കാഴ്ച
കണ്ണുകള്‍ പാതി മാത്രമാണ് അടഞ്ഞിരുന്നത്.
ആരൊക്കെയോ കാണാന്‍ ബാക്കിയുണ്ട്. അതാണു കണ്ണ് പൂര്‍ണമായും അടയാതിരിക്കാന്‍ കാരണമെന്നു മുതിര്‍ന്നവരില്‍ ചിലരുടെ കണ്ടെത്തല്‍ വെള്ളത്തുണിയ്ക്കുള്ളില്‍ കിടന്ന് ആസ്വദിച്ചു. അടക്കിപ്പിടിച്ച വര്‍ത്തമാനങ്ങള്‍. വേര്‍പാടിന്റെ വിതുമ്പിപ്പൊട്ടലുകള്‍.
ഭൂമിയില്‍ അയാളുടെ വീട്ടുമുറ്റത്തും അകത്തെ ഇരുട്ടിലും കണ്ണീര് പെയ്തു നിറഞ്ഞു. ലോകത്തിന്റെ വിവിധ കോണുകളിലുള്ള പരിചയക്കാരില്‍ പലരും മരണവാര്‍ത്ത അറിഞ്ഞില്ലല്ലൊ എന്നു സങ്കടപ്പെടുന്നതു നിശ്ചലമായി കിടക്കുമ്പോഴും ചെവിയില്‍ കിരുകിരുപ്പായി തട്ടുന്നുണ്ട്.
സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗയാത്ര ചെയ്യുന്നൂ..
എന്‍ സ്വദേശം കാണ്‍മതിന്നായ് ഞാന്‍ തനിയേ പോകുന്നൂ..
മരണനേരത്തും കുഴിയിലേക്കെടുക്കുമ്പോഴും സംഗീതസാന്ദ്രമാകണം അന്തരീക്ഷം. അയാള്‍ പലപ്പോഴായി പലരോടും പറഞ്ഞതാണ്. പിറവിദിനം തൊട്ട് ഇങ്ങ് അവസാനനാള്‍ വരെ നടന്നതും നടക്കാതിരുന്നതും എണ്ണിപ്പറഞ്ഞ് അലമുറയിടലില്‍ വലിയ കഥയൊന്നുമില്ല. വഴിയാത്രക്കാരും വഴിവക്കില്‍ വെറുതെ നില്‍ക്കുന്നവരും അറിയാതെ ലയിച്ചുനില്‍ക്കണം. സംഗീതത്തിന്റെ താളക്കൊഴുപ്പില്‍ ഉരുളുന്നതു ശവമഞ്ചമാണെന്ന തോന്നല്‍ പോലും കാഴ്ചക്കാരിലുണ്ടാവരുത്.
സെമിത്തേരിയുടെ കവാടംവരെ സംഗീതം നീണ്ടു. മതില്‍ക്കെട്ടിനകത്തെ കല്ലുപേടകങ്ങളില്‍ ഉള്ളില്‍ എന്നോ ദ്രവിച്ചുപോയ ദേഹത്തെ ഓര്‍മിപ്പിക്കാന്‍ പേരും മരണനാളും കൊത്തിവച്ചിരിക്കുന്നു. മരണക്കുടില്‍ പോലെ അവിടെയും നിശബ്ദത മുനിഞ്ഞു. കല്ലറകള്‍ക്കു മുകളിലൂടെ ജീവനുള്ള ഒരു കാറ്റ് ഇഴഞ്ഞുരുണ്ടു.
ശവമടക്ക് കഴിഞ്ഞ് ആളുകള്‍ പിരിഞ്ഞു. അവിടമാകെ പരന്നിരുന്ന വെയിലും മങ്ങി. ഇപ്പോള്‍ മണ്ണും മരങ്ങളുമില്ലാത്തൊരു മുനമ്പിലെത്തിയിരിക്കുന്നു അയാള്‍.
കണ്ണെത്താദൂരം നീണ്ടുപുളഞ്ഞ്.. തിങ്ങിപ്പരന്ന മേഘങ്ങള്‍ക്കിടയിലൂടെ ഒറ്റയടിപ്പാത തെളിഞ്ഞു. ആ വിജനതയിലൂടെ ഏറെ ദൂരം യാത്ര ചെയ്തു. മേഘങ്ങളാല്‍ ചുറ്റപ്പെട്ട ഒരു തുരുത്തിലാണു യാത്രയവസാനിച്ചത്. അവിടെ വിവിധ വര്‍ണങ്ങളിലുള്ള വസ്ത്രങ്ങള്‍ വെയിലത്തു വെട്ടിത്തിളങ്ങുന്നു. മറുഭാഗത്തു കുറെ മനുഷ്യരുടെ നിഴലുകള്‍. അവിടെ പൊടുന്നനെ തെളിഞ്ഞ വെളിച്ചപ്പൊട്ടില്‍നിന്ന് അന്നേരം ഒരശരീരി ഉണ്ടായി.
നീ കാണുന്ന വസ്ത്രങ്ങള്‍ നിനക്കുമുന്‍പേ മരിച്ചവരുടേത്; നിഴലുകള്‍ ഇനി ജനിക്കാനിരിക്കുന്നവരുടേതും.
മരിച്ചവര്‍ക്കിനി ഉടയാടകള്‍ ആവശ്യമില്ലേ. ജനിക്കാനിരിക്കുന്നവര്‍ക്ക് നിഴലുകളുണ്ടാവ്വോ..
