പശുക്കളെ സന്തോഷിപ്പിച്ചോളൂ, പോഷകസമൃദ്ധമായ പാല്‍ ലഭിക്കും
സന്തോഷവതികളായ പശുക്കള്‍ കൂടുതല്‍ പോഷകസമൃദ്ധമായ പാല്‍ തരുമെന്ന് പഠനം. കൂടുതല്‍ കാല്‍സ്യം അടങ്ങിയ പാല്‍ നല്‍കാന്‍ സന്തോഷവതികളായ പശുക്കള്‍ക്ക് സാധിക്കുമെന്നാണ് പഠനം തെളിയിക്കുന്നത്. ഹോള്‍സ്റ്റീന്‍, ജഴ്‌സി ഇനങ്ങളില്‍ പെട്ട പശുക്കള്‍ക്കാണ് ഇത്തരം കഴിവുള്ളത്. പശുക്കള്‍ക്ക് സന്തോഷം വരുമ്പോള്‍ അവയുടെ രക്തത്തിലെ കാല്‍സ്യത്തിന്റെ അളവ് വര്‍ധിക്കുന്നു. ഈ കാല്‍സ്യമാണ് പാലില്‍ കലരുന്നത്.
ഇത്തരത്തില്‍ കാല്‍സ്യം നന്നായി അടങ്ങിയിട്ടുള്ള പാലിന് വിപണിയിലും വലിയ ഡിമാന്‍ഡാണ്. മനുഷ്യശരീരത്തിന് ആവശ്യമായ അളവില്‍ കാല്‍സ്യം മറ്റേതിനേക്കാളും കൂടുതലായി പാലില്‍ നിന്നാണ് ലഭിക്കുക. കാല്‍സ്യത്തിന്റെ പ്രധാന സ്രോതസുകള്‍ പാല്, നെയ്യ്, വെണ്ണ മുതലായ ഉല്‍പ്പന്നങ്ങളാണ്. അതുകൊണ്ടണ്ടു തന്നെ കാല്‍സ്യം കൂടുതലായി അടങ്ങിയ പാലിനും പാലുല്‍പ്പന്നങ്ങള്‍ക്കും ആവശ്യക്കാരും ഏറെയാണ്.
വിസ്‌കോസിന്‍- മാഡിസണ്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഗവേഷകരാണ് പുതിയ കണ്ടുപിടിത്തത്തിനു പിന്നില്‍. ലോറ ഹെര്‍ണാണ്ടസിന്റെ നേതൃത്വത്തിലായിരുന്നു പഠനം. അടുത്തിടെ പ്രസവം നടന്ന 24 പശുക്കളെയാണ് ഗവേഷണത്തിന്റെ ഭാഗമായി പഠനവിധേയമാക്കിയത്. ഇവയില്‍ പകുതി ഹോള്‍സ്റ്റീന്‍ ഇനത്തില്‍ പെട്ടവയും ബാക്കി പകുതി ജഴ്‌സി ഇനത്തില്‍ പെട്ടവയുമായിരുന്നു. ഹോള്‍സ്റ്റീന്‍ ഇനത്തില്‍ പെട്ട പശുക്കളെ ഇത്തരത്തില്‍ പരീക്ഷണവിധേയമാക്കിയപ്പോള്‍ അവയുടെ പാല്‍ കാല്‍സ്യ സമ്പുഷ്ടമായിരുന്നുവെങ്കിലും പാലിലുള്ളതിനേക്കാള്‍ കാല്‍സ്യം അവയുടെ രക്തത്തിലുള്ളതായി കണ്ടെത്തി.
ജഴ്‌സി പശുക്കളുടെ പാലിലാകട്ടെ ഹോള്‍സ്റ്റീനിനേക്കാള്‍ കൂടിയ അളവിലായിരുന്നു കാല്‍സ്യം. ജഴ്‌സി പശുക്കളുടെ പാലില്‍ ഹോള്‍സ്റ്റീനിനെ അപേക്ഷിച്ച് കാല്‍സ്യം കൂടുതലായിരുന്നുവെങ്കിലും ഹോള്‍സ്റ്റീനിലും കാല്‍സ്യത്തിന്റെ അളവില്‍ ഏറെ വ്യത്യാസമില്ല എന്നു തന്നെയാണ് ഗവേഷകരുടെ അഭിപ്രായം. എന്തു തന്നെയായാലും ഈ രണ്ട് ഇനത്തില്‍ പെട്ട പശുക്കളെയും സന്തോഷിപ്പിച്ചാല്‍ അവര്‍ കൂടുതല്‍ കാല്‍സ്യസമ്പുഷ്ടമായ പാല്‍ തരുമെന്ന് ലോറ ഹെര്‍ണാണ്ടസ് പറയുന്നു. എന്‍ഡോക്രൈനോളജി ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."