ജില്ലയില്‍ വിവിധ റോഡുകള്‍ നാശത്തില്‍
വയനാട് : പ്രളയ ദുരന്തത്തിനു പിന്നാലെ ജില്ലയിലെ വിവിധ റോഡുകള്‍ നാശത്തിന്റെ വക്കില്‍. കാലവര്‍ഷ കെടുതിയില്‍ പാടേ തകര്‍ന്ന് മാനന്തവാടി കരിമാനി വെണ്‍മണി റോഡ്. കനത്ത ഉറവയില്‍ 100 മീറ്ററോളം റോഡ് പൂര്‍ണമായും തകര്‍ന്നു. റോഡ് തകര്‍ന്നതോടെ തെങ്ങിന്‍ തടികള്‍ റോഡില്‍ ഇട്ടാണ് ഇതുവഴി ഇപ്പോള്‍ കാല്‍ നടയാത്രപോലും നടത്തുന്നത്.
മാനന്തവാടിയില്‍ നിന്നും വാളാടേക്ക് ഏളുപ്പത്തില്‍ എത്താനുള്ള ഏക വഴിയാണ്. കഴിഞ്ഞ അഴ്ച്ചയുണ്ടായ കാലവര്‍ഷകെടുതിയിലാണ് കരിമാനി വാം ടീ ഫാക്ടറിക്ക് മുന്നിലെ റോഡില്‍ വലിയ ഉറവ രൂപപ്പെടുകയും 100 മീറ്ററോളം റോഡ് പല സ്ഥലങ്ങളിലായി താഴ്ന്ന് പോകുകയും ചെയ്തു. ഇതോടെ കാല്‍ നടയാത്ര പോലും അസാധ്യമായതോടെ കരിമാനി പള്ളി വികാരി ഫാ. ജില്‍സ് ഞവരക്കാട്ടിന്റെ നേതൃത്വത്തില്‍ പ്രദേശവാസികള്‍ റോഡില്‍ തെങ്ങിന്‍തടികള്‍ വെട്ടിയിട്ട് താല്‍കാലിക നടപ്പാത ഉണ്ടാക്കിയിരുന്നു. എന്നാല്‍ മാനന്തവാടി കണ്ണൂര്‍ റോഡില്‍ പലസ്ഥലങ്ങളിലും ഗതാഗത തടസം നേരിട്ടതോടെ പല വാഹനങ്ങളും ഇതു വഴി വന്നതോടെ റോഡ് വിണ്ടും പൂര്‍ണമായും തകര്‍ന്നു. ഇപ്പോള്‍ ഇതുവഴി കാല്‍നടയാത്ര പോലും കഴിയാത്ത അവസ്ഥയാണ്.
റോഡ് പൂര്‍ണമായും തകര്‍ന്നതോടെ കരിമാനി കൊളങ്ങോട് വെണ്‍മണി പ്രദേശത്തെ അളുകള്‍ കിലോമീറ്ററോളം ദൂരം യാത്ര ചെയ്ത് വേണം വീടുകളില്‍ എത്താന്‍. ഇതു വഴി രണ്ട് ബസുകള്‍ സര്‍വിസ് നടത്തിയിരുന്നെങ്കിലും റോഡ് തകര്‍ന്നതോടെ ബസ് സര്‍വിസും നിലച്ചിരിക്കുകയാണ്. ചെറുകിട തേയില കര്‍ഷകരുടെ ഫാക്ടറിയായ വാംടീയിലേക്ക് കര്‍ഷകര്‍ക്ക് തേയില ചപ്പ് പോലും കൊണ്ടുവരാന്‍ കഴിയാത്ത അവസ്ഥയാണ്. മാനന്തവാടി കണ്ണൂര്‍ റോഡില്‍ ഗതാഗത തടസം നേരിടുമ്പോള്‍ ആശ്രയിക്കുന്ന ബദല്‍ പാത കൂടിയാണിത്.
ഓണം കഴിഞ്ഞ് സ്‌കൂള്‍ തുറക്കും മുന്‍പ് അധികൃതര്‍ റോഡ് നന്നാക്കിയില്ലങ്കില്‍ പ്രദേശത്തെ വിദ്യാര്‍ഥികളും ദുരിതത്തിലാകും. അടിയന്തരമായി റോഡ് ഗതാഗത യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ അവശ്യം.
