ജാഹിലിയ്യത്തിന്റെ പുനരവതരണം
'ഇസ്‌ലാ'മെന്ന പേരില്‍ ഐ.എസ് പുനരവതരിപ്പിക്കാന്‍ ശ്രമിക്കുന്ന ചിന്തയും ജീവിതരീതിയും നിഗൂഢവും പ്രാകൃതവുമാണ്. സലഫി ജിഹാദിസ്റ്റ് ചിന്താധാരയെയാണ് അവര്‍ അതിന് അവലംബമാക്കുന്നത്. തങ്ങളുള്‍ക്കൊണ്ട വികലമായ മതചിന്തയില്‍നിന്ന് അവര്‍ നിര്‍മിച്ചെടുത്ത 'ഇസ്‌ലാമിസ'ത്തിന് പ്രവാചകന്‍ വ്യാഖ്യാനിച്ചുതന്ന ഖുര്‍ആനിക പാഠങ്ങളുമായി ഒരു ബന്ധവുമില്ല, പകരം അതില്‍ ഇസ്‌ലാംവിരുദ്ധമായ അതിതീവ്രതയാണുള്ളത്.
പ്രതിയോഗിയെ മുന്നില്‍ക്കാണാതെ അവര്‍ക്ക് ഒരു മതകാര്യവും സങ്കല്‍പ്പിക്കാനാവില്ല. നിസ്‌കാരം, നോമ്പ്, ഹജ്ജ്, സകാത്ത് തുടങ്ങിയ മൗലികാനുശാസനകള്‍ക്കപ്പുറം യുദ്ധവും ചോരക്കളിയുമാണ് അവര്‍ക്ക് ഇസ്‌ലാം. ജിഹാദ് എന്ന പേരില്‍ അവര്‍ അവതരിപ്പിക്കുന്ന സിദ്ധാന്തത്തില്‍ കൂട്ടക്കൊലയും തലവെട്ടലും ഭീതിപരത്തലുമാണു 'നിര്‍ബന്ധാനുഷ്ഠാനങ്ങള്‍'. പ്രാകൃതജീവിതരീതി പിന്തുടരലാണ് അതിലെ 'ഐച്ഛികധര്‍മം'. കാടന്‍ ഇടപെടലുകളാണ് 'അനുവദനീയങ്ങള്‍'. സ്‌നേഹവും സഹവര്‍ത്തിത്വവും അനുരജ്ഞനമനസും വിശ്വാസവും ചിന്താധാരയും നോക്കാതെ ആളുകളെ മാനിക്കലും അവരെ സംബന്ധിച്ചിടത്തോളം 'നിഷിദ്ധ'ങ്ങളാണ്.
ഐ.എസിന്റെ അപ്രമാദിത്വം സ്ഥിരീകരിക്കാനും ചോദ്യംചെയ്യപ്പെടാത്ത അധികാരമായി നേതൃത്വത്തെ സ്ഥാപിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമാണ് അവര്‍ക്കു 'ഖിലാഫത്ത്' എന്ന പദം. 'ബൈഅത്ത് 'അനുയായികളുടെ വിധേയത്വത്തെയാണു കുറിക്കുന്നത്. മാതൃകായോഗ്യരായ ഇസ്‌ലാമിന്റെ നാലു ഖലീഫമാരുടെ കാലത്തു സത്യസന്ധമായ വഴിയില്‍ ഉപയോഗിക്കപ്പെട്ട ഇത്തരം സങ്കേതങ്ങളെ പശ്ചാത്തലത്തില്‍നിന്ന് അടര്‍ത്തിയെടുത്തു രക്തച്ചൊരിച്ചിലിനുള്ള മാര്‍ഗമായി ഉപയോഗിക്കുകയാണ്.
ഇസ്‌ലാമിലെ വിശുദ്ധസങ്കല്‍പ്പത്തിനപ്പുറം 'എതിരാളികളെ കൊന്നൊടുക്ക'ലെന്ന തലത്തിലാണ് അവര്‍ ജിഹാദിനെ കാണുന്നത്. അവരെ സംബന്ധിച്ചിടത്തോളം സ്വന്തംജീവിതം മെച്ചപ്പെടുത്തുന്നതിനേക്കാള്‍ ഊന്നല്‍ മറ്റുള്ളവരെ ആക്രമിച്ചു കീഴടക്കുന്നതിലാണ്. പാരീസിന്റെയും ജര്‍മനിയുടെയും ബ്രിട്ടന്റെയും തെരുവുകളില്‍ നിരപരാധികള്‍ വധിക്കപ്പെട്ടത് അതുകൊണ്ടാണ്. നിരപരാധികള്‍ പിടയുന്നതില്‍ ആനന്ദം കണ്ടെത്തി 'പറുദീസ' സ്വപ്നം കാണുകയാണവര്‍.
