മനുഷ്യ സ്‌നേഹത്തിന്റെ പൗര്‍ണമിയായി പൂര്‍ണിമ
തൊടുപുഴ: പുതിയ വീടിന്റെ പാല്‍കാച്ചല്‍ സദ്യ നടത്താന്‍ അച്ഛനൊരുങ്ങിയപ്പോഴാണ് പൂര്‍ണിമ അവരെ കുറിച്ച് ഓര്‍ത്തത്. മഹാപ്രളയത്തില്‍ സര്‍വവും നഷ്ടമായി അരവയര്‍ പോലും നിറക്കാനാകാതെ കഴിയുന്ന അശരണരെ. പിന്നെ മറ്റൊന്നും ആലോചിച്ചില്ല.
സദ്യക്കായി നീക്കിവെച്ച 25000 രൂപ അവള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. അച്ഛനൊപ്പമെത്തി ആ തുക തൊടുപുഴ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ മിനി മധുവിന് കൈമാറി. കൃഷിക്കാരനായ ഒളമറ്റം കാട്ടാംപിള്ളില്‍ രാമകൃഷ്ണ പിള്ളയുടെ മകളായ പൗര്‍ണമി ന്യൂമാന്‍ കോളജ് ബി എസ് സി ബോട്ടണി വിദ്യാര്‍ഥിനിയാണ്.
മകളുടെ ആഗ്രഹത്തിന് വഴങ്ങാന്‍ അച്ഛന്‍ ആദ്യം അല്‍പം മടിച്ചെങ്കിലും മകളാണ് ശരി എന്ന് തോന്നിയതിനാല്‍ അവളുമായി വാര്‍ഡ് കൗണ്‍സിലര്‍ സിസിലി ടീച്ചറെയും കൂട്ടി മുനിസിപ്പല്‍ ഓഫീസില്‍ എത്തുകയായിരുന്നു. എസ് എസ് എല്‍ സിക്കും പ്ലസ് ടു വിനും എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കിയിരുന്നു ഈ മിടുക്കി. ചെയര്‍പേഴ്‌സണും വൈസ് ചെയര്‍മാനും സെക്രട്ടറിയും മറ്റ് ജനപ്രതിനിധികളും അച്ഛനെയും മകളേയും അനുമോദനങ്ങളോടെയാണ് പറഞ്ഞയച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."