ഇത് അവസാന തെരഞ്ഞെടുപ്പ്; കാട്ടിനുള്ളിലെ കുറിച്യാട് ബൂത്ത് ഇനിയില്ല
കല്‍പ്പറ്റ: പതിറ്റാണ്ടുകളായി ജീവിക്കുന്ന കാട്ടില്‍ നിന്ന് സര്‍ക്കാര്‍ പുനരധിവാസത്തിന്റെ ഭാഗമായി കുടിയിറങ്ങുന്നതിന് മുന്നേ കുറിച്യാട് കോളനിക്കാര്‍ തങ്ങളുടെ ബൂത്തില്‍ ഒടുവിലത്തെ വോട്ടും ചെയ്തു. ഉള്‍വനത്തോട് ചേര്‍ന്ന് താമസിക്കുന്ന 24 കുടുംബങ്ങളിലെ വോട്ടര്‍മാരാണ് ഇന്നലെ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ ജന്മനാട്ടില് അവസാനത്തെ വോട്ട് ചെയ്തത്. ഇവിടെയുള്ള 58 വോട്ടര്‍മാരില്‍ മുഴുവന്‍ പേരും തങ്ങളുടെ വിലപ്പെട്ട സമ്മതിദാനാവകാശം വിനിയോഗിച്ചാണ് കുറിച്യാടിനോട് വിടപറയുന്നത്. കാട്ടില്‍ 14 കിലോമീറ്ററോളം ഉള്ളിലുള്ള ബൂത്തില്‍ 29 സ്ത്രീകളും 29 പുരുഷന്മാരും ആണ് വോട്ടര്‍മാരായുള്ളത്. ഇതില്‍ 29 സ്ത്രീകളും 28 പുരുഷന്മാരും ഇന്നലെ രണ്ടുമണിയോടെ വോട്ട് ചെയ്തിരുന്നു. 2016 മുതല്‍ പ്രവര്‍ത്തനമില്ലാത്ത ഏകാധ്യാപക വിദ്യാലയമാണ് പോളിങ്ങ് ബൂത്തായി ക്രമീകരിച്ചത്. മുന്‍പ് കാട്ടാന ഈ കെട്ടിടം തകര്‍ത്തിരുന്നു.
മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന ഇവിടുത്തെ വോട്ടര്‍മാരെല്ലാം കാട്ടുനായ്ക്ക വിഭാഗത്തില്‍ ഉള്ളവരാണ്. വൈകാതെ ഇവരെ ഇവിടെനിന്ന് മാറ്റി പാര്‍പ്പിക്കും. അതോടെ കുറിച്യാട് ബൂത്ത് ഓര്‍മയാകും. ഇന്നലെ ആദ്യം വോട്ട് രേഖപ്പെടുത്തിയത് രവി മാസ്തിയും ഒടുവില്‍ വോട്ട് ചെയ്തത് രാജു ബൊമ്മനുമാണ്. പ്രിസൈഡിങ് ഓഫിസര്‍ വൈകിട്ട് രാജു ബൊമ്മനെ നേരിട്ടു പോയി കൊണ്ടു വന്നാണ് വോട്ടു ചെയ്യിച്ചത്.
സ്കൂളും പൂട്ടി ജോലി നല്കാന് ആളുമില്ലാതായി. ഇനി സര്‍ക്കാര്‍ തരുന്ന സ്ഥലത്തേക്ക് മാറുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് കോളനിയിലെ രാജേഷെന്ന യുവാവ് പറയുന്നു. ഇയാളുടെ മൂത്ത മക്കളായ അര്ജുന് രാജിനും അര്‍ച്ചനക്കും പഠിക്കാന്‍ ഇവിടെ സ്കൂളില്ല. നേരത്തേയുണ്ടായിരുന്ന അംഗന്‍വാടിയും എല്‍.പി സ്കൂളും പുനരധിവാസത്തിന്റെ ഭാഗമായി പൂട്ടുകയും ചെയ്തു. മനസില്ലാ മനസോടെയാണെങ്കിലും ഇവിടെ നിന്ന് പോയേ മതിയാവൂ എന്നും രാജേഷ് പറയുന്നു. വനത്തോട് ചേര്‍ന്ന് താമസിക്കുന്നവരെ പുനരധിവസിപ്പിക്കാനുള്ള സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായാണ് കുറിച്യാട് കോളനിക്കാരെയും മാറ്റിത്താമസിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."