തരുവണ: ഇനിയും ഗതാഗതം സാധ്യമാകാതെ കനത്ത മഴയില്‍ പാലം ഉള്‍പെടെ ഒലിച്ചുപോയ കരിങ്ങാരി-പള്ളിമുക്ക്-തരുവണ-പമ്പ് റോഡ്. കരിങ്ങാരി പ്രദേഷത്തുള്ള നൂറുക്കണക്കിന് കുടുംബങ്ങള്‍ ആശ്രയിക്കുന്ന റോഡാണിത്. കനത്തമഴയില്‍ റോഡും പാലവും ഇടിഞ്ഞ് ഒലിച്ചുപോകുകയായിരുന്നു.
നിലവില്‍ കാല്‍നട യാത്രക്കായി നാട്ടുകാരുടെ നേതൃത്വത്തില്‍ താല്‍ക്കാലിക മരപ്പാലം നിര്‍മിച്ചിരിക്കുകയാണ്. പ്രദേശത്തെ വിദ്യാര്‍ഥികള്‍ ഉള്‍പെടെ ആശ്രയിക്കുന്ന റോഡ് അടിയന്തരമായി അറ്റകുറ്റപ്പണി നടത്തി ഗതാഗത യോഗ്യമാക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
മാനന്തവാടി: എടവക കമ്മന കരിന്തിരിക്കടവ് ബംഗ്ലാംകുന്ന് റോഡ് ഇടിഞ്ഞു താഴ്ന്നു. ഇതോടെ ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. പ്രദേശത്തെ രണ്ട് കിണറുകളും താഴുന്നു മണ്ണ് ഇടിഞ്ഞിട്ടുണ്ട്.
കരിന്തിരിക്കടവ് പാലത്തില്‍ നിന്നും ഒരു കിലോമീറ്റര്‍ ദൂരമാണ് കരിന്തിരിക്കടവ് ബംഗ്ലാംകുന്ന് റോഡ്. ഇതില്‍ 400 മീറ്റര്‍ റോഡാണ് ഇടിഞ്ഞ് താഴ്ന്നത്. രണ്ട് സ്ഥലങ്ങളിലായാണ് മണ്ണ് ഇടിഞ്ഞ് പുഴയിലേക്ക് നീങ്ങിയത്. പുഴയിലേക്ക് മണ്ണും മരങ്ങളും ഇടിഞ്ഞിറങ്ങിയതോടെ പ്രദേശത്തെ നാല് വ്യക്തികളുടെ മോട്ടോറുകളും മണ്ണിനടിയിലായി. മണ്ണ് ഇടിഞ്ഞത് മുക്കത്ത് പാടശേഖര സമിതിയുടെ പമ്പ് ഹൗസിനും ഭീഷണിയായിട്ടുണ്ട്. പ്രദേശത്തെ ഇംപാലില്‍ ബാബു, കറത്തേടത്ത് ജോഷി എന്നിവരുടെ കിണറുകളും താഴ്ന്നു പോകുന്നത്. പ്രദേശത്തെ പല വീടുകളും ഇപ്പോള്‍ മണ്ണിടിച്ചില്‍ ഭീഷണിയിലാണ്. പ്രദേശത്തെ ആദിവാസി കോളനിയിലെ ശ്മശാനത്തിലേക്കുള്ള റോഡു കൂടിയാണ് ഇടിഞ്ഞത്. എത്രയും വേഗം റോഡ് ഗതാഗതയോഗ്യമാക്കാനുള്ള നടപടി സ്വീകരിക്കണമെന്നാന്ന് പ്രദേശവാസികളുടെ ആവശ്യം
പുല്‍പ്പള്ളി: കാലവര്‍ഷക്കെടുതിയില്‍ ഉത്ഭവിച്ച ശക്തമായ ഉറവയില്‍നിന്നും വെള്ളം കുത്തിയൊലിച്ച് റോഡ് തകര്‍ന്നു. പുല്‍പ്പള്ളി സീതാമൗണ്ട് റോഡിലെ കുന്നത്തുകവല, ചണ്ണോത്തുകൊല്ലി എന്നിവിടങ്ങളിലാണ് റോഡ് തകര്‍ന്നത്. റോഡില്‍ വന്‍ ഗര്‍ത്തമാണ് രൂപപ്പെട്ടിരിക്കുന്നത്. മുന്‍പ് രണ്ടു തവണ ഇവിടെ ക്വാറി വേസ്റ്റ് ഇട്ട് റോഡ് താല്‍കാലികമായി ഗതാഗത യോഗ്യമാക്കിയിരുന്നെങ്കിലും ഉറവ നിലക്കാത്തതിനാല്‍ കൂടുതല്‍ സ്ഥലങ്ങളില്‍ റോഡ് തകരുകയായിരുന്നു.
