പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ കൈയ്യൊപ്പ് ചാര്‍ത്തി നാട്
ശ്രീകൃഷ്ണപുരം: പ്രളയക്കെടുതിയില്‍ തകര്‍ന്നു പോയ കേരളത്തെ പുനര്‍നിര്‍മിക്കാന്‍ ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്തും കൈയ്യൊപ്പ് ചാര്‍ത്തുന്നു. ബ്ലോക്ക് പരിധിയിലെ വിവിധ സ്ഥാപനങ്ങള്‍, സംഘടനകള്‍, വ്യക്തികള്‍ എന്നിവരെയെല്ലാം അണിനിരത്തി കൊണ്ട് നടത്തിയ പ്രവര്‍ത്തനത്തിലൂടെ ഒന്നാം ഘട്ടമായി 8,32,116 രൂപ സ്വരൂപിക്കാനായി. ആദ്യ ഗഡു സംഖ്യയുടെ ഡി.ഡി പാലക്കാട് ജില്ലാ കലക്ടര്‍ ഡി ബാലമുരളിക്ക് ബ്ലോക്ക് പ്രസിഡന്റ് പി അരവിന്ദാക്ഷന്‍ കൈമാറി. ടി രാമചന്ദ്രന്‍ മാസ്റ്റര്‍, സെക്രട്ടറി കെ വിനോദ് കുമാര്‍, എ മുഹമ്മദാലി, എ.എന്‍ സജി, കെ രാധാകൃഷ്ണന്‍, എ കാര്‍ത്തികേയന്‍, കെ.എന്‍ വാസു പങ്കെടുത്തു.
ഉദ്ഘാടന ചടങ്ങ് ഒഴിവാക്കി സ്മാര്‍ട്ട് ട്രേഡിങ്ങ് മാതൃകയായി
കൂറ്റനാട്: ഓഗസ്റ്റ് 19ന് ഉദ്ഘാടനം നിശ്ചയിച്ചിരുന്ന കൂറ്റനാട് കേന്ദ്ര ജുമാ മസ്ജിദിനു സമീപമുള്ള സ്മാര്‍ട്ട് ട്രേഡിങ്ങ് എന്ന സ്ഥാപനം ഉദ്ഘടാന ചടങ്ങുകള്‍ ഒഴിവാക്കി സ്ഥാപനം തുറന്നു പ്രവര്‍ത്തിക്കുകയും. ഉദ്ഘടാന ചിലവിലേക്ക് മാറ്റിവെച്ച മുഴുവന്‍ തുകയും തൃത്താല മണ്ഡലത്തിലെ മഴക്കെടുതിമൂലം ദുരിതം അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് നല്‍കുകയും ചെയ്ത് മാതൃകയായി. കുമ്പിടി, ആനക്കര, കൂട്ടക്കടവ്, തൃത്താല, അത്താണി, കരിയന്നൂര്‍ മേഖലകളിലെ മഴക്കെടുതിമൂലം ദുരിതം വിതച്ച പ്രദേശങ്ങളിലെ ഇരുനൂറോളം കുടുംബങ്ങള്‍ക്ക് ദുരിതാശ്വാസ ക്യാംപുകളില്‍നിന്ന് തിരികെ വീടുകളിലേക്ക് മടങ്ങിവരുമ്പോള്‍ ആവശ്യമായ ഭക്ഷണപദാര്‍ഥങ്ങള്‍ അടങ്ങിയ കിറ്റുകളാണ് നല്‍കിയത്. ഉദ്ഘടാന ദിവസവും ഇന്നലെയുമായി സ്ഥാപനത്തിന്റെ ഉടമകള്‍ നേരിട്ട് ദുരിതം വിതച്ച സ്ഥലങ്ങളില്‍ എത്തിയാണ് പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
പ്രളയബാധിതര്‍ക്കായി ഓട്ടോകളുടെ ഒരു ദിവസത്തെ കളക്ഷന്‍ തുകയും
ഒറ്റപ്പാലം: പ്രളയബാധിതര്‍ക്ക് കൈതാങ്ങായി ആറ് ഓട്ടോകളുടെ കളക്ഷന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി.ഒറ്റപ്പാലം താലൂക്ക് ആശുപത്രിപ്പടി സ്റ്റാന്റിലെ 6 ഓട്ടോറിക്ഷകളുടെ ഒരു ദിവസത്തെ മുഴുവന്‍ കളക്ഷന്‍ തുകയും നഗരസഭ കൗണ്‍സിലര്‍ ടി.പി പ്രദീപ് കുമാര്‍ ഏറ്റുവാങ്ങിയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. ഫ്രാന്‍സിസ്, ജയപ്രകാശ്, ആന്റണി, കബീര്‍, ഷംസുദീന്‍ ,ഷഹീര്‍, വിപിന്‍, എന്നിവരാണ് തങ്ങളുടെ ഓട്ടോയുടെ കളക്ഷന്‍ സംഭാവനയായി നല്‍കിയത്.ഇവരില്‍ ജയപ്രകാശ്, ഫ്രാന്‍സിസ്, കബീര്‍ എന്നിവരുടെ ഓട്ടോറിക്ഷകള്‍ ഡയാലിസിസ് ചെയ്യുന്ന രോഗികള്‍ക്കുംവ,ക്യാന്‍സര്‍ രോഗബാധിതര്‍ക്കും വേണ്ടി സൗജന്യമായി ഓട്ടോ ഓടുന്നവരാണ് . 5000 രൂപയാണ് സംഭാവന നല്‍കിയത്.
