കേന്ദ്രമന്ത്രി വിളിച്ച അവലോകന യോഗം മന്ത്രി കെ.ടി ജലീലും സ്പീക്കറും വിട്ടുനിന്നു
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പെട്ടവര്‍ക്കുള്ള കേന്ദ്ര സഹായത്തെ ചൊല്ലി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ കൊമ്പുകോര്‍ക്കുന്നതിനിടെ കേന്ദ്ര മന്ത്രി വിളിച്ചുചേര്‍ത്ത അവലോകന യോഗത്തില്‍നിന്ന് സ്ഥലത്തുണ്ടായിരുന്ന മന്ത്രി ഡോ. കെ.ടി ജലീലും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും വിട്ടുനിന്നു. മലപ്പുറം ഗവ. ഗസ്റ്റ് ഹൗസില്‍ കേന്ദ്ര സാമൂഹ്യനീതി സഹമന്ത്രി രാംദാസ് അത്താവാലെ വിളിച്ചുചേര്‍ത്ത അവലോകന യോഗത്തില്‍നിന്നാണ് കാലവര്‍ഷക്കെടുതി സംബന്ധിച്ച് ജില്ലയുടെ ചുമതല വഹിക്കുന്ന മന്ത്രി ഡോ. കെ.ടി ജലീല്‍ വിട്ടുനിന്നത്്.
ജില്ലയിലെ മുഴുവന്‍ ജനപ്രതിനിധികളും പങ്കെടുത്ത അവലോകന യോഗം നേരത്തെ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നിശ്ചയിച്ചിരുന്നു. ഈ യോഗത്തിനെത്തിയ മന്ത്രി ജലീല്‍, നിയമസഭാ സ്പീക്കര്‍ എന്നിവര്‍ കേന്ദ്രമന്ത്രിയുടെ അവലോകന യോഗം നടക്കുന്നതിനിടെയാണ് വിശ്രമത്തിനായി ഗവ. ഗസ്റ്റ് ഹൗസില്‍ എത്തിയത്. തുടര്‍ന്ന് കേന്ദ്രമന്ത്രി മാധ്യമങ്ങളെ കണ്ടെങ്കിലും ഇതിനും കാത്തുനില്‍ക്കാതെ മന്ത്രിയും സ്പീക്കറും ടൗണ്‍ഹാളിലെ യോഗസ്ഥലത്തേക്ക് പോയി. ജില്ലയില്‍ സ്വകാര്യ ആവശ്യത്തിനെത്തിയ കേന്ദ്രമന്ത്രി സ്വന്തം നിലക്ക് വിളിച്ചുചേര്‍ത്ത യോഗം മന്ത്രി കെ.ടി ജലീലും സ്പീക്കറും അറിഞ്ഞിരുന്നില്ലെന്നാണ് വിവരം.
കേന്ദ്ര മന്ത്രിയുടെ നേതൃത്വത്തില്‍ അവലോകനം നടക്കുന്നതിനാല്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ വൈകിയാണ് ടൗണ്‍ഹാളിലെ വിപുലമായ യോഗത്തിനെത്തിയത്.
കേന്ദ്രമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ അമിത് മീണ, ജില്ലാ പൊലിസ് സൂപ്രണ്ട് പ്രതീഷ് കുമാര്‍, അസിസ്റ്റന്റ് കലക്ടര്‍ വികല്‍പ് ഭരദ്വാജ്, ഡെപ്യൂട്ടി കലക്ടര്‍മാരായ സി. അബ്ദുല്‍ റഷീദ്, ഡോ. ജെ.ഒ അരുണ്‍, ആര്‍.ഡി.ഒ ജെ. മോബി, വിവിധ ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."