ഇന്ത്യ മതേതര രാജ്യമെന്ന് യു.എന്നില്‍ കേന്ദ്രം
ജനീവ: ഇന്ത്യ മതേതര രാജ്യമാണെന്നും രാജ്യത്തിന് ഔദ്യോഗിക മതമില്ലെന്നും യു.എന്നില്‍ ഇന്ത്യ. മതന്യൂനപക്ഷങ്ങളുടെ സംരക്ഷണം ഭരണഘടനയുടെ അന്തസത്തയാണെന്നും യു.എന്നിന്റെ മനുഷ്യാവകാശ സമിതിയില്‍ അറ്റോണി ജനറല്‍ മുകുള്‍ റോഹ്തഗി പറഞ്ഞു. ഇന്ത്യയില്‍ മതന്യൂനപക്ഷങ്ങള്‍ക്കെതിരേ നടക്കുന്ന അതിക്രമങ്ങള്‍ പാകിസ്താന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ചൂണ്ടിക്കാട്ടിയ പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം.
27ാമത് യൂനിവേഴ്‌സല്‍ പീരിയോഡിക് റിവ്യൂ വര്‍ക്കിങ് ഗ്രൂപ്പിന്റെ യോഗത്തിലാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്. ഇന്ത്യന്‍ ഭരണഘടന അനുസരിച്ച് മതന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണത്തിന് നിരവധി പദ്ധതികളും നിയമപരിരക്ഷയുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ജാതി,മതം,വര്‍ണം,വര്‍ഗം എന്നീ വിവേചനം പൗരന്മാര്‍ക്കിടയിലില്ല. ഏതു മതത്തിലും വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം പൗരന്മാര്‍ക്കുണ്ട്. ആവിഷ്‌കാര സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും എല്ലാവര്‍ക്കുമുണ്ട്.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന ബോധം ഉള്‍ക്കൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും റോഹ്തഗി പറഞ്ഞു. രാജ്യത്ത് വിവിധ രാഷ്ട്രീയ ചിന്താഗതിക്കാരുണ്ട്. എല്ലാ പാര്‍ട്ടികള്‍ക്കും പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും ഇന്ത്യ പറഞ്ഞു.
അതിനിടെ, പാകിസ്താന്‍ പ്രതിനിധി കശ്മിരില്‍ ഇന്ത്യ പെലറ്റ്‌തോക്ക് ഉപയോഗിക്കുന്നതിലെ മനുഷ്യാവകാശ പ്രശ്‌നം ചൂണ്ടിക്കാട്ടി. പെലറ്റ് തോക്കുകള്‍ നിരോധിക്കണമെന്നും ആവശ്യമുയര്‍ന്നു. കശ്മിരിലെ സ്ഥിതി വിലയിരുത്താന്‍ യു.എന്‍ മനുഷ്യാവകാശ സംഘത്തെ അയക്കണമെന്നും പാകിസ്താന്‍ ആവശ്യപ്പെട്ടു. ഇന്ത്യയില്‍ ന്യൂനപക്ഷങ്ങളായ മുസ്‌ലിം, സിക്ക്, ക്രിസ്ത്യന്‍, ദലിത് വിഭാഗങ്ങള്‍ക്കെതിരേ ആക്രമണം പതിവാണെന്ന് പാകിസ്താന്‍ ആരോപിച്ചു. എന്നാല്‍ സമാധാനത്തിലും അഹിംസയിലും വിശ്വസിക്കുന്ന രാജ്യമാണ് തങ്ങളുടേതെന്നും മാനവികതയെ മുറുകി പിടിക്കുമെന്നും ചൂഷണത്തിന് സ്ഥാനമില്ലെന്നും ഇന്ത്യ മറുപടി നല്‍കി.
സായുധ സേനാ പ്രത്യേക നിയമത്തെ കുറിച്ച് പ്രതികരിക്കവെ ഈ നിയമം പ്രശ്‌നബാധിത പ്രദേശങ്ങളിലും സംഘര്‍ഷമുള്ള അന്താരാഷ്ട്ര അതിര്‍ത്തികളിലും മാത്രമാണുള്ളതെന്നും റോഹ്തഗി പറഞ്ഞു.
രാഷ്ട്രീയ സമവായമുണ്ടായാല്‍ ഈ നിയമത്തില്‍ ഭേദഗതി വരുത്താനും തയാറാണ്. ഭിന്നലിംഗക്കാര്‍ക്ക് ഒ.ബി.സി വിഭാഗമായി കണക്കാക്കി ആനുകൂല്യം നല്‍കാനും ഇവര്‍ക്ക് എല്ലാ കാര്യങ്ങളിലും നിയമ പരിരക്ഷ നല്‍കാനുമുള്ള സര്‍ക്കാര്‍ തീരുമാനവും യോഗത്തില്‍ വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."