കുടിവെള്ളത്തിനായി നെട്ടോട്ടം; ടാങ്കറുകളില്‍ എത്തുന്ന വെള്ളം ഏക ആശ്രയം
മാഹി: ന്യൂമാഹി പഞ്ചായത്തില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായി തുടരുന്നു. കടുത്ത വരള്‍ച്ചയെ തുടര്‍ന്നു കിണറുകളേറെയും വറ്റി. കരിക്കുന്ന്, കിടാരന്‍കുന്ന്, ഉസ്സന്‍മൊട്ട, കുറ്റിക്കുന്ന്, നന്ത്യത്ത്കുന്ന്, ചവോക്കുന്ന്, പട്ടത്തിക്കുന്ന്, ബാണന്കുന്ന്, വേലായുധന്മൊട്ട തുടങ്ങിയ കുന്നിന് പ്രദേശങ്ങളിലാണ് വരള്‍ച്ച രൂക്ഷം. പല കുടുംബങ്ങളും, വെള്ളം ലഭിക്കുന്ന ബന്ധു വീടുകളിലേക്ക് മാറി. പുന്നോല്‍ സര്‍വിസ് സഹകരണ ബേങ്ക്, പെരിങ്ങാടിയിലെ കൈത്താങ്ങ്, മറ്റ്ചില സന്നദ്ധ സംഘടനകളും റവന്യു വകുപ്പും ന്യൂമാഹിയിലെ വിവിധ ഭാഗങ്ങളില്‍ വെള്ളം ടാങ്കര്‍ ലോറി വഴി വിതരണം ചെയ്യുന്നുണ്ട്. ആള് താമസമില്ലാത്ത വീടുകളിലെയും, നിര്‍മാണം പൂര്‍ത്തിയാകാത്ത വീടുകളിലെയും കിണറുകളില്‍ നിന്നും ചില കുളങ്ങളില്‍ നിന്നും മറ്റുമാണ് ഇവര്‍ വെള്ളം ശേഖരിക്കുന്നത്. എന്നാല്‍ ഇവിടങ്ങളിലും വെള്ളം വറ്റിക്കഴിഞ്ഞു. ടാങ്കറുകളില്‍ നിറയ്ക്കാന്‍ വെള്ളം ലഭിക്കാത്ത സാഹചര്യമാണുള്ളത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കുറേശ്ശെ വേനല്‍ മഴ ലഭിച്ചുവെങ്കിലും ന്യൂമാഹി, മയ്യഴി എന്നിവിടങ്ങളില്‍ മഴ ലഭിച്ചിട്ടില്ല. മുന്‍കാലങ്ങളില്‍ വരള്‍ച്ചയെ അതിജീവിച്ച മിക്ക കിണറുകളില്‍ പോലും ഈ വര്‍ഷം വെള്ളമില്ലാതായതോടെ ജനങ്ങള്‍ കുടിവെള്ളത്തിനായി നെട്ടോട്ടത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."