മാതൃകയായി ചാലിശ്ശേരി സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍
കൂറ്റനാട്: ചാലിശ്ശേരി ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് നാടിന്റെ നന്മയക്ക് നമ്മളും, എന്ന പദ്ധതിയിലൂടെ ശേഖരിച്ച രണ്ടരലക്ഷം രൂപയുടെ സാധനങ്ങള്‍ ബുധനാഴ്ച പ്രളയക്കെടുതിയില്‍ ഏറ്റവും ദുരിതം പെയ്തിറങ്ങിയ കുട്ടനാട്ടിലെ അമ്പലപ്പുഴ ക്യാംപിലെത്തിച്ചു. ഓണാവധിയിലും ഈ സര്‍ക്കാര്‍ വിദ്യാലയം നമ്മുടെ സഹോദരങ്ങള്‍ക്കായി രാവിലെ മുതല്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും വിഭവ ശേഖരത്തിനായി സമയം കണ്ടെത്തി. പുതു വസ്ത്രങ്ങള്‍, ബെഡ്ഷീറ്റുകള്‍ ,ബേബി ഫുഡ്, കുപ്പിവെള്ളം, തുടങ്ങി വിവിധ സാധനങ്ങള്‍ വിദ്യാര്‍ഥികള്‍ പൂര്‍വ വിദ്യാര്‍ത്ഥികള്‍ രക്ഷിതാക്കള്‍ പി.ടി.എ അഭ്യൂദയകാംക്ഷികള്‍ എന്നിവര്‍ ചേര്‍ന്നാണ് ഒരു ദിവസം കൊണ്ട് ഏകദേശം രണ്ടരലക്ഷ രൂപയുടെ സാധനങ്ങള്‍ ശേഖരിച്ചത്. ഗ്രാമത്തിലെ ഭൂരിഭാഗവും പാവപ്പെട്ട കുട്ടികള്‍ പഠിക്കുന്ന സര്‍ക്കാര്‍ വിദ്യാലയത്തിലെ മാതൃക പ്രവര്‍ത്തനം നാടിന് നന്മയുടെ വഴികാട്ടിയായി. സ്‌കൂള്‍ പ്രധാന അധ്യാപിക ദേവിക ടി എസ്, അധ്യാപകരായ ചന്ദ്രന്‍, രാധാകൃഷ്ണന്‍,സന്തോഷ്, അനീഷ്, പദ്മനാഭന്‍. എന്നിവര്‍ നേതൃത്വം നല്‍കി.
സഹായ ഹസ്തമായി അംഗന്‍വാടി ജീവനക്കാര്‍
ശ്രീകൃഷ്ണപുരം: ശ്രീകൃഷ്ണപുരം ഐ.സി.ഡി.എസ് പ്രോജക്ടിലെ 177അംഗന്‍വാടികളിലെ ജീവനക്കാര്‍ പ്രളയ ദുരിതാശ്വാസ നിധിശേഖരണത്തിനിറങ്ങുന്നു. ആഗസ്റ്റ് 21, 22 തിയ്യതികളിലായി സുമനസ്സുകളെ കണ്ട് സംഭാവന സ്വരൂപിക്കാന്‍ പ്രോജക്ട് യോഗത്തില്‍ തീരുമാനിച്ചു. യോഗത്തില്‍ വെച്ച് വെള്ളിനേഴി ഗ്രാമപഞ്ചായത്തിലെ കുറ്റാനശ്ശേരി അംഗന്‍വാടി ടീച്ചര്‍ പി.രാധ ടീച്ചര്‍ 5000 രൂപയും ചെര്‍പ്പുളശ്ശേരി നഗരസഭയിലെ മുണ്ടിയന്‍ പറമ്പ് അംഗന്‍വാടി ടീച്ചര്‍ ജാന്‍സിയുടെ നേതൃത്വത്തില്‍ ശേഖരിച്ച 4600 രൂപയും ചെര്‍പ്പുളശ്ശേരിയിലെ തന്നെ അംഗന്‍വാടി ജീവനക്കാരായ സുഭദ്ര, ജയശ്രീ എന്നിവര്‍ ചേര്‍ന്ന് 1000 രൂപയും സംഭാവന നല്കിയത് മറ്റ് അംഗന്‍വാടി ജീവനക്കാര്‍ക്ക് പ്രചോദനമായി.