യഥാര്‍ഥ ജിഹാദ് കൂട്ടുത്തരവാദിത്വം (ഫര്‍ള് കിഫായ) ആണെന്നതു ഖുര്‍ആനില്‍നിന്നു വ്യക്തമാണ്. ഹദീസുകളുടെ വെളിച്ചത്തില്‍ പ്രമുഖപണ്ഡിതന്മാര്‍ നല്‍കിയ വ്യാഖ്യാനവും ഇതുതന്നെ. സ്വന്തംശരീരത്തോടുള്ള ജിഹാദാണു വ്യക്തിഗതം. എന്നാല്‍, ജിഹാദ് വ്യക്തിഗത ഉത്തരവാദിത്വം (ഫര്‍ദ് ഐന്‍) ആണെന്നാണ് ഐ.എസ് ഉയര്‍ത്തിക്കാണിക്കാന്‍ ശ്രമിക്കുന്നത്. നിസ്‌കാരവും നോമ്പും സകാത്തും പോലെ ഓരോ വ്യക്തിയും നിരന്തരം യുദ്ധംനടത്തിക്കൊണ്ടിരിക്കണമത്രെ! അതു സ്വശരീരത്തോടുള്ള യുദ്ധമല്ല; താന്‍ എതിര്‍ക്കുന്നവരോടുള്ള സായുധസമരമാണ്!
ചോരക്കളികളെ ന്യായീകരിക്കാന്‍ ഈ ഭീകരസംഘങ്ങള്‍ ഫിഖ്ഹുദ്ദിമാഅ് (ചോരയുടെ കര്‍മശാസ്ത്രം) എന്നപേരില്‍ പ്രത്യേകകര്‍മശാസ്ത്രം വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഖുര്‍ആനിലെയും ഹദീസിലെയും പരാമര്‍ശങ്ങളെ യഥാര്‍ഥ പശ്ചാത്തലത്തില്‍ നിന്ന് അടര്‍ത്തിമാറ്റി തോന്നിയപോലെ ഉപയോഗിക്കലാണിത്. ഭീകരപ്രവര്‍ത്തനങ്ങള്‍ ന്യായീകരിക്കാന്‍ ഇസ്‌ലാമികചിന്തകളെ ചിത്രവധം ചെയ്യുന്നതു കൊടുംക്രൂരതയാണ്. ഇസ്‌ലാം രക്തച്ചൊരിച്ചിലുണ്ടാക്കുന്ന ഭീകരന്മാരുടെയും കാടന്മാരുടെയും കൂട്ടായ്മയാണെന്ന് അന്തര്‍ദേശീയതലത്തില്‍ തെറ്റിദ്ധാരണ പരത്താനാണ് ഇത്തരക്കാര്‍ക്കു കഴിഞ്ഞത്.
ഈമാന്‍, ജിഹാദ്, ഹിജ്‌റ എന്നതാണ് ഐ.എസ് നിര്‍മിച്ചെടുക്കാന്‍ ശ്രമിക്കുന്ന മറ്റൊരു സിദ്ധാന്തം. യഥാര്‍ഥവിശ്വാസം ഉള്‍ക്കൊള്ളലാണ് ഈമാന്‍ എന്നതുകൊണ്ട് ഇസ്‌ലാം വിവക്ഷിക്കുന്നത്. ഐ.എസ് ഭാഷ്യത്തില്‍ അതു നിര്‍ബന്ധിത മതപരിവര്‍ത്തനമായി മാറുന്നു. വിശ്വസിക്കുക അല്ലെങ്കില്‍ കൊല്ലപ്പെടുക എന്ന മുദ്രാവാക്യമാകുന്നു. സത്യം വ്യക്തമായി പുറത്തുവന്നിരിക്കെ ദീനില്‍ ബലാല്‍ക്കാരമില്ലെന്നു ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്. അതവര്‍ മാനിക്കില്ല.
