കശ്മിരിലേത് അനന്തമായ അരാജകത്വം: ഇ.ടി
ന്യൂഡല്‍ഹി: അനന്തമായി തുടരുന്ന അരാജകത്വമാണ് കശ്മിരിലുള്ളതെന്നും രണ്ടാഴ്ച സംസ്ഥാനം കര്‍ഫ്യൂവില്‍ കിടന്നപ്പോള്‍ നിശബ്ദ കാഴ്ച്ചക്കാരെ പോലെ നിന്ന സര്‍ക്കാര്‍ ചരിത്രം കണ്ട ഏറ്റവും കഴിവുകെട്ട ഭരണകൂടമാണെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. ലോക്‌സഭയില്‍ കശ്മിരിനെ കുറിച്ചുള്ള ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജീവിതം തന്നെ ദുരിതപൂര്‍ണമാവുകയും നിശ്ചലമാവുകയും ചെയ്ത കശ്മിര്‍ ജനത ഭക്ഷണത്തിനും കുടിവെള്ളത്തിനും പ്രയാസപ്പെടുകയാണ്. സ്‌കൂളുകള്‍ അടഞ്ഞുകിടക്കുകയും ടെലിഫോണ്‍ ബന്ധം ഇല്ലാതാവുകയും ചെയ്തു. എന്നിട്ടും സംസ്ഥാനത്തെ ബി.ജെ.പി-പി.ഡി.പി ഭരണത്തെ ചിലര്‍ ന്യായീകരിക്കുന്നത് അത്ഭുതകരമാണ്.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യ കശ്മിരില്‍ പത്രങ്ങളുടെ വായ മൂടിക്കെട്ടിയിരിക്കയാണ്. സുരക്ഷാസൈന്യം സാധാരണക്കാരെ ശത്രുക്കളായും ഭീകരവാദികളുമായാണു കാണുന്നത്. കരിനിയമങ്ങള്‍ ഒരു പ്രശ്‌നവും പരിഹരിച്ചിട്ടില്ലെന്നും എരിതീയില്‍ എണ്ണ ഒഴിച്ചിട്ടേയുള്ളൂവെന്നും സംസ്ഥാനത്തു നിന്നു അഫ്‌സ്പ ഉടന്‍ പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."