തിരൂരില്‍ സ്വര്‍ണത്തിനായി ജ്വല്ലറിയില്‍ പണമടച്ചവര്‍ പെരുവഴിയില്‍ 190 നിക്ഷേപകര്‍ക്ക് മാത്രം നല്‍കാനുള്ളത് 1.03 കോടി
തിരൂര്‍: പണിക്കൂലിയില്ലാതെ സ്വര്‍ണാഭരണങ്ങള്‍ ലഭിക്കാന്‍ തിരൂരിലെ തുഞ്ചത്ത് ജ്വല്ലേഴ്‌സിന്റെ നിക്ഷേപ പദ്ധതിയില്‍ തവണ വ്യവസ്ഥയില്‍ പപണമടച്ചവര്‍ പെരുവഴിയില്‍. പണം ആവശ്യപ്പെട്ട് നൂറുകണക്കിനാളുകള്‍ രംഗത്തെത്തിയതോടെ പ്രശ്‌നം രൂക്ഷമായി. പണം ആവശ്യപ്പെട്ട് നൂറു കണക്കിന് നിക്ഷേപകര്‍ ഇന്നലെയും തിരൂര്‍ പൊലിസ് സ്‌റ്റേഷനിലെത്തി. ഒരു വിഭാഗം നിക്ഷേപകര്‍ ശേഖരിച്ച കണക്കുകളനുസരിച്ച് 190 പേര്‍ക്ക് മാത്രമായി 1.03കോടി രൂപ നല്‍കാനുണ്ട്. ആയിരക്കണക്കിന് നിക്ഷേപകരുള്ളതിനാല്‍ മൊത്തം തുക കോടികള്‍ വരുമെന്നാണ് പൊലിസ് പറയുന്നത്.
ഇന്നലെ രാവിലെ മുതലേ തിരൂര്‍ പൊലിസ് സ്‌റ്റേഷനിലേക്ക് ആളുകള്‍ എത്തിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ജ്വല്ലറിയിലെത്തിയ പലര്‍ക്കും ഇന്നലെ പണം തിരിച്ചുനല്‍കുമെന്ന് ജ്വല്ലറി ജീവനക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു. ഇതു വിശ്വസിച്ചാണ് നിക്ഷേപകര്‍ ഇന്നലെ പൊലിസ് സ്‌റ്റേഷനിലെത്തിയത്. നൂറിലേറെ ആളുകള്‍ ജ്വല്ലറിയുടെ മുന്നിലുമെത്തി.
പണം തേടിയെത്തിയവരില്‍ അധികവും സ്ത്രീകളാണ്. ഇവരുടെ മുന്നില്‍ പൊലിസ് കൈമലര്‍ത്തിയതോടെ വന്നവര്‍ വലഞ്ഞു. നിക്ഷേപകര്‍ തയാറാണെങ്കില്‍ കേസെടുക്കാമെന്നും മറ്റൊന്നും തങ്ങള്‍ക്ക് അറിയില്ലെന്നുമായിരുന്നു പൊലിസ് നിലപാട്. ഇതിനിടെ പുതിയ പരാതിക്കാരും എത്തിയതോടെ സ്‌റ്റേഷന്‍ വളപ്പില്‍ നിക്ഷേപകരുടെ തിരക്കായി. പുതിയ പരാതികള്‍ സ്വീകരിക്കാന്‍ പൊലീസ് ക്യൂ സംവിധാനം ഏര്‍പ്പെടുത്തിയതോടെ വരി പൊലീസ് സ്‌റ്റേഷന് പുറത്തേക്ക് വരെ നീണ്ടു. ഒടുവില്‍ രജിസ്റ്ററില്‍ ചേര്‍ക്കാതെ എല്ലാവരുടേയും പരാതികള്‍ പൊലീസുകാര്‍ നേരിട്ടുവാങ്ങി ആളുകളെ മടക്കിയയച്ചു. വൈകുന്നേരം വരെയും ആളുകള്‍ പൊലീസ് സ് റ്റേഷനിലും ജ്വല്ലറിക്ക് മുന്നിലുമെത്തി.
ജ്വല്ലറിയുമടകള്‍ നല്‍കിയ വണ്ടിച്ചെക്കുകളുമായും ചിലര്‍ ഇന്നലെ പൊലിസ് സ്‌റ്റേഷനിലെത്തി. പണം തിരിച്ചു തരേണ്ട സമയപരിധി കഴിഞ്ഞപ്പോള്‍ ചെക്ക് നല്‍കിയെന്നും ബാങ്കില്‍ സമര്‍പ്പിച്ചപ്പോള്‍ അക്കൗണ്ടില്‍ പണമില്ലെന്നു പറഞ്ഞ് മടങ്ങിയെന്നും നിക്ഷേപകര്‍ പറഞ്ഞു.
ഒരു വിഭാഗം നിക്ഷേപകര്‍ നിയമനടപടികളുമായി മുന്നോട്ടുപോകാനുള്ള ഒരുക്കത്തിലാണ്. ഇവര്‍ ഇന്നലെ പൊലീസ് സ്‌റ്റേഷന് മുന്നില്‍ വെച്ച് നിക്ഷേപകരുടെ വിശദാംശങ്ങള്‍ ശേഖരിച്ചു. 10395325രൂപ നല്‍കാനുണ്ടെന്നത് ഇവര്‍ തയാറാക്കിയ കണക്കാണ്. 1300രൂപ മുതല്‍ 7.70ലക്ഷം രൂപവരെ ലഭിക്കാനുള്ളവര്‍ പരാതിക്കാരിലുണ്ട്. രണ്ടര പവന്‍ സ്വര്‍ണം മുതല്‍ 44പവന്‍ സ്വര്‍ണം വരെ നിക്ഷേപമായി നല്‍കിയവരുമുണ്ട്. സ്വര്‍ണം പണയപ്പെടുത്തി പണം വായ്പ വാങ്ങുകയും യഥാസമയം പണം തിരിച്ചു നല്‍കിയിട്ടും ആഭരണം മടക്കി ലഭിക്കാത്തവരും പരാതിക്കാരിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."