുമതി നല്‍കിയിരുന്നെങ്കിലും പാസിന്റെ മറവില്‍ മുപ്പതോളം ലോഡ് മണല്‍ കടത്തിയിരുന്നതായി പരിസരവാസികള്‍ പറയുന്നു.
കൂടാതെ രാത്രികാലങ്ങളില്‍ മണല്‍ മാഫിയയും ലോഡുകണക്കിന് മണലാണ് തേര്‍ക്കയത്തുനിന്നു കൊള്ളയടിച്ചത്.
നിലവില്‍ രാത്രികാലങ്ങളില്‍ മണല്‍ കടത്തുന്നതായി നാട്ടുകാര്‍ പറഞ്ഞു. പൂഴി വാരല്‍ അനിയന്ത്രിതമായി തുടര്‍ന്നതിനാല്‍ പുഴയില്‍ അങ്ങിങ്ങായി വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെടുകയായിരുന്നു. ആറു മീറ്ററോളം താഴ്ചയുള്ള കുഴികളില്‍ അപകടം പതിയിരിക്കുന്നുണ്ട്. കുളിക്കാനും അലക്കാനും എത്തുന്നവര്‍ക്കു കടവിന്റെ പരിസരത്തുള്ളവര്‍ മുന്നറിയിപ്പ് നല്‍കാറാണ് പതിവ്.
വരള്‍ച്ചയില്‍ പുഴയുടെ ഭൂരിഭാഗവും വറ്റിയെങ്കിലും വെള്ളം ശേഷിക്കുന്നതു തേര്‍ക്കയത്തെ ഈ മണല്‍ക്കുഴികളിലും മറ്റുമാണ്. ജലവിഭവ വകുപ്പിന്റെ പമ്പ്ഹൗസ് പരിസരത്തു ലഭിക്കേണ്ട വെള്ളം മണല്‍ക്കുഴികളില്‍ ഒതുങ്ങിയതോടെ വേണ്ടവിധം ജലവിതരണം നടത്താനാകാതെ കുഴങ്ങുകയാണ് അധികൃതര്‍.
ഇന്നലെ മാതാവിനൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ സഹോദരങ്ങളാണ് മുങ്ങി മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."