ഹജ്ജിന് ശുഭ പര്യവസാനം; തീര്‍ഥാടകര്‍ പ്രവാചക നഗരിയിലേക്ക്
മദീന: ഈ വര്‍ഷത്തെ ഹജ്ജിനു പരിസമാപ്തി. തീര്‍ഥാടക ലക്ഷങ്ങള്‍ ഇനി മദീനയിലേക്ക് ഒഴുകും. ഇന്നലെ ഹജ്ജ് കര്‍മങ്ങള്‍ പൂര്‍ത്തിയായതോടെ തീര്‍ഥാടകര്‍ വിടവാങ്ങല്‍ ത്വവാഫും പൂര്‍ത്തിയാക്കി മക്കയോടു വിടവാങ്ങി പ്രവാചക നഗരിയെ ലക്ഷ്യമാക്കി പ്രയാണം തുടങ്ങിക്കഴിഞ്ഞു.
വ്യാഴാഴ്ചതന്നെ പകുതിയിലധികം തീര്‍ഥാടകരും മിനായില്‍നിന്നു വിടവാങ്ങിയിരുന്നെങ്കിലും ബാക്കിയുള്ളവര്‍ ഇന്നലെയാണ് പരിപൂര്‍ണ കര്‍മങ്ങളോടെ മിനായില്‍നിന്നു വിടവാങ്ങിയത്. ഇവര്‍ മക്കയിലെത്തി ത്വവാഫ് ചെയ്തു മറ്റുള്ള ഒരുക്കങ്ങളിലാണ്. ഹജ്ജിനു മുന്നോടിയായി മദീനയില്‍ വന്നിറങ്ങി പ്രവാചക നഗരി സന്ദര്‍ശിച്ചവര്‍ മക്കയില്‍നിന്നു ജിദ്ദയിലെത്തി നേരിട്ടു നാട്ടിലേക്കു പുറപ്പെടും.
നേരത്തെ മക്കയിലെത്തിയ വിദേശികളാണ് ഇപ്പോള്‍ പ്രവാചക നഗരിയിലേക്കു പുറപ്പെടുന്നത്. ഇവര്‍ക്ക് അവിടെവച്ചായിരിക്കും യാത്രാ വിമാനം. നേരത്തെ മക്കയിലേക്കു നേരിട്ടെത്തിയ ഇന്ത്യന്‍ ഹാജിമാരാണ് മദീന സന്ദര്‍ശനത്തിനായി പുറപ്പെടുക. മദീന സന്ദര്‍ശിച്ച് എട്ടു ദിവസത്തിനു ശേഷമാണ് മടക്കം.
മദീനയിലെത്തുന്ന തീര്‍ഥാടകര്‍ ജന്നതുല്‍ ബഖീഅ്, മസ്ജിദ് ഖുബാ, മസ്ജിദുല്‍ ഫത്ഹ്, മസ്ജിദുല്‍ ഖിബ്‌ലതൈന്‍, ഉഹ്ദ് താഴ്‌വര തുടങ്ങിയ ചരിത്ര സ്മാരകങ്ങള്‍ സന്ദര്‍ശിക്കും. തീര്‍ഥാടകര്‍ക്കാവശ്യമായ എല്ലാ സൗകര്യങ്ങളും സഊദി അധികൃതര്‍ തയാറാക്കിയിട്ടുണ്ടണ്ട്. എല്ലാ സുരക്ഷാ സന്നാഹങ്ങളും സേവനങ്ങളും മറ്റും ഏര്‍പ്പെടുത്താന്‍ മദീന മുനവ്വറ ഗവര്‍ണറും മദീന ഹജ്ജ് കമ്മിറ്റി അധ്യക്ഷനും പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. മസ്ജിദുന്നബവി കാര്യങ്ങള്‍ക്കുള്ള ജനറല്‍ പ്രസിഡന്‍സിയും ഇക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.
മദീന മുനവ്വറ ആരോഗ്യ കാര്യാലയം പ്രത്യേക ആരോഗ്യ സുരക്ഷാ പദ്ധതി തയാറാക്കിയിട്ടുണ്ടണ്ട്. തീര്‍ഥാടകരുടെ വാസ സ്ഥലങ്ങളിലും മസ്ദജിദുന്നബവിയുടെ പരിസരങ്ങളിലുമെല്ലാം അടിയന്തിര ചികിത്സാ വിഭാഗങ്ങളും ആംബുലന്‍സ് സര്‍വിസുകളും സജ്ജമാണ്. ഭക്ഷണശാലകളിലും ഭക്ഷ്യോല്‍പന്നങ്ങള്‍ വില്‍പന നടത്തുന്ന കേന്ദ്രങ്ങളിലും മറ്റും കര്‍ശനമായ പരിശോധന നടത്തുന്നുണ്ട്. എട്ടു ലക്ഷത്തോളം തീര്‍ഥാടകരാണ് ഹജ്ജിനു മുന്നോടിയായി ജിദ്ദയില്‍ എത്തിച്ചേര്‍ന്നിരുന്നത്. ഇവരൊക്കെ ഹജ്ജിനു ശേഷം മദീന സന്ദര്‍ശിക്കും. ആഭ്യന്തര തീര്‍ഥാടകര്‍കൂടിയെത്തുന്നതോടെ മദീന അക്ഷരാര്‍ഥത്തില്‍ വീര്‍പ്പുമുട്ടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."