ജൂതന്മാരെല്ലാം ഇസ്രയേലിലേയ്ക്കു പലായനംചെയ്തപോലെ തങ്ങളുടെ അനുയായികളെയും അനുഭാവികളെയുമെല്ലാം സിറിയയുടെയും ഇറാഖിന്റെയും അതിര്‍ത്തികളിലെത്തിച്ചു ഭീകരതയുടെ ഒരു ഐ.എസ് രാജ്യം പണിയാനുള്ള ശ്രമത്തിന്റെ ഭാഗമായാണിത്. ലോകത്തിന്റെ നാനാഭാഗത്തുനിന്നും ഇസ്‌ലാമിക് സ്‌റ്റേറ്റിന്റെ ഇറാഖിലെയും സിറിയയിലെയും കേന്ദ്രങ്ങളിലേയ്ക്കു യുവാക്കളുടെ പ്രവാഹമുണ്ടാകുന്നത് അങ്ങനെയാണ്. ആടിനെ മേയ്ക്കാന്‍ യമനിലേയ്ക്കും മറ്റും പലായനം ചെയ്യുന്ന ദമ്മാജി സലഫിസത്തിന്റെ ഉത്ഭവവും ഈ ആശയത്തില്‍ നിന്നുതന്നെ.
സൈബര്‍ ലോകത്തിന്റെ സഹായത്തോടെ ഓണ്‍ലൈന്‍ വഴിയാണു റിക്രൂട്ട്‌മെന്റ് നടക്കുന്നത്. ലോകത്തിന്റെ നാനാഭാഗത്തും ഇത്തരം പ്രചാരണ പ്രവര്‍ത്തനങ്ങളെത്തുന്നുണ്ട്. തീവ്രസലഫിസത്തിന്റെ സ്വാധീനത്തില്‍പ്പെട്ടോ തീവ്രമതാവേശത്തിന്റെ പിടിയിലകപ്പെട്ടോ ഇസ്‌ലാമിനെ തെറ്റിദ്ധരിച്ചുപോയവര്‍ അറിയാതെ ഈ ഗ്രൂപ്പിന്റെ ഭാഗമായി മാറുന്നു. വിദൂരതയില്‍ നിന്നുകൊണ്ടുതന്നെ അവര്‍ക്കു നിരന്തരമായ പ്രേരണകളും മോഹനവാഗ്ദാനങ്ങളും ലഭിക്കുന്നു. അങ്ങനെയാണു ദമ്മാജികളോ തീവ്രസലഫികളോ ആയി കുടുംബത്തെ കൂടെക്കൂട്ടിയോ കുടുംബത്തെ ഒഴിവാക്കിയോ ജീവിതത്തിന്റെ അന്ധകാരങ്ങളിലേയ്ക്ക് അവര്‍ പലായനം ആരംഭിക്കുന്നത്.
തക്ഫീര്‍, മുര്‍തദ്ദ് ആരോപണം എന്നിങ്ങനെ നീണ്ടുപോകുന്നതാണ് ഐ.എസിന്റെ മറ്റു ചില സിദ്ധാന്തങ്ങള്‍. ഹിജ്‌റയും ഖിലാഫത്തുമെല്ലാം തങ്ങളുടെ രാഷ്ട്രരൂപീകരണവുമായി ബന്ധപ്പെട്ടതാണെങ്കില്‍ രാഷ്ട്രം അതിന്റെ അനുയായികളിലൂടെ നടപ്പാക്കുന്ന കൃത്യനിര്‍വഹണവുമായി ബന്ധപ്പെട്ടതാണു തക്ഫീര്‍, മുര്‍തദ്ദ് തുടങ്ങിയവ. ജിഹാദ് എന്ന യുദ്ധമുറയ്ക്കു പശ്ചാത്തലമൊരുക്കുകയാണ് ഇതിലൂടെ. എതിരിടണമെന്നു തോന്നുന്നവരെ (അവര്‍ മുസ്‌ലിമാണെങ്കില്‍) മതത്തിന്റെ വൃത്തത്തില്‍നിന്നു പുറത്തേയ്ക്കുനിര്‍ത്തി ഇല്ലായ്മ ചെയ്യലാണത്.
