ഉയര്‍ന്ന പോളിങ്ങിനൊപ്പം ഉയരുന്ന ചങ്കിടിപ്പ്
തിരുവനന്തപുരം: പോളിങ് ഉയര്‍ന്നതിനൊപ്പം മുന്നണികളുടെ ചങ്കിടിപ്പും കൂടി. രാവിലെ മുതല്‍ തന്നെ ഒഴുകിയെത്തിയ പ്രബുദ്ധ കേരളം ഇന്നലെ ബാലറ്റില്‍ തീരുമാനം കുറിച്ചത് ആരെ തുണയ്ക്കും, ആരെ കൈവിടും എന്ന ആശങ്കയിലാണ് മുന്നണികള്‍.
2014ലെ തെരഞ്ഞെടുപ്പിനെക്കാളും വോട്ടിങ് ശതമാനം കൂടിയിട്ടുണ്ട്. ദേശീയ രാഷ്ട്രീയത്തില്‍ ഇടതുപക്ഷത്തിന്റെ പ്രസക്തി തന്നെ നിര്‍ണയിക്കുന്ന പോരാട്ടത്തില്‍ അവര്‍ക്കേറ്റവും പ്രതീക്ഷിക്കാനുള്ള കേരളത്തില്‍ നിന്ന് പരമാവധി സീറ്റ് നിര്‍ബന്ധം. മതേതര സര്‍ക്കാരിന് നേതൃത്വം നല്‍കാന്‍ രാഹുല്‍ ഗാന്ധിയെ ഉയര്‍ത്തിക്കാട്ടുന്ന കോണ്‍ഗ്രസിന് രാഹുല്‍ മത്സരിച്ച സംസ്ഥാനത്ത് പരമാവധി സീറ്റ് അഭിമാനപ്രശ്‌നം. ലോക്‌സഭയിലേക്ക് ഇത്തവണയെങ്കിലും അക്കൗണ്ട് തുറന്നില്ലെങ്കില്‍ കടുത്ത ക്ഷീണമാകുമെന്ന് വിശ്വസിക്കുന്ന ബി.ജെ.പിയും.
എന്നാല്‍ ജനം ഒഴുകിയെത്തി സമ്മതിദാനവകാശം രേഖപ്പെടുത്തിയത് ആര്‍ക്ക് അനുകൂലമായി എന്ന് വ്യക്തമല്ല. ശബരിമലയിലാണ് എന്‍.ഡി.എയുടെ പ്രതീക്ഷയത്രയും. വിശ്വാസി വികാരം എന്ന അജന്‍ഡയിലേക്ക് പ്രചാരണം കേന്ദ്രീകരിച്ചതിലൂടെ അവര്‍ ഉന്നമിട്ടത് പരമാവധി ഹൈന്ദവ വോട്ടുകളുടെ ധ്രുവീകരണമാണ്. കേരളത്തിന്റെ രാഷ്ട്രീയാന്തരീക്ഷത്തില്‍ ഇത്തരമൊരു രീതി അപൂര്‍വമായതിനാല്‍ ജനത്തിന്റെ പ്രതികരണമെന്തായിരുന്നുവെന്ന് അറിയാന്‍ ഇനി ഒരു മാസം കാത്തിരിക്കണം.
അതേസമയം, ദേശീയ രാഷ്ട്രീയമുയര്‍ത്തി ബി.ജെ.പിക്കെതിരേയും സംസ്ഥാന വിഷയങ്ങളുയര്‍ത്തി ഇടതിനെതിരേയും പ്രചാരണം കൊഴുപ്പിച്ച യു.ഡി.എഫ് നേതൃത്വവും ശബരിമലയെ ആയുധമാക്കാന്‍ മറന്നില്ല. ഒരു വിഭാഗം വിശ്വാസികളുടെ വോട്ടിലും എന്‍.എസ്.എസിന്റെ നിലപാടിലും മറ്റുമാണവരുടെ പ്രതീക്ഷ. യു.ഡി.എഫും ബി.ജെ.പിയും ഒരുപോലെ പ്രതീക്ഷിക്കുന്ന ഒരു വിഷയത്തില്‍ ആര്‍ക്കാവും അത് ഗുണം ചെയ്യുകയെന്ന ചോദ്യത്തിന് പ്രസക്തിയേറെയാണ്. അത് ഏത് രീതിയില്‍ ന്യൂനപക്ഷങ്ങള്‍ വിലയിരുത്തി എന്നും പ്രവചനാതീതമായിരിക്കുകയാണ്.
വയനാടിനെയും രാഹുലിനെയും കേന്ദ്രീകരിച്ച് വര്‍ഗീയ സൂചനയോടെ ബി.ജെ.പി ഉയര്‍ത്തിയ പ്രചാരണവും അതിനു ബദലായി ന്യൂനപക്ഷ വോട്ടിലുണ്ടാകുന്ന ഏകീകരണവും തുണയ്ക്കുമെന്ന് യു.ഡി.എഫ് വിശ്വസിക്കുന്നു. എന്നാല്‍ ശബരിമല കേന്ദ്രീകരിച്ച് ബി.ജെ.പി പ്രയോഗിച്ച തീവ്ര ലൈനിന്റെ മറുപുറമായി മുസ്‌ലിം, ക്രൈസ്തവ വോട്ടുകള്‍ തങ്ങളെയാവും തുണച്ചതെന്ന് ഇടതുപക്ഷവും കണക്കു കൂട്ടുന്നു. ഇരു സമുദായങ്ങള്‍ക്കുമായി 45 ശതമാനത്തോളം പ്രാതിനിധ്യമുണ്ട് സംസ്ഥാനത്ത്. ശബരിമല ചര്‍ച്ച ചെയ്ത മധ്യ കേരളത്തിലും തെക്കന്‍ കേരളത്തിലും പോളിങ് ശതമാനം കൂടിയിട്ടുണ്ട്. ന്യൂനപക്ഷങ്ങളെ പോലെ തന്നെ ഭൂരിപക്ഷ വിഭാഗവും കൂടിയ തോതില്‍ വോട്ട് ചെയ്യാനെത്തി എന്നാണ് ഇതു നല്‍കുന്ന സൂചന. പത്തനംതിട്ടയില്‍ തുടക്കം മുതല്‍ കണ്ട പോളിങ് വര്‍ധന ഇതിന് അടിവരയിടുന്നുമുണ്ട്.
കേന്ദ്രസര്‍ക്കാരിനെതിരായ പ്രചാരണം പരമാവധി ശക്തിപ്പെടുത്തിയ ഇടതുപക്ഷം, ബി.ജെ.പിയെ നേരിടുന്നതില്‍ കോണ്‍ഗ്രസിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്തായിരുന്നു പ്രചാരണം കൊഴുപ്പിച്ചത്. ബാബരി വിഷയവും സാമ്പത്തിക നയവുമൊക്കെ അവരിതിന് ഉദാഹരണമാക്കി.
എന്നിരുന്നാലും സംസ്ഥാന സര്‍ക്കാരിന്റെ മൂന്നു വര്‍ഷത്തെ വികസന നേട്ടമാണ് ഇടതുപക്ഷത്തിന്റെ തുറുപ്പ് ചീട്ടായിരുന്നത്. അതിനോട് വോട്ടര്‍മാര്‍ എങ്ങനെ പ്രതികരിച്ചുവെന്ന് അറിയാന്‍ കാത്തിരിക്കുക തന്നെ വേണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."