ഒളിംപ്യന്‍ കുടുംബത്തിന് ധ്യാന്‍ചന്ദ് ആദരം
കോട്ടയം: ദേശീയ കായിക പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ പട്ടികയില്‍ ഒരേയൊരു മലയാളി മാത്രം. കോരുത്തോടിന്റെ മണ്ണില്‍ നിന്നും ഒളിംപിക്‌സ് ട്രാക്കിലേക്ക് ഓടിക്കയറിയ ഇന്ത്യയുടെ എക്കാലത്തെയും മികച്ച 400 മീറ്ററിലെ താരങ്ങളില്‍ ഒരാളായ ജിന്‍സി ഫിലിപ്പ്. കായികരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ധ്യാന്‍ചന്ദ് പുരസ്‌കാരം ജിന്‍സിയെ തേടിയെത്തുമ്പോള്‍ കാലം കാത്തുവെച്ച കാവ്യനീതിയാണത്. പുരസ്‌ക്കാരം ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും അര്‍ജുന അവാര്‍ഡ് ലഭിക്കാതെ പോയതിലുള്ള വിഷമം ഇപ്പോള്‍ മാറിയെന്നും ജിന്‍സി പ്രതികരിച്ചു. 2002 ബുസാന്‍ ഏഷ്യന്‍ ഗെയിംസില്‍ ജിന്‍സി ഫിലിപ്പ് ഉള്‍പ്പെട്ട ഇന്ത്യന്‍ വനിത ടീം 4-400 മീറ്റര്‍ റിലേയില്‍ സ്വര്‍ണം നേടിയിരുന്നു. മലയാളികളായ അഞ്ജു ബോബി ജോര്‍ജ്, കെ.എം ബീനാമോള്‍, കെ.എം ബിനു എന്നിവരെല്ലാം അന്ന് ബുസാനില്‍ മെഡല്‍ കൊയ്തിരുന്നു. ബുസാന്‍ ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേട്ടം കൊയ്തവരില്‍ അഞ്ജു ബോബി ജോര്‍ജ്, ബീനാമോള്‍ ഉള്‍പ്പെടെ താരങ്ങള്‍ക്ക് പിന്നീട് രാജ്യത്തിന്റെ ഉന്നത കായിക പുരസ്‌ക്കാരങ്ങള്‍ സമ്മാനിക്കപ്പെട്ടു. ഒടുവില്‍ ധ്യാന്‍ചന്ദ് പുരസ്‌കാരം ജിന്‍സി ഫിലിപ്പിനെ തേടിയെത്തി. മൂന്നു പതിറ്റാണ്ടിലേറെ കാലത്തെ പഴക്കമുണ്ട് ഇന്ത്യയുടെ റിലേ ടീമിലെ മലയാളി ആധിപത്യത്തിന്. ആ പട്ടികയില്‍ മാറ്റി നിര്‍ത്താനാവാത്ത നാമമാണ് ജിന്‍സി ഫിലിപ്പ്. 2000 ലെ സിഡ്‌നി ഒളിംപിക്‌സില്‍ പരംജീത്ത് കൗര്‍, റോസക്കുട്ടി, കെ.എം ബീനാ മോള്‍ എന്നിവര്‍ക്കൊപ്പം 4-400 മീറ്റര്‍ റിലേയില്‍ ഇന്ത്യന്‍ ജേഴ്‌സിയില്‍ ബാറ്റണേന്തിയ താരമാണ് ജിന്‍സി. ദ്രോണാചാര്യന്‍ കെ.പി തോമസ് മാഷിന്‍്െറ പ്രിയശിഷ്യ. 1998 ലെ ബാങ്കോക്ക് ഏഷ്യന്‍ ഗെയിംസില്‍ വെള്ളി. 1999 ലെ നേപ്പാള്‍ സാഫ് ഗെയിംസില്‍ സ്വര്‍ണം. 2000ജക്കാര്‍ത്ത ഏഷ്യന്‍ ചാപ്യംന്‍ഷിപ്പില്‍ സ്വര്‍ണം. 1999സ്‌പെയിനില്‍ നടന്ന ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിലും ഇന്ത്യക്കായി റിലേയില്‍ ബാറ്റണ്‍ ഏന്തി. മലയോര ഗ്രാമമായ കോരുത്തോട്ടിലെ അരീക്കല്‍ വീട്ടില്‍ വി.ജെ ഫിലിപ്പിന്റെയും അന്നമ്മ ഫിലിപ്പിന്റേയും മകളായി 1977 ഏപ്രില്‍ 12 ന് ജനനം. കുട്ടിക്കാലത്ത് തന്നെ ജിന്‍സി ഓട്ടം തുടങ്ങിയ ജിന്‍സിക്ക് കര്‍ഷകനായ പിതാവാണ് പ്രചോദനം നല്‍കിയത്. ആദ്യം പഠിച്ച കോരുത്തോട് സെന്റ് ജോര്‍ജ് സ്‌കൂളിലെ ഓട്ടമത്സരങ്ങളില്‍ സ്ഥിരമായി സമ്മാനങ്ങള്‍ നേടിയതോടെയാണ് കെ.പി തോമസ് മാഷിന്റെ അടുക്കല്‍പരിശീലനത്തിന് എത്തുന്നത്. മലയോരത്തെ ചെങ്കുത്തായ കയറ്റിറക്കങ്ങളെയും മലഞ്ചെരുവുകളെയും കീഴടക്കിയാണ് ജിന്‍സി ഫിലിപ്പ് ഒളിംപിക്‌സ് ട്രാക്കിലെത്താനുള്ള കരുത്ത് നേടിയത്. സംസ്ഥാന,ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പുകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. പരിശീലകന്‍ ടി.പി ഔസേപ്പാണ് തൃശൂര്‍ വിമല കോളജില്‍ എത്തിച്ചത്. പരിശീലകനായ ഇ.ജെ ജോര്‍ജ് ആയിരുന്നു പിന്നീട് പരിശീലകന്‍. 1995 ല്‍സി.ആര്‍.പി.എഫില്‍ ഉദ്യോഗസ്ഥയായി. ഓള്‍ ഇന്ത്യാ പൊലിസ് മീറ്റിലും ലോക പൊലിസ് മീറ്റിലും നിരവധി മെഡലുകള്‍ നേടിയതോടെ ദേശീയ ക്യാംപില്‍ എത്തി. തന്റെ പ്രിയപ്പെട്ട ഇനമായ 400 മീറ്റര്‍ റിലേയില്‍ ഒളിംപ്യന്മാര്‍ക്കൊപ്പം പരിശീലനത്തിനിറങ്ങി. മികച്ച പ്രകടനം നടത്തിയ ജിന്‍സി ഫിലിപ്പ് ഇന്ത്യന്‍ വനിത റിലേ ടീമിലെ സ്ഥിരാഗംമായി. സി.ആര്‍.പി.എഫില്‍ ഡപ്യൂട്ടി കമാന്‍ഡന്റായ ജിന്‍സി ഇപ്പോള്‍ തിരുവനന്തപുരംസായി സെന്ററിലെ പരിശീലകയാണ്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ലോംങ് ജംപ് താരമായിരുന്നഒളിംപ്യന്‍ പി. രാമചന്ദ്രനാണ് ഭര്‍ത്താവ്. മക്കള്‍: അഭിഷേക്, എയ്ബല്‍, അതുല്യ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."