റോഡിന് നടുവിലൂടെ വെള്ളം കുത്തിയൊലിച്ചാണ് ഒഴുകുന്നത്. ശശിമലക്കുന്നിന്റെ താഴ്‌വാരമായതിനാല്‍ വെള്ളത്തിന്റെ ഒഴുക്ക് നിലക്കാന്‍ മാസങ്ങളെടുത്തേക്കും. ശശിമലക്കുന്നില്‍ ശക്തമായ ഉറവ രൂപപ്പെട്ട് വീടുകള്‍ക്ക് ഭീഷണിയായതിനെ തുടര്‍ന്ന് ഇവിടെനിന്നും നിരവധി കുടുംബങ്ങളെ സമീപത്തെ ഉദയ ഗവ. യു.പി സ്‌കൂളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരുന്നു. താഴ്‌വാര പ്രദേശമായ ചണ്ണോത്തുകൊല്ലിയിലും സ്ഥിതി മറിച്ചല്ല. രണ്ടിടങ്ങളിലാണ് റോഡ് തകര്‍ന്ന് ഗതാഗതം തടസപ്പെട്ടിരിക്കുന്നത്. റോഡില്‍ ബസ് താഴുന്നതിനാല്‍ സര്‍വിസുകള്‍ നടത്താന്‍ ബസ് ഉടമകളും മടിക്കുകയാണ്. പൂര്‍ണമായും തകര്‍ന്നുകിടന്ന റോഡ് ഒന്നര വര്‍ഷം മുമ്പാണ് നിര്‍മാണം പൂര്‍ത്തിയാക്കി ഗതാഗതയോഗ്യമാക്കിയത്.
മാനന്തവാടി: കാലവര്‍ഷത്തില്‍ റോഡരിക് ഇടിഞ്ഞ് താഴ്ന്നതും റോഡില്‍ വിള്ളലുകള്‍ വീണതും 100 കണക്കിന് കുടുംബങ്ങള്‍ക്ക് ദുരിതമാകുന്നു. എടവക ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍പ്പെട്ട ചങ്ങാടക്കടവ് ചാമാടിപ്പൊയില്‍ പാണ്ടിക്കടവ് റോഡിന്റ് അരിക് ഇടിയുകയും റോഡില്‍ വിള്ളല്‍ വീഴുകയും ചെയ്തതാണ് ആദിവാസി കോളനിയുള്‍പ്പെടെയുള്ളവര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ട്ടിക്കുന്നത്. ചങ്ങാടക്കടവ്-പാണ്ടിക്കടവ് പാലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡ് കൂടിയാണിത്. റോഡില്‍ വിള്ളല്‍ വീണത് സമീപത്തെ രണ്ട് വീടുകള്‍ക്കും അപകട ഭീഷണി ഉയര്‍ത്തുന്നുണ്ട്. മാനന്തവാടി കോഴിക്കോട് റോഡില്‍ ഗതാഗത തടസമുണ്ടാകുമ്പോള്‍ ബദല്‍ പാതയായി ഉപയോഗിക്കുന്നത് ഈ റോഡാണ്. റോഡ് പുഴയിലേക്ക് ഇടിഞ്ഞ് ഇറങ്ങിയതൊടെ ഇത് വഴി കാല്‍നടയാത്ര പോലും തടസപ്പെട്ടിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."