ആരോടെന്നില്ലാതെ സംശയം അയാളുടെ ഉള്ളില്‍നിന്നു കുതറി.
ഇതു മാത്രമാണോ നിനക്കിനി ബോധ്യപ്പെടാനുള്ളത്. പ്രപഞ്ചത്തിന്റെ സര്‍വസത്യങ്ങളും അറിയാമെന്ന അഹങ്കാരമുണ്ടല്ലോ ആ വാക്കുകളില്‍..
പ്രകാശബിന്ദു തൊട്ടുമുന്‍പിലെന്ന പോലെ കൂടുതല്‍ തിളങ്ങി. മേഘത്തൂവല്‍ അവിടമാകെ തെന്നിപ്പറന്നു. അയാള്‍ വെളിച്ചത്തിലേക്കു കൂടുതല്‍ അടുത്തുനിന്നു. മുന്‍പേ മരിച്ചുപോയവര്‍ നിന്നെ ഓര്‍ക്കുന്നില്ല. ജനിക്കാനുള്ളവര്‍ നിന്നെ അറിയാനുമിടയില്ല. നിന്റെ നിസാരത ഇപ്പോള്‍ തിരിച്ചറിയുന്നു.. അല്ലേ?
അശരീരിയില്‍ പരിഹാസധ്വനി. വെളിച്ചത്തില്‍നിന്നു മുഖം മറയ്ക്കാന്‍ അയാള്‍ മേഘമറവിലേക്ക് ഒതുങ്ങി.
ഒളിച്ചുനില്‍ക്കാന്‍ ഇടം തേടുകയാണോ. വെളിച്ചം പാലിനെക്കാള്‍ വെളുത്തു. ഇവിടെയെത്തുന്നതിനുമുന്‍പുള്ള ജീവിതം ഓര്‍മയുണ്ടോ. ആരായിരുന്നു നീ.. എന്തായിരുന്നു നിന്റെ പത്രാസ്! മനുഷ്യരെ അകറ്റാന്‍ ഓരോ കാരണങ്ങള്‍ പറഞ്ഞ്, പല കളങ്ങള്‍ വരച്ച് എന്തൊക്കെയാ നീ ചെയ്തുകൂട്ടിയത്. സ്വന്തം വീട്ടുമുറ്റത്തേക്ക് ഒന്നു നോക്കൂ.. സ്‌നേഹമെന്ന ഒറ്റവാക്കിനാല്‍ ചുറ്റിവരിഞ്ഞിരുന്ന ഏതാനും ഹൃദയങ്ങള്‍ മാത്രം അവിടെ വിങ്ങിപ്പൊട്ടുന്നുണ്ട്. നീ കെട്ടിപ്പൊക്കിയതൊക്കെ തോന്നലുകളായിരുന്നു.
അയാള്‍ കണ്ണുപൂട്ടി നിന്നു. വെളിച്ചം മുഖത്തേക്കു തെറിക്കുന്നത് അറിയുന്നില്ലെന്നു ഭാവിച്ചു. അന്നേരം തീച്ചൂട് തൊടുന്ന പോലൊരു കാറ്റ് മേഘപടലങ്ങള്‍ക്കു മുകളിലൂടെ വീശിയടിച്ചു. വെളിച്ചം മങ്ങിത്തുടങ്ങി. കണ്ണുതുറന്നു കൈകള്‍ കൂപ്പി, അയാളില്‍നിന്നു പ്രാര്‍ഥന പോലെ ചില വാക്കുകള്‍ ഇറ്റിവീണു.
മണ്ണില്‍ ഇനിയൊരു ജന്മം സാധ്യമാണോ..? ഇനിയുമൊരു ജന്മമോ.. എന്തിന്?
മനസില്‍ നന്മ മാത്രം നിറച്ചുവയ്ക്കാന്‍. മതില്‍ക്കെട്ടുകള്‍ നിര്‍മിക്കാതെ സകല മനുഷ്യരെയും സ്‌നേഹിക്കാന്‍.. അയാള്‍ കൊതിയോടെ ഭൂമിയിലേക്കു നോക്കി. മണ്ണില്‍ വിവിധ വര്‍ണങ്ങളില്‍ പൂക്കള്‍ നിറഞ്ഞുനില്‍ക്കുന്നു. ജീവിച്ചിരുന്നപ്പോള്‍ കണ്ണില്‍പെടാതിരുന്ന കാഴ്ച.
'മണ്ണില്‍ ഇനിയൊരു ജന്മം..'
അയാള്‍ ചോദ്യം ആവര്‍ത്തിച്ചു. കടുകുമണിയോളം ചെറുതായ വെളിച്ചം പൊടുന്നനെ അണഞ്ഞു. ഇരുട്ടുമൂലയില്‍ അയാളുടെ ശബ്ദം ഒടുങ്ങി. മുന്‍പിലെ ഒറ്റയടിപ്പാത മേഘപ്പുറ്റുകള്‍ നിറഞ്ഞു കാഴ്ചയില്‍നിന്നു മാഞ്ഞു. അനന്തരം വസ്ത്രക്കൂനയുടെ മുകള്‍ഭാഗത്ത് തന്റെ നിറമില്ലാത്ത കുപ്പായവും കാണുമെന്നയാള്‍ തീര്‍ച്ചപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."