പിണറായി കൂട്ടക്കൊലക്കേസ് പ്രതി ജയിലില്‍ മരിച്ച നിലയില്‍
കണ്ണൂര്‍: പിണറായി പടന്നക്കരയില്‍ മാതാപിതാക്കളെയും മകളെയും കൊലപ്പെടുത്തിയ കേസിലെ പ്രതി വണ്ണത്താംവീട്ടില്‍ സൗമ്യ (30) കണ്ണൂര്‍ വനിതാ ജയിലില്‍ മരിച്ച നിലയില്‍. ഇന്നലെ രാവിലെ 9.30ഓടെയാണ് വനിതാ ജയിലിനോടു ചേര്‍ന്നുള്ള ശൗചാലയത്തിനു സമീപത്തെ കശുമാവില്‍ സൗമ്യയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജയിലില്‍ പശുക്കളെ നോക്കുന്നതായിരുന്നു സൗമ്യയുടെ ചുമതല. രാവിലെ പുല്ല് അരിയാന്‍ പോയ സൗമ്യയെ പിന്നീടു കശുമാവില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു.
കേസിന്റെ ആദ്യഘട്ട വിചാരണ തുടങ്ങാനിരിക്കെയാണു പ്രതിയുടെ മരണം. മാതാപിതാക്കളെയും മകളെയും കൊലപ്പെടുത്തിയ കേസിലെ ഏക പ്രതിയാണു സൗമ്യ. കഴിഞ്ഞ ഏപ്രില്‍ 24നാണ് തലശ്ശേരി പൊലിസ് ഇവരെ അറസ്റ്റ് ചെയ്തത്. സൗമ്യയുടെ പിതാവ് പിണറായി പടന്നക്കരയിലെ വണ്ണത്താന്‍ വീട്ടില്‍ കുഞ്ഞിക്കണ്ണന്‍ (76), മാതാവ് കമല (65), മൂത്തമകള്‍ ഐശ്വര്യ (ഒന്‍പത്) എന്നിവരെ ഭക്ഷണത്തില്‍ എലിവിഷം നല്‍കി കൊലപ്പെടുത്തിയെന്നാണു കേസ്.
വഴിവിട്ട ബന്ധത്തിനു തടസം നിന്നതാണു മാതാപിതാക്കളെയും മക്കളെയും കൊലപ്പെടുത്താന്‍ കാരണമെന്നു സൗമ്യ പൊലിസിനു മൊഴി നല്‍കിയിരുന്നു. കൊലപാതകത്തിനു ശേഷവും സാധാരണ രീതിയിലാണു സൗമ്യ നാട്ടുകാരുമായി ഇടപെട്ടത്. സംശയം തോന്നിയ പൊലിസ് കുഞ്ഞിക്കണ്ണന്റെയും കമലയുടെയും മൃതദേഹങ്ങള്‍ പുറത്തെടുത്ത് ആന്തരികാവയവങ്ങളുടെ പരിശോധന നടത്തിയതോടെ വിഷാംശമായ അലൂമിനിയം ഫോസ്‌ഫൈഡിന്റെ അംശങ്ങള്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് സൗമ്യയെ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് ചെയ്തത്.
കണ്ണൂര്‍ ജുഡിഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റിന്റെ ചുമതലയുള്ള തളിപ്പറമ്പ് മജിസ്‌ട്രേറ്റ് പി. നിജീഷ്‌കുമാര്‍, കണ്ണൂര്‍ തഹസില്‍ദാര്‍ എന്‍.കെ സജീവന്‍, സി.ഐ ടി.കെ രത്‌നകുമാര്‍ എന്നിവര്‍ ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്കു മാറ്റി. ഇന്ന് മറ്റു നടപടികള്‍ക്കു ശേഷം സംസ്‌കരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."