തെരുവുനായകള്‍ ആടുകളെ കടിച്ചുകൊന്നു
മീനങ്ങാടി: കാര്യമ്പാടി-പൊലച്ചിക്കുനി ഭാഗങ്ങളില്‍ തെരുവുനായ ശല്യം രൂക്ഷമാകുന്നു. കാര്യമ്പാടി-പടിഞ്ഞാറെകളത്തില് ഹലീമയുടെ നാലു ആടുകളെയാണ് ഇന്നലെ തെരുവുനായകള്‍ കടിച്ചുകൊന്നത്. വീടിനു സമീപത്തായുള്ള തോട്ടത്തില്‍ കെട്ടിയിട്ട ആടുകളെയാണ് തെരുവുനായകള്‍ ആക്രമിച്ചത്.
ആടുകളുടെ കരച്ചില് കേട്ട് സമീപത്തെ തൊഴിലുറപ്പ് തൊഴിലാളികള്‍ എത്തിയതോടെ മറ്റു ആടുകളെ തെരുവുനായകള്‍ ഉപേക്ഷിച്ചിക്കുകയായിരുന്നു. ബാങ്കില്‍ നിന്ന് ഒരു ലക്ഷം രൂപയോളം ലോണെടുത്താണ് ഇവര്‍ ആടുവളര്‍ത്തല്‍ തുടങ്ങിയത്. തെരുവുനായകളുടെ ശല്യം കാരണം ഇനിയുള്ള ആടുകളെ എങ്ങനെ സംരക്ഷിക്കുമെന്ന ആധിയിലാണ് ഹലീമ.
പ്രദേശത്ത് തെരുവനായകളുടെ ശല്യത്താല്‍ കോഴികള്‍ നഷ്ടപ്പെടുന്നെന്ന പരാതിയുണ്ടായിരുന്നു. ഇതിനിടെയാണ് ആടുകളും ആക്രമിക്കപ്പെട്ടത്. മുമ്പ് മീനങ്ങാടി, മുട്ടില്‍, കണിയാമ്പറ്റ പഞ്ചായത്തുകളുടെ അതിര്‍ത്തി പ്രദേശമായ പൊലച്ചിക്കുനിയില് വാനരന്മാരായിരുന്നു കര്‍ഷകരുടെ ഉറക്കം കെടുത്തിയിരുന്നത്.
ഇഞ്ചി, ചേന മുതലായ കൃഷികള്‍ വ്യാപകമായി നശിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് കൃഷികള്‍ ഉപേക്ഷിച്ച നിരവധി കര്‍ഷകരാണ് പ്രദേശത്തുള്ളത്. തെരവുനായ ശല്യം വര്‍ധിച്ചതോടെ ആടു, കോഴി തുടങ്ങിയ വളര്‍ത്തുമൃഗങ്ങളെയും പക്ഷികളേയും പരിപാലിക്കാനാകാതെ വീണ്ടും ദുരിതത്തിലായിരിക്കുകയാണ് കര്‍ഷകര്‍.
തെരുവുനായകളുടെ ശല്യം കാരണം പ്രദേശത്തെ അങ്കണവാടിയിലേക്കും കാര്യമ്പാടി സ്കൂളിലേക്കും വിദ്യാര്‍ഥികളെ അയക്കാന്‍ രക്ഷിതാക്കളും ഭയക്കുകയാണ്. തെരുവുനായശല്യം പരിഹരിക്കാന്‍ അടിയന്തര നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."