സമാധാനപരമായ തെരഞ്ഞെടുപ്പിന് രാഷ്ട്രീയ പാര്‍ട്ടികളും ജനങ്ങളും സഹകരിക്കണം: കലക്ടര്‍
കാസര്‍കോട്: ജില്ലയില്‍ പോളിങ് ശതമാനം ഉയര്‍ത്തുന്നതിനും സമാധാനപരമായി തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കുന്നതിനും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പൊതുജനങ്ങളും സഹകരിക്കണമെന്ന് കലക്ടര്‍ ഡോ. ഡി. സജിത് ബാബു അഭ്യര്‍ത്ഥിച്ചു. കുറ്റമറ്റ രീതിയില്‍ തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും ജില്ലയില്‍ ഒരുക്കിയിട്ടുണ്ട്. ഭിന്നശേഷിക്കാരായ വോട്ടര്‍മാരെ ബൂത്തിലെത്തിക്കുന്നതിന് 25 ആംബുലന്‍സുകളുടെ സേവനം ഉറപ്പു വരുത്തിയിട്ടുണ്ട്. വോട്ടെടുപ്പിനായി 4,540 ഉദ്യോഗസ്ഥരെയും ക്രമസമാധാന പാലനത്തിനായി 2,641 പൊലിസുദ്യോഗസ്ഥരെയും ജില്ലയില്‍ വിന്യസിച്ചിട്ടുണ്ട്.
വോട്ടെടുപ്പ് തടസപ്പെടുത്തുകയോ ആരെയെങ്കിലും വോട്ട് ചെയ്യാന്‍ അനുവദിക്കാതിരിക്കുകയോ ഏതെങ്കിലും ഒരു സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യാന്‍ ഭീഷണിപ്പെടുത്തുകയോ വോട്ട് കച്ചവടം നടത്തുകയോ പോളിങ് ബൂത്തിനകത്തോ സമീപത്തോ സംഘര്‍ഷമുണ്ടാക്കുകയോ ചെയ്താല്‍ കര്‍ശന നടപടി സ്വീകരിക്കും. ബൂത്ത് പിടുത്തം, വോട്ടിങ് യന്ത്രങ്ങള്‍ നശിപ്പിക്കല്‍, സമാധാനപൂര്‍ണമായ തെരഞ്ഞെടുപ്പിന് തടസമാകുന്ന രീതിയില്‍ പെരുമാറുക തുടങ്ങിയവയ്ക്കുമെതിരേയും കര്‍ശന നിയമനടപടികള്‍ സ്വീകരിക്കും.
പോളിങ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയാല്‍ കേസെടുക്കും. രണ്ട് വര്‍ഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണിത്. ഉദ്യോഗസ്ഥരെ പരിക്കേല്‍പ്പിച്ചാല്‍ മൂന്നു വര്‍ഷം വരെ തടവും പിഴയും ലഭിക്കും. മാരകമായി പരിക്കേല്‍പ്പിച്ചാല്‍ പത്തു വര്‍ഷം തടവും പിഴയും ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."