ഗൃഹപ്രവേശന ചെലവ് ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കി
ശ്രീകൃഷ്ണപുരം : ഗൃഹ പ്രവേശനം ലളിതമാക്കി സല്‍ക്കാരത്തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി ഒരു കുടുംബം. തോട്ടര മേപ്പാടത്ത് ദേവകിയുടെ ഗൃഹപ്രവേശം ആഗസ്റ്റ് 23നാണ്. വിപുലമായ സദ്യയും തീരുമാനിച്ചിരുന്നു.ചടങ്ങ് ലളിതമാക്കി നടത്താന്‍ തീരുമാനിച്ച കുടുംബം തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.ഒ രു ലക്ഷം രൂപയുടെ ചെക്ക് പി.കെ.ശശി എം.എല്‍.എ ഏറ്റുവാങ്ങി.എം.മോഹനന്‍, കെ.സുബ്രഹ്മണ്യന്‍, പി.ടി.അങ്കപ്പന്‍, കെ.അജിത്കുമാര്‍, എം.ടി.സുരേഷ്, കെ.ദിനേശ് ബാബു, ഹസന്‍ കുട്ടി, ബിജു സംബന്ധിച്ചു.
സഹായം കടമ്പഴിപ്പുറം പഞ്ചായത്തില്‍ നിന്നും
കടമ്പഴിപ്പുറം: ഗ്രാമ പഞ്ചായത്ത് പ്രളയ ദുരിത ബാധിതരെ സഹായിക്കുന്നതിന് ഒരു ലോഡ് ഭക്ഷ്യവസ്തുക്കളും പച്ചക്കറികളും പുതുവസ്ത്രങ്ങളും,മറ്റ്അവശ്യസാധനങ്ങളും ആലപ്പുഴയിലെ ചേര്‍ത്തല ക്യാംപിലേക്ക് കൊടുത്തുവിട്ടു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ അംബുജാക്ഷി ഫ്‌ലാഗ് ഓഫ് ചെയ്തു. ചടങ്ങില്‍ ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന്‍ കെ രാമചന്ദ്രന്‍ മാസ്റ്റര്‍, വികസന സ്ഥിരം സമിതി അദ്ധ്യക്ഷ ബീന, ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍' എം. സുബ്രമണ്യന്‍, വാര്‍ഡ് മെമ്പര്‍മാര്‍, ആസൂത്രണ സമിതി അംഗങ്ങള്‍ ഗ്രാമപഞ്ചായത്ത് ജീവനക്കാര്‍ പങ്കെടുത്തു. ക്ലബ്ബുകള്‍, സന്നദ്ധ സംഘടനകള്‍, അയല്‍ക്കൂട്ടങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവ വഴിയാണ് ഗ്രാമപഞ്ചായത്ത് ഉല്‍പ്പന്നശേഖരണം നടത്തിയത്. ഉല്‍പ്പന്ന ശേഖരണത്തില്‍ സഹകരിച്ച എല്ലാവരെയും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഭിനന്ദിച്ചു.
ദുരിതത്തില്‍ കടമ്പഴിപ്പുറത്തെ കരാറുകാരുടെ കൈത്താങ്ങ്
ശ്രീകൃഷ്ണപുരം : കടമ്പഴിപ്പുറത്തെ കരാറുകാര്‍ പ്രളയ ദുരിത ബാധിതരെ സഹായിക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരന്തനിവാരണ ഫണ്ടിലേക്ക് ഒരു ലക്ഷം രൂപയുടെ ചെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. അംബുജാക്ഷിക്ക് കൈമാറി.ചടങ്ങില്‍ വൈസ് പ്രസിഡന്റ് അഹമ്മദ് കബീര്‍, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന്‍ കെ. രാമചന്ദ്രന്‍ മാസ്റ്റര്‍, വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ബീന, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ശ്രീകുമാരി, സെക്രട്ടറി സാബു, അസിസ്റ്റന്റ് എന്‍ജിനീയര്‍ ജയനിര്‍മല എന്നിവരും കരാറുകാരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."