തങ്ങളെ എതിര്‍ക്കുന്ന മുസ്‌ലിമിനെ വധിച്ചാല്‍ അനുയായികള്‍ ഈ പുതിയ 'മത'ത്തെ തള്ളിപ്പറയാനിടയുണ്ടല്ലോ. അതൊഴിവാക്കാന്‍ തങ്ങളുടെ ആദര്‍ശത്തെ ചോദ്യം ചെയ്ത വ്യക്തിയോ പ്രസ്ഥാനമോ രാജ്യമോ കാഫിറാണെന്നോ മുര്‍തദ്ദാണെന്നോ വിധിയെഴുതി യുദ്ധംപ്രഖ്യാപിക്കും. അവരോടുള്ള യുദ്ധം വിശുദ്ധ കര്‍മമാണെന്നു സ്ഥാപിക്കും. അനുയായികള്‍ ദൈവത്തില്‍ നിന്നുള്ള 'പ്രതിഫലം' കാംക്ഷിച്ചു നിരപരാധികളെ ബോംബെറിഞ്ഞും കുത്തിമലര്‍ത്തിയും കൂട്ടക്കുരുതി നടത്താന്‍ തുടങ്ങും. ഇതാണ് ഐ.എസിന്റെ തക്ഫീര്‍ സിദ്ധാന്തം.
'യഥാര്‍ഥ ഇസ്‌ലാമി'ലേക്കുള്ള മടക്കമെന്ന പേരില്‍ ജാഹിലിയ്യാ കാടത്തരത്തിലേയ്ക്കുള്ള തിരിഞ്ഞുനടത്തമാണ് ഐ.എസ് നടത്തുന്നത്. സലഫി-വഹാബി ധാരതന്നെയാണ് ഇതിനും വഴിയൊരുക്കിയത്. എല്ലാറ്റിലും മാറ്റ് (പ്യൂരിറ്റി) തേടിയിറങ്ങിയിരിക്കുകയാണ് ഇവര്‍. ജിഹാദിന്റെ പ്യൂരിറ്റി തേടിയപ്പോഴാണ് ഐ.എസ് ഉദയം കൊണ്ടത്. ഫൂക്കോയുടെയും ലെവിനോസിന്റെയും സിദ്ധാന്തങ്ങള്‍പോലെ ഇബ്‌നു അബ്ദില്‍ വഹാബ് വികസിപ്പിച്ചെടുത്ത രാഷ്ട്രീയ സിദ്ധാന്തമാണു വാഹാബി ഇസ്‌ലാം. ഇസ്‌ലാമിന് ഇതുമായി ഒരു ബന്ധവുമില്ല. മുന്നില്‍ക്കാണുന്നതിനെയെല്ലാം ബിദ്അത്ത് (പുത്തന്‍വാദം) ആയി അവതരിപ്പിച്ച് ഒരുതരം കാടനും കുടുസുമായ സിദ്ധാന്തം നിര്‍മിച്ചുവിടുകയായിരുന്നു. ഐ.എസ് പോലെയുള്ള ഭീകരക്കൂട്ടായ്മകള്‍ക്ക് ആദര്‍ശപരിസരമൊരുക്കിയത് ഈ പശ്ചാത്തലമാണ്.
അറേബ്യയില്‍ ജാഹിലിയ്യത്തില്‍നിന്ന് ഇസ്‌ലാമിലേയ്ക്കു മാറിക്കൊണ്ടിരുന്ന ആദ്യകാലങ്ങളിലെ സമൂഹത്തിന്റെ അവസ്ഥകളെ പുനര്‍നിര്‍മിക്കാനാണു ശ്രമിക്കുന്നത്. അറബ്‌നാട്ടില്‍ ആടിനെ മേയ്ച്ചുജീവിച്ചാലേ മുസ്‌ലിമാകൂവെന്നതിലേയ്ക്ക് എത്തിയിരിക്കുന്നു ഈ ഭ്രാന്ത്. തങ്ങള്‍ ആക്രമിക്കുന്ന നിരപരാധികളില്‍ നിന്നും ലഭിക്കുന്ന സമ്പാദ്യം യുദ്ധമുതലാക്കിയും (ഗനീമത്ത്) പിടികൂടുന്ന സ്ത്രീകളെ അടിമകളും ഭോഗവസ്തുക്കളുമാക്കിയും മാറ്റാന്‍ ധൈര്യപ്പെടുന്നിടത്തെത്തിക്കഴിഞ്ഞു കാര്യങ്ങള്‍.
ഐ.എസ് ഇസ്‌ലാമിന്റെ പേരില്‍ സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുന്നതു അനിസ്‌ലാമിക കാര്യങ്ങളാണ്. തങ്ങളാവിഷ്‌കരിച്ച കാടന്‍ സംസ്‌കാരം ഇസ്‌ലാമാണെന്നു തെറ്റിദ്ധരിപ്പിച്ച് യഥാര്‍ഥ ഇസ്‌ലാമിനെ ലോകജനതയ്ക്കുമുന്നില്‍ താറടിച്ചുകാണിക്കുകയാണ് ഈ അക്രമിസംഘം.
(തുടരും)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."