പൊലിസുകാരന്റെ തലയില്‍ അരിച്ചാക്ക് കയറ്റിയ സി.പി.എം നേതാവിനെതിരെ കേസ്
വൈപ്പിന്‍: ദുരിതാശ്വാസ ക്യാംപില്‍ രാഷ്ട്രീയപ്പോര് നടത്തി കലഹമുണ്ടാക്കിയതിനെ തുടര്‍ന്ന് അന്വേഷിക്കാന്‍ ചെന്ന പൊലിസുകാരന്റെ തലയില്‍ അരിച്ചാക്ക് എടുത്തുവച്ച സി.പി.എം നേതാവിനെതിരെ ഞാറക്കല്‍ പൊലിസ് കേസെടുത്തു. വൈപ്പിന്‍കരയില്‍ നായരമ്പലം ഭഗവതിവിലാസം സ്‌ക്കൂളില്‍ ആരംഭിച്ചിട്ടുള്ള ദുരിതാശ്വാസ ക്യാംപിലാണ് കഴിഞ്ഞ ദിവസം സി.പി.എമ്മും കോണ്‍ഗ്രസ് പ്രവര്‍ത്തകരും പരസ്പരം പോര്‍വിളി നടത്തിയത്. നാട്ടിലെ സമൂഹം ഒറ്റക്കെട്ടായി ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടപ്പോള്‍ വാഹനത്തില്‍ ഡി.വൈ.എഫ്.ഐ കൊടി കെട്ടിയതു തുടങ്ങിയാണ് ക്യാംപില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തത്.
ഇവിടെ ക്യാംപ് നടത്തിപ്പിനായി ജനകീയ കമ്മിറ്റി ഉണ്ടാക്കാനുള്ള ശ്രമം സി.പി.എം ഭരണം നടത്തുന്ന പഞ്ചായത്ത് അട്ടിമറിച്ചതായും ആരോപണമുണ്ട്. ക്യാംപില്‍ നിന്നുള്ള സാധനങ്ങളുടെ വിതരണങ്ങളും സി.പി.എം പ്രവര്‍ത്തകരുടെ കൈകളില്‍ ഒതുക്കിയതായും വിമര്‍ശനമുണ്ട്. ഇതേ കാരണത്തില്‍ കോണ്‍ഗ്രസ്, സി.പി.എം പ്രവര്‍ത്തകര്‍ തമ്മിലുള്ള പോരാണ് കൈയേറ്റത്തിലും ബഹളത്തിനും ഇടയാക്കിയത്. ബഹളത്തെ തുടര്‍ന്ന് ഞാറക്കല്‍ സ്റ്റേഷനില്‍ നിന്നും എ.എസ്.ഐ കൈലാസ് നാഥിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം ക്യാംപിലെത്തി സ്ഥിതിഗതികള്‍ അന്വേഷിക്കുന്നതിനിടെയാണ് സി.പി.എം പ്രാദേശിക നേതാവും ഒരു അനുയായിയും കൂടി എ.എസ്.ഐയുടെ തലയില്‍ അരിച്ചാക്ക് കയറ്റിയത്.
സംഭവം ശാന്തമാക്കി പൊലിസ് മടങ്ങിയെങ്കിലും കൈയാങ്കളിയുടെ വീഡിയോ ദൃശ്യം നാട്ടുകാര്‍ വാട്ട്‌സ് ആപ്പിലും ഫെയ്‌സ് ബുക്കിലൂടെയും പ്രചരിപ്പിച്ചതോടെ കേസെടുക്കാന്‍ പൊലിസ് നിര്‍ബന്ധിതരായി. അരിച്ചാക്ക് തലയില്‍ ഏറ്റെടുക്കേണ്ടിവന്ന എ.എസ്.ഐയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലിസിന്റ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് 353 -ാം വകുപ്പ് പ്രകാരം കേസെടുത്തിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."